ലഡാക്കിലെ ചൈനയുടെ നുഴഞ്ഞുകയറ്റം ‘മാവോയുടെ അധിനിവേശ തന്ത്രത്തില്‍ വേരൂന്നിയത്’
1 min read‘രാജ്യാതിര്‍ത്തി വിസിപ്പിക്കല്‍’ ചൈനീസ് ഡിഎന്‍എയുടെ ഭാഗം
ഇന്നും ബെയ്ജിംഗിന് രാജവാഴ്ചക്കാലത്തെ മാനസികാവസ്ഥ
പുതിയ യുഎസ് സര്‍ക്കാരില്‍ പ്രതീക്ഷ പുലര്‍ത്തി ടിബറ്റുകാര്‍
ന്യൂഡെല്‍ഹി: ലഡാക്കിലേക്ക് ചൈന നടത്തിയ കടന്നുകയറ്റം ബെയ്ജിംഗിന്റെ രാജവാഴ്ചക്കാലത്തെ (മിഡില്‍ കിംഗ്ഡം) മാനസികാവസ്ഥയിലും ഈ പ്രദേശത്തിനായുള്ള ചെയര്‍മാന്‍ മാവോയുടെ അധിനിവേശ തന്ത്രത്തിലും (ഫൈവ് ഫിംഗര്‍ സ്ട്രാറ്റജി ) വേരൂന്നിയതാണെന്ന് സെന്‍ട്രല്‍ ടിബറ്റന്‍ അതോറിറ്റി (സിടിഎ) പ്രസിഡന്റ് ലോബ്‌സാങ് സംഗേ. 2017ല്‍ ഡോക്‌ലാമില്‍ ഇരുരാജ്യങ്ങളുടെയും സേനകള്‍ നേര്‍ക്കുനേര്‍ വരാന്‍ കാരണമായതും പീപ്പിള്‍സ് റിപ്പബ്ലിക് സ്ഥാപകനായ മാവോയുടെ ആറ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്ന് സംഗേ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യാ നരേറ്റീവിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ചൈനയുടെ നയങ്ങള്‍ക്കെതിരെ മനസുതുറന്നത്.
ചൈനയുടെ ഈ നയത്തെക്കുറിച്ച് താന്‍ പലതവണ (ഇന്ത്യന്‍) ദേശീയ ടെലിവിഷനില്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ടിബറ്റിനെ ബെയ്ജിംഗ് ഉള്ളംകൈയ്യായി കണക്കാക്കുന്നു. അത് കീഴടക്കിയശേഷം പിന്നെ അഞ്ച് വിരലുകളിലേക്ക് (ഫൈവ് ഫിംഗേഴ്‌സ്) നീങ്ങാം. ലഡാക്ക് സ്വന്തമായാല്‍ ബാക്കി വിരലുകളായി അവര്‍ കണക്കാക്കുന്നത് നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ എന്നിവയാണ്. അതിനിടയില്‍ ഉത്തരാഖണ്ഡും ഹിമാചലും ഉണ്ട്. എന്നാല്‍ ഈ നയം 1950കളിലായിരുന്നു. 60 വര്‍ഷത്തിനുശേഷവും ഗാല്‍വാനിലേക്കും ഡോക്‌ലാമിലേക്കും ബെയ്ജിംഗ് കടന്നു കയറുമ്പോള്‍ അവര്‍ അന്നു പ്രഖ്യാപിച്ച നയത്തെയാണ് പിന്തുടരുന്നത് എന്ന് വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈന നേപ്പാളിലും ബര്‍മയിലും മാത്രമല്ല, ഇന്ത്യന്‍ പ്രദേശത്തും ഇടപെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും സംഗേ വ്യക്തമാക്കി.
‘രാജ്യാതിര്‍ത്തി വിസിപ്പിക്കല്‍’ ചൈനീസ് ഡിഎന്‍എയുടെ ഭാഗമാണ്. ഇത് ബെയ്ജിംഗിന്റെ ആഴത്തില്‍ വേരൂന്നിയ രാജവാഴ്ചക്കാലത്തെ മാനസികാവസ്ഥയില്‍ വേരൂന്നിയതാണെന്ന വസ്തുത സംഗേ വിശദീകരിച്ചു. ‘സോങ്ഗുവോ (ചൈനയുടെ പൊതുവായി അറിയപ്പെടുന്ന പേര്) എന്നതിന്റെ അര്‍ത്ഥം മിഡില്‍ കിംഗ്ഡം എന്നാണ്. അവര്‍അന്ന് കരുതിയിരുന്നത് ചുറ്റിലുള്ളവരെല്ലാം അപരിഷ്‌കൃതരാണ് എന്നാണ്. ടിബറ്റുകാരെയും ഇന്ത്യക്കാരെയും അവര്‍ ഈ ഗണത്തില്‍ പെടുത്തി. കൂടാതെ ഏറ്റവും വലിയ നാഗരികത, വംശം എല്ലാം അവരുടേതാണ് എന്ന കാഴ്ചപ്പാടുമുണ്ടായിരുന്നു . അവര്‍ നിങ്ങളുടെ പ്രദേശത്തേക്ക് വ്യാപിക്കുകയില്ലെന്ന് കരുതുന്നുണ്ടെങ്കില്‍ സാമ്രാജ്യത്വ ചൈനയെയോ മിഡില്‍ കിംഗ്ഡം എന്ന ആശയത്തെയോ നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. ഇക്കാരണങ്ങള്‍കൊണ്ടാണ് അവര്‍ നേപ്പാളിലും മ്യാന്‍മറിലും ഉള്‍പ്പടെ എല്ലാ അയല്‍ രാജ്യങ്ങളിലും ഇടപെടല്‍ നടത്തുന്നത്്. ഇന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് പില്‍എയും കടന്നുകയറുകയാണെന്നും സോംഗെ നിരീക്ഷിക്കുന്നു.
