അതിര്‍ത്തിയിലെ സന്നദ്ധസേന രൂപീകരണം; ചൈന ടിബറ്റുകാരെ റിക്രൂട്ടുചെയ്യുന്നു
1 min readന്യൂഡെല്‍ഹി: ഇന്ത്യനതിര്‍ത്തി പ്രദേശങ്ങളില്‍ ‘സന്നദ്ധസേന’ രൂപീകരിക്കുന്നതിനായി ചൈനീസ് സേന ടിബറ്റിലെ തൊഴിലില്ലാത്ത യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ നിരന്തരം നിരീക്ഷിക്കണമെന്നും സൈനിക രഹസ്യാന്വേഷണ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയുമായുള്ള ചൈനയുടെ 3,488 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഭൂരിഭാഗവും ടിബറ്റിലൂടെയാണ് കടന്നുപോകുന്നത്. ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ ഇത് നീണ്ടുകിടക്കുന്നു.
ലഡാക്കില്‍ ഇന്ത്യയും ചൈനയും ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്നതിനിടയിലാണ് സന്നദ്ധസേനയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അധികൃതരുടെ ശ്രമം. രഹസ്യാന്വേഷണവൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) പോലീസ് അധികാരികളും സിക്കിമിന് എതിര്‍വശത്തുള്ള യാദോംഗ് കൗണ്ടിയില്‍ നിന്നും മേഖലയിലെ മറ്റ് അയല്‍പ്രദേശങ്ങളില്‍ നിന്നും തൊഴിലില്ലാത്ത യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ്.
പരിശീലനത്തിനും തുടര്‍ന്നുള്ള ജോലികള്‍ക്കുമായി ഈ കേഡര്‍മാരെ പോലീസ്, പിഎല്‍എ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്ന് ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അതിര്‍ത്തി നിയന്ത്രിക്കുന്നതിനുള്ള ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ മാറിയ കാഴ്ചപ്പാടാണ് ഇവിടെ പ്രതിഫലിക്കുന്നത്. പോലീസ് കേന്ദ്രങ്ങളിലുള്ളവര്‍ക്ക് വാഹന ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണം, ഇമിഗ്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ഗ്രാമങ്ങളിലെ ക്രമസമാധാന പാലനം എന്നിവയില്‍ പരിശീലനം നല്‍കും. “രാജ്യം നന്നായി ഭരിക്കാന്‍ ഞങ്ങള്‍ ആദ്യം അതിര്‍ത്തികളെ നന്നായി നിയന്ത്രിക്കണം, അതിര്‍ത്തികളെ നന്നായി പരിപാലിക്കണമെങ്കില്‍ ആദ്യം ടിബറ്റില്‍ സ്ഥിരത ഉറപ്പാക്കണം,” എന്ന് ഷി 2013 ല്‍ പറഞ്ഞിരുന്നു.
അതേസമയം, പിഎല്‍എ പരിശീലിപ്പിച്ച യുവാക്കളെ ആവശ്യമുള്ളപ്പോള്‍ സാധാരണ ചൈനീസ് ആര്‍മി യൂണിറ്റുളെ ശക്തിപ്പെടുത്തുന്നതിനായി വിന്യസിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവരങ്ങള്‍രഹസ്യമായി ശേഖരിക്കുന്നതിന് എല്‍എസിയിലെ അതിര്‍ത്തി നിവാസികള്‍ക്ക് പിഎല്‍എ പരിശീലനം നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിര്‍ത്തി വിപണികളിലും ഗ്രാമങ്ങളിലും ഇവര്‍ക്ക് ഡ്യൂട്ടി നല്‍കാം. ഒരു പ്രത്യേക ടിബറ്റന്‍ ആര്‍മി യൂണിറ്റ് സൃഷ്ടിക്കാനുള്ള പദ്ധതികളോടെ മേഖലയില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവുകള്‍ ചൈന ശക്തമാക്കിയിട്ടുണ്ടെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലും സൂചനയുണ്ട്.
സന്നദ്ധസേനയുടെ റിക്രൂട്ട്മെന്‍റ് ഇന്ത്യയ്ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കില്ലെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. എന്നിരുന്നാലും, ഇരുവശത്തുമുള്ള ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് ഏതെങ്കിലും തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്തിന്‍റെ പ്രത്യേകത കണക്കിലെടുത്ത് ഏതെങ്കിലും തരത്തിലുള്ള രഹസ്യാന്വേഷണ ശേഖരണം ഏതൊരു വ്യക്തിക്കും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒന്നാമതായി, അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ ഭാഗത്തുള്ള സൈനികര്‍ക്ക് ആ മേഖലയുടെ പൂര്‍ണനിയന്ത്രണമുണ്ട്. അതിനാല്‍ ആര്‍ക്കെങ്കിലും അനായാസം കടന്നുവന്ന് ഇന്ത്യയിലേക്ക് കടക്കുക എളുപ്പമല്ല. ഏതാനും പ്രദേശങ്ങളില്‍, എല്‍എസിവരെ സൈനികര്‍ക്ക് എത്താനാകാത്ത സ്ഥലങ്ങളുമുണ്ട്. ആ പ്രദേശങ്ങള്‍ അത്യന്തം അപകടകരമാണ്. ഭൂപ്രദേശം വളരെ പരുക്കന്‍ ആയതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ഒത്തുചേരലിന് ഇത് സഹായിക്കുകയുമില്ലെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കാത്തിരുന്ന് നിരീക്ഷിക്കുക എന്നത് ഇപ്പോള്‍ വിവേകപൂര്‍ണമായ തീരുമാനമാണ്. ഈ നീക്കത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു. ‘1954 ല്‍ ടിബറ്റുമായുള്ള വ്യാപാരം സംബന്ധിച്ച കരാറില്‍ ടിബറ്റന്‍ സ്വയംഭരണ പ്രദേശം ചൈനയുടെ ഭാഗമാണെന്ന് പരാമര്‍ശിച്ചിരുന്നു. അതിനാല്‍, ചൈന ടിബറ്റന്‍ യുവാക്കളെ പ്രദേശത്ത് റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ തീരുമാനമാണ്. എല്‍ഐസിയില്‍ നാം നിരന്തരം ജാഗ്രത പാലിക്കണം, “ലഫ്റ്റനന്‍റ് ജനറല്‍ എസ് എല്‍ നരസിംഹന്‍ (റിട്ട) അഭിപ്രായപ്പെടുന്നു.
ചൈനീസ് സര്‍ക്കാര്‍ ടിബറ്റന്‍ ജനതയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും അടിച്ചമര്‍ത്തുന്ന നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് ജനങ്ങളാണ് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അവരെ ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യ അനുവദിച്ചു. ടിബറ്റന്‍ പ്രവാസി സര്‍ക്കാര്‍ ഇവിടെ നിന്നാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ദലൈലാമയുടെ ആസ്ഥാനവും ഇവിടെയാണ്. ഇന്ന് ഇവിടെ കഴിയുന്ന ടിബറ്റന്‍ ജനത ഇന്ത്യയെ സ്വന്തം വീടുപോലെ കരുതുന്നവരാണ്. ആയിരക്കണക്കിന് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഒരു സുരക്ഷാ യൂണിറ്റും കൂടിയാണ്. കഴിഞ്ഞ വര്‍ഷം എല്‍എസിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ പങ്കെടുത്തു. 1962 ല്‍ ചൈനയുമായുള്ള യുദ്ധത്തിന് തൊട്ടുപിന്നാലെയാണ് എസ്എഫ്എഫ് രൂപീകൃതമായത്.