ബജറ്റ് നിര്‍ദേശം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനമാകും
- ഡോ. വി.കെ. വിജയകുമാര്‍
(ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)
ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതില്‍ നിന്ന് സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഊന്നല്‍ വ്യക്തമാണ്. ഇതോടൊപ്പം 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂലധന ചെലവിനായി 11.11 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.4 ശതമാനം) വകയിരുത്തിയത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
മൂലധന നേട്ടത്തില്‍ നിന്നുള്ള നികുതി വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിപണിക്ക് പ്രതികൂലമാണ്. ഹ്രസ്വകാല മൂലധന നേട്ട (എസ്ടിസിജി) നികുതി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ത്തിയത് കടുത്ത തീരുമാനമാണ്. ദീര്‍ഘകാല നേട്ട (എല്‍ടിസിജി) നികുതി 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിച്ചത് പരിഗണിക്കുമ്പോള്‍ എല്‍ടിസിജി നികുതി ഇളവ് പരിധി 1 ലക്ഷം രൂപയില്‍ നിന്ന് 1.25 ലക്ഷം രൂപയായി ഉയര്‍ത്തിയത് വളരെ നേരിയതാണ്. ഓഹരി വാങ്ങുന്നവരുടെ കൈകളില്‍ നിന്ന് നികുതി ഈടാക്കുന്നതും വിപണിക്ക് പ്രതികൂലമാണ്. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് (എഫ് ആന്റ് എ) ട്രേഡിംഗിനു മേല്‍ ഉയര്‍ന്ന നികുതി ചുമത്തിയത് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. വിപണിയിലെ അമിതമായ ഊഹക്കച്ചവടങ്ങള്‍ കുറയ്ക്കുന്നതിന് ഇത് സഹായകമാകും. എയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാനുള്ള ബജറ്റ് നിര്‍ദേശം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനമാകും.