സ്വന്തം സ്പേസ് സ്റ്റേഷനിലേക്ക് ആദ്യസഞ്ചാരികളെ അയച്ച് ചൈന
1 min read- ബഹിരാകാശരംഗത്ത് യുഎസിനെ വെല്ലുവിളിക്കാന്‍ ചൈന
- ആദ്യ ബഹിരാകാശ ശാസ്ത്രജ്ഞരെ അയച്ചത് വ്യാഴാഴ്ച്ച
- മൂന്ന് ആസ്ട്രോനട്ട്സ് ആണ് ചൈനീസ് ദൗത്യവുമായി യാത്രയായത്
ബെയ്ജിംഗ്: സ്വന്തമായി വികസിപ്പിച്ച സ്പേസ് സ്റ്റേഷനിലേക്ക് ആദ്യമായി ബഹിരാകാശ ശാസ്ത്രജ്ഞരെ അയച്ച് ചൈന. വ്യാഴാഴ്ച്ചയാണ് മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചൈനയുടെ സ്പേസ് സ്റ്റേഷനിലേക്ക് അയച്ചത്. നീ ഹയ്ഷെംഗ്, ലിയു ബോമിംഗ്, ടാംഗ് ഹോംഗ്ബോ എന്നിവരെയാണ് ഷെന്‍ഷൂ-12 സ്പേസ്ക്രാഫ്റ്റില്‍ വ്യാഴാഴ്ച്ച രാവിലെ ചൈനയുടെ സ്പേസ് സ്റ്റേഷനിലേക്ക് കുതിച്ചത്.
ചൈനയുടെ ബഹിരാകാശ ദൗത്യങ്ങളിലെ ഏറ്റവും നിര്‍ണായക ചുവടായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്‍ററില്‍ നിന്നായിരുന്നു ലോഞ്ച്. ദൗത്യം പൂര്‍ണ വിജയമാണെന്ന് ചൈന വ്യക്തമാക്കി. 2016ന് ശേഷം ആദ്യമായാണ് ചൈന ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുക്കുന്ന ചൈന ബഹിരാകാശരംഗത്തെ യുഎസ് അപ്രമാദിത്വം അവസാനിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് തങ്ങളുടെ ബഹിരാകാശ ശാസ്ത്രജ്ഞരെ അയക്കുന്നതില്‍ ചൈനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. യുഎസ്, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവരുടെ സംയുക്ത സംരംഭമാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്‍. ഈ വിലക്കിനെ തുടര്‍ന്നാണ് സ്വന്തമായി സ്പേസ് സ്റ്റേഷന്‍ വികസിപ്പിക്കാന്‍ ചൈന തീരുമാനിച്ചതും അത് സാധ്യമാക്കിയതും.