കൊവിഡ് രണ്ടാം തരംഗം : ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ബജാജ് ഓട്ടോ
കൊവിഡ് മൂലം ജീവനക്കാരന്‍ മരിച്ചാല്‍ കുടുംബത്തിന് രണ്ട് വര്‍ഷം വരെ ധനസഹായം ലഭിക്കും
കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ബജാജ് ഓട്ടോ പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 250 ലധികം കിടക്കകളുള്ള കൊവിഡ് കെയര്‍ സൗകര്യങ്ങള്‍ എല്ലാ പ്ലാന്റുകളിലും സജ്ജീകരിച്ചു. ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിന് ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമായി ബജാജ് ഓട്ടോ സഹകരിക്കുന്നു.
കമ്പനിയുടെ പുതിയ നയമനുസരിച്ച്, കൊവിഡ് മൂലം ജീവനക്കാരന്‍ മരിച്ചാല്‍ കുടുംബത്തിന് രണ്ട് വര്‍ഷം വരെ ധനസഹായം ലഭിക്കും. ആശ്രിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് അവര്‍ ഇഷ്ടപ്പെടുന്ന ഏത് മേഖലയിലും ബിരുദം നേടുന്നതുവരെ കമ്പനി സഹായിക്കും. മാത്രമല്ല മരണപ്പെട്ട ജീവനക്കാരന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും 5 വര്‍ഷത്തെ ആശുപത്രി ഇന്‍ഷുറന്‍സും ഉണ്ടായിരിക്കും.
കൊവിഡിനെതിരായ യുദ്ധത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വിവിധ സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടങ്ങള്‍, എന്‍ജിഒകള്‍ എന്നിവയ്ക്കായി ആകെ 300 കോടി രൂപ ബജാജ് ഓട്ടോ വാഗ്ദാനം ചെയ്തു. 12 ഓക്‌സിജന്‍ പ്ലാന്റുകള്‍, മറ്റ് ശ്വസനസഹായ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണിത്.