September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് തുടക്കം; ആദ്യം തുടങ്ങുന്നത് 5 കോഴ്സുകള്‍

1 min read

കേരളത്തിന്‍റെ ബൃഹത്തായ മാനവശേഷിയെ കാലോചിതമായി പരിഷ്കരിക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് കേരളത്തില്‍ തുടക്കം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കേരളാ യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്ത് മംഗലപുരത്തുള്ള ടെക്നോസിറ്റിയിലെ 10 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ ആസ്ഥാനം സ്ഥാപിതമായിരിക്കുന്നത്.

വിവര സാങ്കേതിക രംഗത്തെ മികവിന്‍റെ കേന്ദ്രമായി കേരള സര്‍ക്കാര്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരളയുടെ പദവി ഉയര്‍ത്തിയാണ് ഡിജിറ്റല്‍ സര്‍വകലാശാലയാക്കി മാറ്റുന്നത്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളനിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

  കൊച്ചി കപ്പല്‍ശാലയിൽ ഡിസിഐ ഡ്രെഡ്ജ് ഗോദാവരിക്കായി കീല്‍ ഇട്ടു

പുതിയ കാലത്തിനനുസൃതമായി സാങ്കേതിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണ്. അതിനുതകുന്ന വിധത്തില്‍ ഊര്‍ജസ്വലമായ അക്കാദമിക ഗവേഷണവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കും. അക്കാദമിക സ്ഥാപനങ്ങള്‍ തമ്മിലും വ്യവസായ രംഗവുമായും ശക്തമായ ബന്ധം സ്ഥാപിക്കാന്‍ ഈ സര്‍വകലാശാലയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികസനവും പ്രയോഗവത്കരണവും സാമൂഹ്യപുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് ഈ സര്‍വകലാശാലയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്.

തുടക്കത്തില്‍ 5 വിഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ രംഗത്തെ ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യാനാവുന്ന വിധത്തില്‍ സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്‍ഡ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് ലിബറല്‍ ആര്‍ട്സ് എന്നിങ്ങനെയാണ് 5 വിഭാഗങ്ങള്‍.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

നാടിന്‍റെ പൊതുതാല്‍പര്യങ്ങള്‍ക്ക് ചേരുന്ന തരത്തില്‍ അപ്ലൈഡ് റിസര്‍ച്ച് പിന്തുടരുന്നതിനു പുറമെ; നാലാം വ്യാവസായിക വിപ്ലവമുന്നേറ്റത്തിന് അനുസൃതമായി കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്സ്, അപ്ളൈഡ് ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ സംബന്ധിയായ മാനവിക വിഷയങ്ങള്‍ എന്നിവ ആസ്പദമാക്കി ബിരുദാനന്തരബിരുദ പഠന സൗകര്യങ്ങളൊരുക്കും. അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായ പഠന-ഗവേഷണ-വ്യവസായ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ബയോ കമ്പ്യൂട്ടിങ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പഠനകേന്ദ്രങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ഹ്രസ്വകാല നൈപുണ്യവികസന പരിപാടികള്‍ക്കും ദീര്‍ഘകാല ഡിപ്ലോമാ പരിപാടികള്‍ക്കും ഈ സര്‍വകലാശാല ഊന്നല്‍ നല്‍കും.
2021ലെ ബജറ്റില്‍ കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന് ചുക്കാന്‍ പിടിക്കുന്നതിനുള്ള ചുമതലയും ഈ സര്‍വകലാശാലക്കാണ്. ഒന്നാം ഘട്ടമായി അക്കാദമിക് ബ്ലോക്കിന്‍റെയും ഹോസ്റ്റല്‍ ബ്ലോക്കിന്‍റെയും പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ലക്ഷ്യമിടുന്ന മൊത്തം സംവിധാനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 1200 പേര്‍ക്ക് ക്യാമ്പസ്സില്‍ താമസിച്ചു പഠിക്കാനാവും. സര്‍വകലാശാലയുടെ മറ്റു പരിപാടികളുമായി ബന്ധപ്പെട്ട പഠിതാക്കള്‍ക്ക് പുറമെയാണിത്.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

കേരളത്തെ വിജ്ഞാന അധിഷ്ഠിതമായ ഒരു സമൂഹമായി മാറ്റിത്തീര്‍ക്കാനുള്ള ഒരു മാര്‍ഗരേഖ ഇക്കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. കേരളത്തിന്‍റെ ബൃഹത്തായ മാനവശേഷിയെ കാലോചിതമായി പരിഷ്കരിച്ച് വിജ്ഞാന മേഖലയില്‍ കേരളത്തിന് നേതൃതലത്തില്‍ എത്തിക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും ഈ ഡിജിറ്റല്‍ സര്‍വകലാശാലയിലുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും അതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Maintained By : Studio3