ബിജെപി നേതൃസ്ഥാനം: ബംഗാളില്‍ അസ്വാരസ്യങ്ങള്‍
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലര്‍
കൊല്‍ക്കത്ത: മുതിര്‍ന്ന നേതാക്കളുടെ പാര്‍ട്ടിയിലേക്കുള്ള കുത്തൊഴുക്ക് കാരണം പശ്ചിമ ബംഗാളില്‍ ബിജെപി സമ്മര്‍ദ്ദത്തിലാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. എന്നാല്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് പാര്‍ട്ടി പിന്നോക്കം പോകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന യൂണിറ്റില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നതായും പറയപ്പെടുന്നുണ്ട്. ഒരു നേതാവിനെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുന്നത് പാര്‍ട്ടിയില്‍ വിഭാഗീയതയെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ബിജെപിയില്‍ ഇന്ന് പാര്‍ട്ടി നേതാക്കള്‍ക്കു പുറമേ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും എത്തിയ മുതിര്‍ന്നവരുമുണ്ട്. അവരില്‍ പലര്‍ക്കും വലിയ ജനസ്വാധീനമുള്ളവരുമാണ്.
സംസ്ഥാന ബിജെപി പ്രസിഡന്റായ ദിലീപ് ഘോഷിനെ അവഗണിക്കാനാവാത്ത നേതാവാണ്. ബിജെപിക്ക് ബംഗാളില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് അദ്ദേഹത്തിന്റ പ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. അദ്ദേഹത്തോടടുത്ത നേതാക്കള്‍ ഘോഷിനെ മുന്നിലെത്തിക്കാനുള്ള തീവ്രശ്രമം നടത്തുന്നുമുണ്ട്. ഘോഷിനെ കൂടാതെ, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നെത്തിയ സുവേന്ദു അധികാരിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ മത്സരാര്‍ത്ഥിയായി മാറിയിട്ടുണ്ട്.
അധികാരിയുടെ സ്വന്തം തട്ടകമായ നന്ദിഗ്രാമില്‍ മമതാ ബാനര്‍ജി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ മൂല്യം ഉയര്‍ന്നു. നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്താനായില്ലെങ്കില്‍ താന്‍ രാഷ്ട്രീയം വിടും എന്നും അധികാരി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്വാധീനമാണ് ഈ പ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഇതുകൂടാതെ വളരെ മുന്‍പുതന്നെ തൃണമൂലില്‍നിന്ന് ബിജെപിയിലെത്തിയ മുകുള്‍ റോയിയും മികച്ച നേതാവാണ്. ടിഎംസിയുടെ അടിത്തറയിളക്കാന്‍ റോയിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. തന്നെയുമല്ല മമതയുമായി അഭിപ്രായ വ്യതാസമുള്ള നേതാക്കളെ ബജെപിയിലെത്തിക്കുന്നതിലും അദ്ദേഹം മികവുകാട്ടിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച പശ്ചിമ മിഡ്നാപൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബംഗാള്‍ ബിജെപിയുടെ യൂത്ത് മോര്‍ച്ച പ്രസിഡന്റും ബിഷ്ണുപൂര്‍ എംപിയുമായ സൗമീത്ര ഖാന്‍ ദിലീപ് ഘോഷ് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ധാരാളം ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ദിലീപ് ഘോഷ് ആണ് യഥാര്‍ത്ഥ നേതാവ്. അദ്ദേഹം വിവാഹിതനായിട്ടുമില്ല. ചെറുപ്പം മുതല്‍ തന്നെ ഘോഷ് സംഘത്തിനായി പ്രവര്‍ത്തിക്കുന്നു. പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ പാര്‍ട്ടി ഒരിടത്തും ഉണ്ടായിരുന്നില്ല. ഡാര്‍ജിലിംഗ് മുതല്‍ ജംഗിള്‍മഹല്‍ വരെ അദ്ദേഹം പോരാടിയിട്ടുണ്ട്. പക്ഷേ ഇന്ന് അദ്ദേഹത്തെ പലരും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.അദ്ദേഹം ഒരു ദിവസം നമ്മുടെ മുഖ്യമന്ത്രിയാകും” ഖാന്‍ പറഞ്ഞു.2019ലോ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് ഖാന്‍ ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.ഘോഷ് അടിത്തറയുള്ള നേതാവാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ള നേതാക്കള്‍ക്ക് ഒന്നോ രണ്ടോ ജില്ലകളില്‍ മാത്രമാണ് സ്വാധിനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ പാര്‍ട്ടി ഖാനെ ശാസിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറിയും ബംഗാള്‍ ചുമതലക്കാരനുമായ കൈലാഷ് വിജയവര്‍ഗിയയാണ് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയത്. ഖാന്റെ പ്രസ്താവനകള്‍ മറ്റ് പാര്‍ട്ടി നേതാക്കളുമായി നന്നായി പൊരുത്തപ്പെടാത്തതിനാല്‍ വിജയവര്‍ഗിയ പ്രകോപിതനായിരുന്നു. ഈ പ്രശ്‌നം ഉയര്‍ത്തിയ അലയൊലികള്‍ ഇന്ന് ബംഗാളിലെ പാര്‍ട്ടിയിലുണ്ട്. അത് മറികടന്നാല്‍ മാത്രമെ വംഗദേശത്ത് ബിജെപിക്ക് പ്രതീക്ഷ പുലര്‍ത്താനാകു. മറുപക്ഷത്ത് മമത വളരെ കരുത്തുറ്റ നിലയിലാണ്. പഴയ സിപിഎം പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കാനും ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നു.