September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒറ്റ ഡോസുള്ള കോവിഡ്-19 വാക്‌സിന്‍ ചൈനയില്‍ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്

1 min read

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒരു ഡോസിലുള്ള കോവിഡ് വാക്‌സിന് അമേരിക്ക അനുമതി നല്‍കിയതിന് പിന്നാലെയാണ് ചൈനയിലും  Ad5-nCoV എന്ന സിംഗിള്‍ ഡോസ് വാക്‌സിന്‍ പുറത്തിറങ്ങിയിരിക്കുന്നത്

ബെയ്ജിംഗ്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒരു ഡോസുള്ള വാക്‌സിന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതിന് പിന്നാലെ ചൈനയും ഒരു ഡോസുള്ള കോവിഡ്-19 വാക്‌സിന് ഉപാധികളോടെ അനുമതി നല്‍കി. Ad5-nCoV എന്ന ചൈനയിലെ ആദ്യ സിംഗിള്‍ ഡോസ് കോവിഡ് വാക്്‌സിന്‍ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയതെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആദ്യഘട്ട മരുന്ന് പരീക്ഷണം ആരംഭിച്ച ഈ വാക്‌സിനാണ് ക്ലിനിക്കലായി പരീക്ഷിച്ച ലോകത്തിലെ ആദ്യ സിംഗിള്‍ ഡോസ് കോവിഡ്-19 വാക്‌സിനെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ചൈനയില്‍ ഉപാധികളോടെ അനുമതി ലഭിക്കുന്ന ആദ്യ സിംഗിള്‍ ഡോസ് കോവിഡ് വാക്‌സിനും ഇതാണെന്ന് ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വാക്്‌സിന്‍ സ്വീകരിച്ച് പതിനാല് ദിവസത്തിന് ശേഷമാണ് സ്വീകര്‍ത്താക്കളില്‍ കൊറോണ വൈറസിനെതിരായ പ്രതിരോധശേഷി കൈവരിക. ഒറ്റ ഡോസ് സ്വീകരിച്ചാല്‍ കുറഞ്ഞത് ആറ് മാസം വരെ വൈറസിനെതിരായ പ്രതിരോധശേഷി ശരീരത്തിലുണ്ടാകുമെന്നും ആദ്യ ഡോസ് എടുത്ത് ആറുമാസത്തിന് ശേഷം ഒരു ഡോസ് കൂടി എടുത്താല്‍ പ്രതിരോധ ശേഷി പത്ത് മുതല്‍ ഇരുപത് തവണ വരെ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

Ad5-nCoV അടക്കം അഞ്ച് കോവിഡ്-19 വാക്‌സിനുകള്‍ക്കാണ് ചൈന ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. സിനോവാക്. സിനോഫാം, കാന്‍സിനോബയോ, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ട്‌സിന്റെ വാക്‌സിന്‍ എന്നിവയാണ് നേരത്തെ ചൈന അംഗീകരിച്ചിട്ടുള്ള കോവിഡ്-19 വാക്‌സിനുകള്‍. പല രാജ്യങ്ങളിലേക്കും ചൈന ഈ വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഇതിനൊന്നിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

500 മില്യണ്‍ ഡോസുകളാണ് Ad5-nCoVന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വര്‍ഷം 500 ദശലക്ഷം ആളുകള്‍ക്ക് ഈ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കാന്‍സിനോ ബയോളജിക്‌സും ചൈനയിലെ മിലിട്ടറി സയന്‍സ് അക്കാദമിക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിലിട്ടറി മെഡിസിനില്‍ നിന്നുള്ള ഗവേഷകരും ചേര്‍ന്നാണ് Ad5-nCoV വികസിപ്പിച്ചത്. വാക്‌സിന്റെ ഫലപ്രാപ്തി തെളിയിക്കുന്നതിന് ആറുമാസത്തെ വിവരങ്ങള്‍ കൈവശമുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിലിട്ടറി മെഡിസിനിലെ പകര്‍ച്ചവ്യാധി വിദഗ്ധനും ഗവേഷകനുമായ ചെന്‍ വീ അവകാശപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ച് ആറുമാസം വരെ മറ്റൊരു ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്നും അതുകഴിഞ്ഞും പകര്‍ച്ചവ്യാധി കുറഞ്ഞില്ലെങ്കില്‍ മരുന്നിന്റെ ഫലപ്രാപ്തി ശക്തിപ്പെടുത്തുന്ന മറ്റൊരു വാക്‌സിന്‍ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും ചെന്‍ പറഞ്ഞു. ഇത് ആദ്യ ഡോസിന് ആറുമാസത്തിന് ശേഷം എടുത്താല്‍ മതി.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

ശനിയാഴ്ചയാണ് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ സിംഗിള്‍ ഡോസ് കോവിഡ്-19 വാക്‌സിന് അംഗീകാരം നല്‍കിയത്. ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ക്ക് ശേഷം അമേരിക്ക അനുമതി നല്‍കുന്ന മൂന്നാമത്തെ കോവിഡ്-19 വാക്‌സിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റേത്.

രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതിയിടുന്ന ചൈന കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയാണ്. മാത്രമല്ല മറ്റ് തന്ത്രപ്രധാന നേട്ടങ്ങള്‍ക്കായി വാക്‌സിന്‍ നയതന്ത്രം ഊര്‍ജിപ്പെടുത്താനും ചൈനയ്ക്ക് പദ്ധതിയുണ്ട്. അതേസമയം വാക്‌സിന്‍ നയതന്ത്രത്തില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോകത്തിന് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങള്‍ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും ആഭ്യന്തരമായ പരിമിതികളെ അതിജീവിച്ച് മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിനുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്നും ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചൈനയിലെ വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെന്‍ബിന്‍ പ്രതികരിച്ചു. നിലവില്‍ 53 രാജ്യങ്ങള്‍ക്ക് ചൈന വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും 27 രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ പല രാജ്യങ്ങള്‍ക്കും ചൈന ഉറപ്പ് നല്‍കിയ അളവില്‍ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3