അഫ്ഗാനില്‍നിന്നുള്ള സേനാപിന്മാറ്റം വലിയതെറ്റെന്ന് ബുഷ്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ്, നാറ്റോ സൈനികരെ പിന്‍വലിക്കുന്നത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് അഭിപ്രായപ്പെട്ടു. “അഫ്ഗാന്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പറഞ്ഞറിയിക്കാനാവാത്ത ഉപദ്രവമുണ്ടാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു.കാബൂളില്‍ വിദേശ സൈനികര്‍ക്ക് പിന്തുണ നല്‍കിയ പരിഭാഷകരുടെ കാര്യത്തിലും തനിക്ക് ആശങ്കയുണ്ട്’ അദ്ദേഹം പറഞ്ഞു. ‘ക്രൂരന്മാരായ തീവ്രവാദികള്‍ ജനങ്ങളെ കശാപ്പുചെയ്യാനൊരുങ്ങുകയാണ്.അത് എന്‍റെ മനസ്സിനെ തകര്‍ക്കുന്നു,” ബുഷ് ജര്‍മ്മന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ക്ക് മെയ്നിലെ തന്‍റെ വീട്ടില്‍ നിന്ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2001 ല്‍ താലിബാനെതിരായ യുഎസ് നേതൃത്വത്തില്‍ യുദ്ധം ആരംഭിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വാക്കുകള്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. കാരണം യുഎസ് അഫ്ഗാനില്‍നിന്നും സേനാ പിന്മാറ്റം ആരംഭിച്ചതിനുശേഷം താലിബാന്‍ അവിടെ മുന്നേറുകയാണ്. യുദ്ധം ആരംഭിച്ച് 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ പിന്മാറ്റം. എന്നാല്‍ രാജ്യത്തെ പ്രതിസന്ധി പരിഹരിച്ചശേഷമല്ല യുഎസ് പിന്മാറുന്നത്. അതോടൊപ്പം അവരെ കൊടിയ പ്രശ്നത്തിലേക്ക് തള്ളിവിടുകയുമാണ്. യുഎസിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തെത്തുടര്‍ന്ന് 2001 ശരത്കാലത്തിലാണ് ബുഷ് അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനും പിന്‍വാങ്ങലിനെക്കുറിച്ച് സമാനഅഭിപ്രായമാണ് എന്നു തോന്നുന്നുവെന്ന് ബുഷ് കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനില്‍ നീണ്ടുനിന്ന യുദ്ധം ധാരാളം വിധവകളെയും അനാഥാരായ കുട്ടികളെയും സൃഷ്ടിച്ചതായി കാബൂളിലെ പത്രവര്‍ത്തകനായ അലി ലിത്തിഫി പറയുന്നു. ഇപ്പോള്‍ ബുഷ് ഈ അഭിപ്രായം പറയുന്നത് ഏറെ രസകരമായിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.യുഎസും നാറ്റോ സേനയും മെയ് ആദ്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറാന്‍ തുടങ്ങിയിരുന്നു. സൈന്യത്തിന്‍റെ പിന്‍വലിക്കല്‍ 90 ശതമാനത്തിലധികം പൂര്‍ത്തിയായതായി യുഎസ് സൈന്യം അടുത്തിടെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 31 നകം ഇത് പൂര്‍ത്തിയാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. രാഷ്ട്രീയവും സൈനികവുമായ നിയന്ത്രണം അഫ്ഗാന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
ഇത് താലിബാനുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഉദ്ദേശിച്ചാണ്. എന്നാല്‍ താലിബാന്‍ ആക്രമണം തുടരുകയാണ്. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ ഗ്രാമപ്രദേശങ്ങള്‍, നേരത്തെതന്നെ അവരുടെ നിയന്ത്രണത്തിലാണ്. ‘9/11 ഭീകരാക്രമണത്തില്‍ പങ്കെടുത്തവരെ ശിക്ഷിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞതായി ബൈഡന്‍ നേരത്തെ വ്യക്തമാക്കി. ഒസാമ ബിന്‍ ലാദനെ വകവരുത്തുകയും ചെയ്തു. അഫ്ഗാനിലെ ഭീകര ഭീഷണി കുറയ്ക്കാനും സാധിച്ചു. ഇക്കാരണത്താലാണ് യുഎസ് കാബൂളില്‍നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടില്ല. മാത്രമല്ല അവരുടെ ഭാവി തീരുമാനിക്കാനും അവരുടെ രാജ്യം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനും അഫ്ഗാന്‍ ജനതയുടെ മാത്രം അവകാശവും ഉത്തരവാദിത്തവുമാണ്.’
സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും ഭീഷണി ഉയര്‍ത്താന്‍ താലിബാന് ഇപ്പോഴും കഴിയുന്നുണ്ട്. ക്രമേണ ജില്ലകള്‍ ഒന്നൊന്നായി തീവ്രവാദികളുടെ പിടിയിലേക്ക് വീഴുകയാണ്. ഇതിന് അയല്‍ക്കാരായ പാക്കിസ്ഥാന്‍റെയും ചൈനയുടേയും അനുഗ്രഹവും പിന്തുണയും ഉണ്ട്. അഫ്ഗാന്‍ താലിബാന്‍റെ പിടിയിലായാല്‍ ദ്ക്ഷിണേഷ്യയില്‍ മറ്റൊരു അപകടകരമായ രാജ്യം കൂടിയാണ് പിറവിയെടുക്കുക.