സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ മോഷണക്കേസില്‍ എഫ്ഐആര്‍
കൊല്‍ക്കത്ത: കിഴക്കന്‍ മിഡ്നാപൂരിലെ കോണ്ടായി മുനിസിപ്പാലിറ്റിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചു എന്നാരോപിച്ച് പശ്ചിമ ബംഗാള്‍ നിയമസഭയ്ലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സഹോദരന്‍ സൗമേന്ദു അധികാരി എന്നിവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മെയ് 29 ന് കോണ്ടായി മുനിസിപ്പാലിറ്റി ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ അംഗം രത്നദീപ് മന്നയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മന്നയുടെ പരാതി പ്രകാരം – ഹിമാങ്ഷു മന്നയും പ്രതാപ് ദേയും രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ടാര്‍പോളിന്‍ ട്രക്ക് ലോഡ് കോണ്ടായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ഗോഡൗണില്‍ നിന്ന് കൊണ്ടുപോയി. ഇത് യാസ് ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനുവേണ്ടി സംഭരിച്ചവ ആയിരുന്നു. ഇപ്പോള്‍ ബിജെപിയിലെത്തിയ സുവേന്ദു അധികാരി, സൗമേന്ദു അധികാരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമാണിതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. കേന്ദ്ര സായുധ സേനയുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. ദുരന്തനിവാരണ നിയമം 2005 പ്രകാരം അധികാരി സഹോദരന്മാര്‍ക്കും രണ്ട് സഹായികള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
പരാതിയില്‍ ഉള്‍പ്പെട്ട പ്രതാപ് ദേയെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ പോലീസ് റിമാന്‍ഡ് ചെയ്തു. ഇതുവരെ പോലീസ് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം പ്രതികള്‍ എടുത്ത ദുരിതാശ്വാസ സാമഗ്രികള്‍ നന്ദിഗ്രാമിലെ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ വിതരണം ചെയ്തു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികാര നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. “അവര്‍ ഞങ്ങളുടെ അനുയായികളെ കൊല്ലുകയും നേതാക്കളെ തടവിലാക്കാന്‍ ശ്രമിക്കുകയുമാണ്,” ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. ശനിയാഴ്ച സുവേന്ദുവിന്‍റെ അടുത്ത അനുയായി രാഖല്‍ ബേരക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ജലസേചന മന്ത്രാലയത്തില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ബേരയും ചഞ്ചല്‍ നന്ദിയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയെതെന്ന് സുജിത് റോയ് എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 2019 ലാണ് ഇരുവരും റാക്കറ്റ് ആരംഭിച്ചതെന്നാണ് ആരോപണം. എഫ്.ഐ.ആറിലും ചഞ്ചല്‍ നന്ദി ഉണ്ട്. ഈസ്റ്റ് മിഡ്നാപൂര്‍ പോലീസ് നന്ദിയേയും മറ്റൊരു സഹായിയായ ഹിമാന്‍ഷുവിനേയും അന്വേഷിക്കുന്നു.