2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അനൗപചാരിക ഉച്ചകോടിക്കായി ചെന്നൈയിലെത്തിയിരുന്നു. അന്ന് പക്ഷേ ലഡാക്ക് ആക്രമണത്തിന്റെ ഗൂഢാലോചന ബെയ്ജിംഗ് നടത്തുകയായിരുന്നു. കാരണം 10,000 മുതല്‍ 30,000വരെ സൈനികരെയും അവര്‍ക്കുള്ള അനുബന്ധ വസ്തുക്കളും മറ്റും ഗാല്‍വാന്‍ പോലൊരു സ്ഥലത്ത് ഒരുക്കണമെങ്കില്‍ ആറുമാസം മുതല്‍ ഒരുവര്‍ഷംവരെ എടുക്കേണ്ടിവരുമെന്നും അദ്ദേഹം വിശദമാക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്കിടെ അടുത്ത ആക്രമണത്തിനുള്ള തയ്യാറെടുപ്പായിരുന്നു ചൈനീസ് പക്ഷത്ത് നടന്നത്.
ടിബറ്റിന്റെ കാര്യമെടുത്താല്‍ പ്രദേശത്തെ വിഭവങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. ഇക്കാരണത്താലാണ് പ്രദേശം അവര്‍ കീഴടക്കിയത്. ചൈനീസ് ഭാഷയില്‍ ടിബറ്റിന്റെ പേര് സിസാങ്ങ് എന്നാണ്. ഇതിനര്‍ത്ഥം പടിഞ്ഞാറന്‍ നിധി എന്നാണ്്.സ്വര്‍ണം, ചെമ്പ്, ലിഥിയം, യുറേനിയം എന്നിവ ടിബറ്റിലുണ്ട്. ചൈന ഉല്‍പ്പാദിപ്പിക്കുന്ന 70 ശതമാനം ലിഥിയവും ഇവിടെനിന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചെമ്പ് ഖനനം
ചെയ്യുന്നത് ടിബറ്റിലാണ്. 120 വ്യത്യസ്ത തരം ധാതുക്കള്‍ പ്രദേശത്തുണ്ട്. അതിനാല്‍ ഇവിടം പിടിച്ചെടുക്കുന്നതിലൂടെ ചൈന സമ്പന്നമാവുകയായിരുന്നു. ഏഷ്യയിലെ വാട്ടര്‍ ടവര്‍ എന്നും ടിബറ്റ് അറിയപ്പെടുന്നു. മെകോംഗ്, യെല്ലോ റിവര്‍, യാങ്സി, യാര്‍ലംഗ് സാങ്പോ (ബ്രഹ്മപുത്ര), സിന്ധു, കര്‍ണാലി എന്നിവയെല്ലാം ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാല്‍ ചൈനക്ക് സമ്പന്നമാകാന്‍ അവര്‍ ടിബറ്റിനെ പിടിച്ചെടുത്തു.
യുഎസില്‍ പുതുതായി അധികാരമേറ്റ ജോ ബൈഡന്‍ ഭരണകൂടത്തില്‍ തങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും സോംഗെ പറഞ്ഞു.ടി ബറ്റന്‍ ലക്ഷ്യത്തെ അവര്‍ പിന്തുണയ്ക്കുന്നുണ്ട്. ബൈഡന്‍ പ്രസിഡന്റ് ഒബാമയുടെ കാലയളവില്‍ വൈസ് പ്രസിഡന്റായിരുന്നു. ഒബാമ നാല്തവണ ദലൈലാമയെ സന്ദര്‍ശിച്ചത് അദ്ദേഹം എടുത്തു പറഞ്ഞു. ബൈഡന്‍ സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ദലൈലാമയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടിബറ്റില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യും. അതിനാല്‍, യുഎസിന്റെ നയം ടിബറ്റിനെ പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നവെന്ന് സോംഗെ പറഞ്ഞു. പക്ഷേ മിക്ക രാജ്യങ്ങളും ”ഒരു ചൈന” നയം തെരഞ്ഞെടുക്കുന്നതോടെ ടിബറ്റുകാര്‍ തങ്ങളുടെ പോരാട്ടത്തിന്റെ ലക്ഷ്യമായി സ്വയംഭരണാധികാരമോ ഒരു മധ്യ പാതയോ സ്വീകരിച്ചിട്ടുണ്ടെന്നും സംഗേ ചൂണ്ടിക്കാട്ടി.
