ചൈനയുടെ കോറോണവാക് മൂന്ന് വയസ് കഴിഞ്ഞ കുട്ടികളില്‍ സുരക്ഷിതമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്
1 min readമൂന്ന് മുതല്‍ പതിനേഴ് വയസ് വരെയുള്ള കുട്ടികളിലെ അടിയന്തര ഉപയോഗത്തിന് ചൈന കൊറോണവാകിന് അനുമതി നല്‍കിയിരുന്നു.
ബീജിംഗ്: ചൈനീസ് കമ്പനിയായ സിനോവാകിന്റെ കോവിഡ്-19 വാക്‌സിനായ കൊറോണവാക് കുട്ടികളില്‍ ഉപയോഗിക്കാമെന്ന് പരീക്ഷണ റിപ്പോര്‍ട്ട്. മൂന്ന് വയസ് മുതല്‍ പതിനേഴ് വയസ് വരെയുള്ള കുട്ടികളില്‍ കൊറോണവാകിന്റെ രണ്ട് ഡോസുകള്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നും വാക്‌സിന്‍ മൂലം ശക്തമായ ആന്റിബോഡി പ്രവര്‍ത്തനം കുട്ടികളില്‍ ഉണ്ടായെന്നും വ്യക്തമാക്കുന്ന ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണഫലം ലാന്‍സെറ്റ് പുറത്തുവിട്ടു.
ഈ മാസം തുടക്കത്തില്‍ മൂന്ന് മുതല്‍ പതിനേഴ് വയസ് വരെയുള്ള കുട്ടികളിലെ അടിയന്തര ഉപയോഗത്തിന് ചൈന കൊറോണവാകിന് അനുമതി നല്‍കിയിരുന്നു. 550 കുട്ടികളില്‍ നടത്തിയ പരീക്ഷണത്തില്‍ സിനോവാകിന്റെ വാക്‌സിന്‍ മൂലം 96 ശതമാനം കുട്ടികളിലും കോവിഡ്-19ന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി പരീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ ഉപയോഗം മൂലം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ വളരെ കുറവാണെന്നും കുത്തിവെപ്പ് എടുത്തയിടത്തെ വേദന പോലുള്ള വളരെ നേരിയ പ്രശ്‌നങ്ങള്‍ മാത്രമാണ് കുട്ടികളും റിപ്പോര്‍ട്ട് ചെയ്തതെന്നും ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളില്‍ കൊറോണവാക് മൂലം ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടുവെന്നത് ആവേശജനകമായ കാര്യമാണെന്നും കൂടുതല്‍ മേഖലകളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നുമുള്ളവരെ പങ്കെടുപ്പിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും സിനോവാക് ലൈഫ് സയന്‍സസ് കമ്പനിയിലെ കിയാംഗ് ഗാവോ പറഞ്ഞു.
ചൈനയിലെ സാന്‍ഹുവാംഗ് കൗണ്ടിയില്‍ നിന്നുള്ള കുട്ടികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ 31നും ഡിസംബര്‍ 30നും ഇടയിലാണ് ചൈന കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം നടത്തിയത്. 28 ദിവസങ്ങളുടെ ഇടവേളയില്‍ കൊറോണവാകിന്റെ 1.5 മൈക്രോഗ്രാം മുതല്‍ 3 മൈക്രോഗ്രാം വരെയുള്ള രണ്ട് ഡോസുകള്‍ കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു. 550 പേരില്‍ 73 പേര്‍ക്ക് (13 ശതമാനം) മാത്രമാണ് കുത്തിവെപ്പ് എടുത്ത സ്ഥലത്ത് വേദന പോലുള്ള പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടത്.
അതേസമയം സാര്‍സ് കോവ് 2 മൂലമുള്ള രോഗബാധയില്‍ പ്രധാനപങ്ക് വഹിക്കുന്ന ടി സെല്ലുകളുടെ പ്രതികരണം കണ്ടെത്താനായില്ലെന്നത് പഠനത്തിന്റെ പ്രധാന പോരായ്മയാണെന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല, വളരെ കുറച്ച് പേരെ മാത്രമാണ് പഠനത്തില്‍ പങ്കെടുപ്പിച്ചതെന്നതും എല്ലാവരും ഹാന്‍ വംശത്തില്‍ ഉള്ളവരായിരുന്നുവെന്നതും പഠനത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാല്‍ പല സമുദായങ്ങളില്‍ നിന്നുള്ള നിരവധി പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പഠനത്തിലൂടെ മാത്രമേ വാക്‌സിന്റെ ഫലപ്രാപ്തിയും പാര്‍ശ്വഫലങ്ങളും സ്ഥിരീകരിക്കാന്‍ കഴിയൂ. മാത്രമല്ല, വാക്‌സിന്‍ സ്വീകരിച്ച കുട്ടികളെ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നിരീക്ഷിച്ചെങ്കില്‍ മാത്രമേ വാക്‌സിന്‍ ഉപയോഗം മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു.
ഇന്ത്യയില്‍ പൂണൈയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) കുട്ടികള്‍ക്ക് വേണ്ടിയുള്ള കോവിഡ്-19 വാക്‌സിനായ നോവവാക്‌സിന്റെ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും കോവാക്‌സിന്‍, ബിബിവി154 എന്നിങ്ങനെ രണ്ട് വാക്‌സിനുകള്‍ കുട്ടികള്‍ക്കായി വികസിപ്പിക്കുന്നുണ്ട്. ഇത് ഒറ്റഡോസുള്ള മൂക്കിലൂടെ നല്‍കുന്ന വാക്്‌സിനാണ്. സൈഡസിന്റഫെ സൈകോവ് ഡി എന്ന കോവിഡ്-19 വാക്‌സിന്‍ പന്ത്രണ്ട് വയസ് മുതല്‍ പതിനെട്ട് വയസ് വരെയുള്ള കുട്ടികളില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഇവയെല്ലാം ഉടന്‍ തന്നെ വിപണിയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അമേരിക്കന്‍ ഔഷധ നിര്‍മ്മാണ കമ്പനിയായ ഫൈസറും 12 വയസിന് മുകളിലുള്ള കുട്ടികളില്‍ തങ്ങളുടെ വാക്‌സിന്‍ സുരക്ഷിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.