മികച്ച വ്യക്തി ബന്ധങ്ങള്‍ രോഗശയ്യയിലുള്ളവരെ മരണത്തില്‍ നിന്നും രക്ഷിക്കും
1 min readആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സാമൂഹികമായ പിന്തുണ ലഭ്യമാക്കുന്നത് രോഗമുക്തി നേടാനും ആയുസ്സ് കൂട്ടാനും അവരെ സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് സാമൂഹികമായ പിന്തുണ ലഭ്യമാക്കുന്നത് രോഗത്തില്‍ നിന്ന് മോചിതരാകാനും കൂടുതല്‍ കാലം ജീവിക്കാനും അവരെ സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. രോഗീപരിചരണം മെച്ചപ്പെടുത്തുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പുതിയ വഴികള്‍ തേടുന്ന നിര്‍ണായക കാലഘട്ടത്തിലാണ് ആശ്വാസമേകുന്ന ഈ പുതിയ കണ്ടെത്തല്‍. ബ്രിഗം യങ് യൂണിവേഴ്‌സിറ്റിയുടെ(ബിവൈയു) പഠനറിപ്പോര്‍ട്ട് പ്ലോസ് ഡെിസിന്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എല്ലാ വ്യക്തികളിലും അവരുടെ സാമൂഹിക ചുറ്റുപാടുകള്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സര്‍വ്വകലാശാലയിലെ കൗണ്‍സിലിംഗ് സൈക്കോളജി പ്രഫസര്‍ ടിമോത്തി ബി സ്മിത്ത് പറഞ്ഞു. ബന്ധങ്ങള്‍ നമ്മുടെ സ്വഭാവത്തെയും ശാരീരിക ആരോഗ്യത്തെയും സ്വാധീനിക്കുന്നു. പരസ്പര ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടും നൈരാശ്യം കുറച്ചുകൊണ്ടും ആയുസ്സ് കൂട്ടാമെന്ന കണ്ടെത്തലാണ് തങ്ങളുടെ പഠനം നല്‍കുന്നതെന്നും ടിമോത്തി പറഞ്ഞു. ചികിത്സാ കേന്ദ്രങ്ങളില്‍ രോഗികളുടെ സാമൂഹികമായ ആവശ്യങ്ങളും പരിഗണിക്കപ്പെടണമെന്ന മുന്‍ പഠന റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് ബിവൈയു റിപ്പോര്‍ട്ട്. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ പലവിധ രോഗങ്ങള്‍ മൂലം ക്ലേശിക്കുന്ന നിരവധിയാളുകളെ കാണുന്നവരാണ് ഡോക്ടര്‍മാര്‍. ചികിത്സയ്‌ക്കൊപ്പം സാമൂഹികമായ പിന്തുണ കൂടി ലഭ്യമാക്കുന്നത് നിരാശ കുറയ്ക്കാനും മരണത്തില്‍ നിന്ന് രക്ഷപ്പെടാനും രോഗികളെ സഹായിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.
രോഗശയ്യയിലുള്ളവര്‍ക്ക് സാമൂഹികമായ പിന്തുണ ലഭ്യമാക്കുന്നതിന്റെ ഫലം അറിയുന്നതിനായി 40,000 രോഗികളെയാണ് ഗവേഷക സംഘം പഠനവിധേയമാക്കിയത്. മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചകളോ കുടുംബവുമായുള്ള ഒന്നുചേരലോ രോഗികളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് കാരണമായി. അതുവഴി വ്യായാമം ചെയ്യാനും ചികിത്സകള്‍ പൂര്‍ത്തിയാക്കാനും ഭക്ഷണക്രമത്തില്‍ ചിട്ട പാലിക്കാനും രോഗികള്‍ക്ക് താല്‍പ്പര്യം കൂടി. ഹൃദ്രോഗത്തില്‍ നിന്നും രോഗമുക്തി നേടിക്കൊണ്ടിരിക്കുന്ന ഒരു രോഗിക്ക് കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ ലഭ്യമാക്കുന്നത് പോലെത്തന്നെയാണ് ചികിത്സയിലുള്ള രോഗികള്‍ക്ക് സാമൂഹികമായ പിന്തുണ ലഭ്യമാക്കുന്നതെന്ന് ടിമോത്തി പറഞ്ഞു. പൊണ്ണത്തടി കുറയ്ക്കാനും മദ്യപാനം ഉപേക്ഷിക്കാനും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തുന്നത് എത്ര ഫലപ്രദമാകുമോ അതിന് സമാനമായ ഫലമാണ് ഇവിടെയുമുണ്ടാകുകയെന്നും അവര്‍ പറഞ്ഞു.
