സിനിമകള്‍ കാണിക്കാന്‍ ബുക്ക്‌മൈഷോ സ്ട്രീം
600 ഓളം മൂവി ടൈറ്റിലുകളും 72,000 ത്തിലധികം മണിക്കൂര്‍ ഉള്ളടക്കവും പുതിയ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരിക്കും
കൊവിഡ്19 മഹാമാരിക്കിടെ ബുക്ക്‌മൈഷോ തങ്ങളുടെ പുതിയ വീഡിയോ ഓണ്‍ ഡിമാന്‍ഡ് (വിഒഡി) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ‘ബുക്ക്‌മൈഷോ സ്ട്രീം’ ഇന്ത്യയില്‍ അവതരിപ്പിച്ചു. 600 ഓളം മൂവി ടൈറ്റിലുകളും 72,000 ത്തിലധികം മണിക്കൂര്‍ ഉള്ളടക്കവും പുതിയ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരിക്കും. വാങ്ങുകയോ വാടക നല്‍കുകയോ ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ഈ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ കാണാം. മൊബീല്‍ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റിലൂടെ സിനിമകള്‍ സ്ട്രീം ചെയ്യുകയോ ഓഫ്‌ലൈനായി കാണുന്നതിന് ഡൗണ്‍ലോഡ് ചെയ്യുകയോ ആവാം.
ആപ്പിള്‍ ടിവി, ആന്‍ഡ്രോയ്ഡ് ടിവി, ഫയര്‍ സ്റ്റിക്ക്, ക്രോംകാസ്റ്റ് ഉപയോഗിക്കുന്നവര്‍ക്കും ‘ബുക്ക്‌മൈഷോ സ്ട്രീം’ ലഭ്യമായിരിക്കും. ഇപ്പോള്‍ ടിവിഒഡി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതോടെ വിപണിയിലെ നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബുക്ക്‌മൈഷോ. കൊവിഡ്19 മഹാമാരി വിനോദ വ്യവസായത്തെ വളരെയധികം ബാധിച്ചിരുന്നു.
ബുക്ക്‌മൈഷോ ഉപയോക്താക്കള്‍ക്ക് മൂവികള്‍ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം. ലഭ്യത, സ്ട്രീമിംഗ് ക്വാളിറ്റി എന്നിവയനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടായിരിക്കും. ഉദാഹരണത്തിന്, വണ്ടര്‍ വുമണ്‍ 1984 (എച്ച്ഡി) ഇപ്പോള്‍ വാങ്ങുന്നതിന് 799 രൂപയും റെന്റ് വേര്‍ഷന് 499 രൂപയുമാണ് വില. കൂടാതെ, ടെനറ്റ് വാങ്ങാന്‍ മാത്രമാണ് കഴിയുക. 799 രൂപയാണ് (എച്ച്ഡി) വില. വാടകയ്ക്ക് ലഭിക്കില്ല. ചില മൂവി ടൈറ്റിലുകള്‍ സ്റ്റാന്‍ഡേഡ് ക്വാളിറ്റി വേര്‍ഷനിലും ലഭിക്കും. അതുകൊണ്ടുതന്നെ എച്ച്ഡി വേര്‍ഷനേക്കാള്‍ വില കുറവായിരിക്കും. എലോണ്‍, യെസ് ഗോഡ് യെസ്, ദ പീനട്ട് ബട്ടര്‍ ഫാല്‍ക്കണ്‍, ദ ഗില്‍റ്റി, ലെസ് മിസറബിള്‍സ്, അണ്‍ഹിങ്ഡ് ആന്‍ഡ് കോമ എന്നീ സിനിമകള്‍ ബുക്ക്‌മൈഷോ സ്ട്രീം പ്ലാറ്റ്‌ഫോമില്‍ മാത്രമായി ലഭിക്കും.
ബുക്ക്‌മൈഷോ സ്ട്രീം പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര സിനിമകള്‍ ലഭ്യമാക്കുന്നതിനായി സോണി പിക്‌ച്ചേഴ്‌സ്, വാര്‍ണര്‍ ബ്രദേഴ്‌സ്, യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സ് എന്നിവയുമായി ഓണ്‍ലൈന്‍ ടിക്കറ്റിംഗ് കമ്പനി പങ്കാളിത്തം സ്ഥാപിച്ചുകഴിഞ്ഞു. വയാകോം18, ഷെമാരൂ, രാജ്ശ്രീ പ്രൊഡക്ഷന്‍സ്, ദിവോ, സില്ലിമങ്ക്‌സ് തുടങ്ങി ഇന്ത്യയിലെ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളും പങ്കാളികളാണ്. രണ്ട് പതിറ്റാണ്ടിലേറെക്കാലം ഉപയോക്താക്കളെ പഠിച്ചതിന്റെയും ഡാറ്റ അപഗ്രഥനത്തിന്റെയും അടിസ്ഥാനത്തിലാണ് ‘ബുക്ക്‌മൈഷോ സ്ട്രീം’ അവതരിപ്പിക്കുന്നതെന്ന് ബുക്ക്‌മൈഷോ സിനിമാസ് വിഭാഗം സിഒഒ ആശിഷ് സക്‌സേന പറഞ്ഞു.