ചൈനയുടെ സാമ്പത്തിക അധിനിവേശം; ദീര്‍ഘകാല തന്ത്രം ആവശ്യം: ബൈഡന്‍
1 min readവാഷിംഗ്ടണ്‍: ചൈനയുടെ സാമ്പത്തിക അധിനിവേശത്തിനെതിരെ മുന്നോട്ട് പോകാന്‍ ദീര്‍ഘകാല തന്ത്രത്തിന്‍റെ ആവശ്യമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. യൂറോപ്പിനോടും ഏഷ്യന്‍ സഖ്യകക്ഷികളോടും ബെയ്ജിംഗിന്‍റെ മത്സരത്തിനെതിരെ ഒപ്പം ചേരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. “അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയെ ദുര്‍ബലപ്പെടുത്തുന്ന നയമാണ് അവരുടേത്. അതിനെതിരെ നാം മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാവരും ഒരേ നിയമങ്ങള്‍ പാലിക്കണം” മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ നടത്തിയ വിര്‍ച്വലായി നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.
മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പസഫിക്കിലുടനീളം അഭിവൃദ്ധി കൈവരിക്കുന്നതിനും യുഎസും യൂറോപ്പും ഏഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. യുഎസ് ഏറ്റെടുക്കുന്ന ഏറ്റവും ഫലപ്രദമായ ശ്രമങ്ങളിലൊന്നാണിത്. ചൈനയുമായുള്ള മത്സരം ശക്തമായിരിക്കും. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, അതാണ് ഞാന്‍ സ്വാഗതം ചെയ്യുന്നത്. എല്ലാവരും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ യുഎസ് അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തന്‍റെ പ്രസംഗത്തില്‍ ബൈഡന്‍ തന്‍റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് ഉറപ്പ് നല്‍കി.
യുഎസ് മുന്‍പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കാലത്ത് ബെയ്ജിംഗുമായുള്ള ബന്ധം തീരെ വഷളായിരുന്നു. ഇറക്കുമതി ഇനങ്ങളില്‍ നികുതി വര്‍ധിപ്പിച്ച് ഇരു രാജ്യങ്ങളും വ്യാപാരയുദ്ധത്തിലുമാണ്. പ്രതിസന്ധിക്ക് ഇന്നും പൂര്‍ണപരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബൈഡന്‍ പ്രസിഡന്‍റാകുന്നത്. അദ്ദേഹത്തിന്‍റെ കാലത്ത് ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ടെന്ന് പൊതുവേ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഈ അവസരത്തിലാണ് ബൈഡന്‍റെ മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിലെ പ്രസംഗം. പ്രസിഡന്‍റായശേഷം ആദ്യമായായിരുന്നു ബൈഡന്‍ ഒരു അന്താരാഷ്ട്ര വേദിയില്‍ സംസാരിച്ചത്. അത് പക്ഷേ ചൈനക്ക് അനുകൂലമായിരുന്നില്ല.
യുഎസ്-ചൈന വ്യാപാര ബന്ധം പുനര്‍നിര്‍മിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. പക്ഷേ, ഒരു കരാറിന്‍റെ ആദ്യ ഘട്ടത്തിനുശേഷം 2020 ല്‍ ട്രംപ് ചൈനയുമായുള്ള അധിക വ്യാപാര ചര്‍ച്ചകള്‍ റദ്ദാക്കി. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതിനു പിന്നില്‍ ചൈനയാണെന്ന് ട്രംപ് ആരോപിക്കുകയും ചെയ്തു. ട്രംപിന്‍റെ “അമേരിക്ക ഫസ്റ്റ്”നയവും വിലങ്ങുതടിയായിരുന്നു. ഇത് അമേരിക്കയുമായി പണ്ടേ സഖ്യമുണ്ടായിരുന്ന ചില യൂറോപ്യന്‍ നേതാക്കളെയും അകറ്റി. അതേസമയം അമേരിക്കയുടെ അന്താരാഷ്ട്ര പങ്കാളികളുമായി ഊഷ്മളമായ ബന്ധമാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ബൈഡന്‍ വ്യക്തമാക്കി. “കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ ട്രാന്‍സ്-അറ്റ്ലാന്‍റിക് ബന്ധം വഷളാക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ യൂറോപ്പുമായി വീണ്ടും ബന്ധപ്പെടാന്‍ അമേരിക്ക ദൃഢനിശ്ചയത്തിലാണ്, “ബൈഡന്‍ തന്‍റെ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞു.
തന്‍റെ പരാമര്‍ശം നടത്തുന്നതിന് മുമ്പ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുണൈറ്റഡ് കിംഗ്ഡം, യുഎസ് എന്നിവ ഉള്‍പ്പെടുന്ന ജി 7 നേതാക്കളുമായി ബൈഡന്‍ ആശയവിനിമയം നടത്തിയിരുന്നു. ആ യോഗത്തെത്തുടര്‍ന്നുണ്ടായ സംയുക്ത പ്രസ്താവനയില്‍, ജി 7 ‘2021 നെ ബഹുരാഷ്ട്രവാദത്തിന്‍റെ വഴിത്തിരിവായി മാറ്റാന്‍ മറ്റുള്ളവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തതായും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനുകള്‍ വര്‍ധിച്ച അളവില്‍ ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിനുള്ള അന്താരാഷ്ട്ര സംരംഭമായ കോവാക്സിനായി അംഗരാജ്യങ്ങള്‍ 7.5 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്നും ജി 7 ന്‍റെ പ്രസ്താവന അറിയിച്ചു. പ്രസ്താവനയില്‍ ചൈനയെയും പരാമര്‍ശിക്കുന്നുണ്ട്.
“എല്ലാ ജനങ്ങള്‍ക്കും ന്യായവും പരസ്പര പ്രയോജനകരവുമായ ആഗോള സാമ്പത്തിക വ്യവസ്ഥയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ, ഞങ്ങള്‍ മറ്റുള്ളവരുമായി, പ്രത്യേകിച്ച് ചൈന പോലുള്ള വന്‍കിട സമ്പദ്വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ജി 20 രാജ്യങ്ങളുമായി ഇടപഴകും,” പ്രസ്താവന പറയുന്നു. ജനാധിപത്യമൂല്യങ്ങള്‍ക്കായി നാം നിലകൊള്ളണം എന്നഭിപ്രായപ്പെട്ട ബൈഡന്‍ അടിച്ചമര്‍ത്തല്‍ കുത്തകയാക്കി സാധാരണവല്‍ക്കരിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പും നല്‍കി. അവരെ പിന്തള്ളാന്‍ ആഹ്വാനവും ചെയ്തു.
“റഷ്യയുമായുള്ള വെല്ലുവിളികള്‍ ചൈനയുമായുള്ള വെല്ലുവിളികളേക്കാള്‍ വ്യത്യസ്തമായിരിക്കാം, പക്ഷേ അവ യഥാര്‍ത്ഥമാണ്,” ബൈഡന്‍ പറഞ്ഞു. അക്രമത്തിന്‍റെയോ ബലപ്രയോഗത്തിന്‍റെയോ ഭീഷണിയില്ലാതെ എല്ലാ രാജ്യങ്ങള്‍ക്കും സ്വന്തം പാത സ്വതന്ത്രമായി നിര്‍ണയിക്കാന്‍ കഴിയുന്ന ഒരു ഭാവി ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശീതയുദ്ധത്തിന്‍റെ ചേരികള്‍ മടങ്ങിവരാനും പാടില്ല”ബഡന്‍ പറഞ്ഞു.