ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
1 min readആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 24 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളോടെ തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 രൂപ മുതല്‍മുടക്കില്‍ നടത്തുന്ന നവീകരണത്തിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും.
ഡിജിറ്റല്‍ യുഗത്തിലെ പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തി ആദ്യഘട്ട നവീകരണം 63.6 കോടി രൂപ ചെലവിലാണ് നടത്തുക. പുറംവാതില്‍ ചിത്രീകരണത്തിനുള്ള പരമ്പരാഗത തറവാടുകള്‍, പൂന്തോട്ടം, അമ്പലങ്ങള്‍, പള്ളി, പോലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, ആവി എന്‍ജിന്‍, ട്രെയിന്‍ ബോഗികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സെറ്റുകളും സജ്ജമാക്കും.
പുറംവാതില്‍ ചിത്രീകരണത്തിനാവശ്യമായ ആധുനിക ക്യാമറകള്‍, ലൈറ്റുകള്‍, ഡോള്‍ബി അറ്റ്മോസ്, മിക്സ് തിയേറ്റര്‍, വെബ് ബ്രോഡ്കാസ്റ്റ്, ഒറ്റിറ്റി, സിനിമാ പ്ലാറ്റ്ഫോമുകള്‍ക്ക് അനുയോജ്യമായ മീഡിയ പോസ്റ്റ് സംവിധാനം, ബേസ് ലൈറ്റ് വി-5, ഡാവിഞ്ചി കളര്‍ ഗ്രേഡിംഗ് സ്യൂട്ടുകള്‍, ചലച്ചിത്ര വിതരണത്തിനുള്ള ഒറ്റിറ്റി പ്ലാറ്റ്ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തിനുള്ള എല്ലാ സൗകര്യങ്ങളും ചിത്രഞ്ജലിയില്‍ സജ്ജമാകും. അടുത്ത ഏഴ് മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ മലയാള ചിത്രങ്ങള്‍ക്കു പുറമെ അന്യഭാഷാ, വിദേശ ചിത്രങ്ങളുടെ നിര്‍മാണത്തിനുള്ള കേന്ദ്രമായി ചിത്രാഞ്ജലി മാറുമെന്നാണ് പ്രതീക്ഷ.