മിക്ക രാജ്യങ്ങളും ഏക ചൈന നയത്തെ അംഗീകരിച്ചതാണ്. അതേസമയം ടിബറ്റന്‍ സമരം അഹിംസയില്‍ നിന്ന് വ്യതിചലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അഹിംസയുടെ പാതയിലൂടെ നീങ്ങിയാണ് മഹാത്മാ ഗാന്ധി പരാജയപ്പെടുത്തിയത്. അഹിംസയുടെ പാത പിന്തുടരാന്‍ ശക്തര്‍ക്ക് മാത്രമേ കഴിയൂ.
ടിബറ്റന്‍ പ്രശ്‌നം ദലൈലാമയുടെ വിശുദ്ധിക്കു കീഴില്‍ പരിഹരിക്കപ്പെട്ടാല്‍ അത് അക്രമത്തിന്റെയും ഭീകരതയുടെയും പാത ശരിയായ മാര്‍ഗമല്ലെന്ന് ലോകമെമ്പാടും ഒരു സന്ദേശമാകും അയയ്ക്കുക. ഇന്ന്് അഹിംസാ പോരാട്ടങ്ങള്‍ വിജയിക്കാനുള്ള പുതിയ അവസരങ്ങളാണ് ഡിജിറ്റല്‍ യുഗം പ്രകടിപ്പിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ടിബറ്റന്‍ പ്രതിനിധി സംഘത്തെ ക്ഷണിച്ച നടപടിയിലൂടെ തങ്ങളുടെ സമൂഹത്തിന് അദ്ദേഹം വളരെയധികം പ്രതീക്ഷകള്‍ പകുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
സമീപകാലത്തെ ബെയ്ജിംഗിന്റെ നടപടികളുടെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ ടിബറ്റന്‍ അതോറിറ്റി പ്രസിഡന്റ് ലോബ്‌സാങ് സംഗേയുടെ തുറന്നു പറച്ചിലിന് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വടക്കന്‍ സിക്കിമിലെ നാകു ലായില്‍ ഇരു സേനാ വിഭാഗങ്ങളും ഏറ്റുമുട്ടിയത്.സംഗേ പറയുന്നത് മാവോയുടെ കാലത്തെ നയങ്ങള്‍ അവര്‍ ഇന്നും പിന്തുടരുന്നു എന്നാണ്. അതിനെ സാധൂകരിക്കുന്ന സംഭവവികാസങ്ങളാണ് സമീപകാലത്തായി അതിര്‍ത്തിയില്‍ നടക്കുന്നത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ബെയ്ജിംഗ് ഗ്രാമം നിര്‍മിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതും ദിവസങ്ങള്‍ക്കുമുമ്പാണ്. ഇത് വ്യക്തമാക്കുന്നത് ഫൈവ് ഫിംഗര്‍ സ്ട്രാറ്റജി അവര്‍ ഇന്നും പിന്തുടരുന്നു എന്നാണ്.
പുറത്തു വരുന്ന വസ്തുതകള്‍ ഇന്ത്യക്ക് അനുകൂലമല്ല. ഇന്ത്യ അങ്ങേയറ്റം കരുതലിലുമാണ്. ഒരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന ബോധ്യം ബെയ്ജിംഗിനുണ്ട്. എന്നാല്‍ ക്രമേണ സമ്മര്‍ദത്തിലൂടെ അതിര്‍ത്തി പിന്നോട്ടു മാറ്റി വരക്കാനുള്ള് ശ്രമവും ഈ അവസരത്തില്‍ അവര്‍ നടത്തുന്നു. ലഡാക്ക് കടന്നു കയറ്റത്തിലൂടെ ബിസിനസ് , വ്യാപാര രംഗത്ത് വന്‍ തിരിച്ചടി ഏഷ്യന്‍ ശക്തികള്‍ നേരിട്ടിരുന്നു. അതില്‍നിന്ന് തിരിച്ചുവരേണ്ടതുണ്ട്. എന്നാല്‍ അതിര്‍ത്തികളില്‍ ചെറു പ്രശ്‌നങ്ങള്‍ നരന്തരം സൃഷ്ടിച്ച് അത് ഒരു സാധാരണ സംഭവമാക്കി മാറ്റുകയും ചെയ്യും.