രോഗികള്‍ക്കുള്ള ചികിത്സ മെച്ചപ്പെടുത്താനും അവരെ മരണത്തില്‍ നിന്ന് രക്ഷിക്കാനും പരിശ്രമിക്കുന്ന ആശുപത്രികള്‍ക്കും ആതുരാലയ നടത്തിപ്പുകാര്‍ക്കുമാണ് ഈ കണ്ടെത്തല്‍ ഏറെ ആശ്വാസമാകുക. ആശുപത്രികളില്‍ രോഗികള്‍ക്ക് സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും ക്ലിനിക്കുകള്‍ ആരംഭിക്കാനും ഈ കണ്ടെത്തല്‍ വഴിതെളിക്കും. അകാല മരണസാധ്യത കുറയ്ക്കുന്നതടക്കം വ്യക്തി ബന്ധങ്ങളും മറ്റ് സാമൂഹിക ഘടകങ്ങളും രോഗികളുടെ ആരോഗ്യത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കിയതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു. അതിനാല്‍ തന്നെ ആരോഗ്യമേഖലയില്‍ ഇത്തരത്തിലുള്ള ഒരു മാറ്റം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ആത്യന്തികമായി ഡോക്ടര്‍മാരും മാനസികാരോഗ്യ വിദഗ്ധരും തമ്മിലുള്ള കൂട്ടായ ശ്രമമാണ് രോഗചികിത്സയില്‍ വേണ്ടത്. വലിയ ആശുപത്രിയില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങളുണ്ട്. രോഗിയുടെ അവസ്ഥ ഡോക്ടര്‍മാരില്‍ നിന്നും മനസിലാക്കിയതിന് ശേഷം രോഗിക്ക് മാനസികമായ പിന്തുണ നല്‍കുകയും ചികിത്സയ്ക്ക് അവരെ മാനസികമായി പ്രാപ്തരാക്കുകയും ചെയ്യുന്ന സൈക്കോളജിസ്റ്റുകള്‍ പല ആശുപത്രികളിലുമുണ്ട്. ചെറിയ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇത്തരമൊരു സംവിധാനമൊരുക്കണം.
രോഗങ്ങളോടുള്ള രോഗികളുടെ സമീപനം വ്യത്യസ്തതരത്തിലാണ്. ചിലര്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ തന്നെ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചികിത്സയ്ക്കായി മാനസികമായി ഒരുങ്ങുകയും ചെയ്യും. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേങ്ങള്‍ ചെവിക്കൊള്ളാതെ ചികിത്സ വൈകിപ്പിക്കും. രോഗമുണ്ടെന്ന് അറിയുന്നതോടെ പലരിലും നിരാശയും ഉത്കണ്ഠയും വര്‍ധിക്കും. ഇത്തരത്തിലുള്ള മാനസികമായ പ്രശ്‌നങ്ങളെല്ലാം സാമൂഹികമായ പിന്തുണ ലഭ്യമാക്കുന്നതിലൂടെ ഒഴിവാക്കാനാകും. വ്യക്തികളുടെ ആരോഗ്യത്തിലും മരണത്തിലും അവരുടെ ബന്ധങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍ ആശുപത്രികളില്‍ സോഷ്യല്‍ സപ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുന്നത് കൂടുതല്‍ കാലം ജീവിക്കാന്‍ രോഗികളെ സഹായിക്കും.