ആക്സിസ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധനവ്
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ആക്സിസ് ബാങ്ക് 6918 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. പത്തു ശതമാനം വര്‍ധനവോടെ 9601 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം ഒന്‍പതു ശതമാനം വര്‍ധിച്ച് 13,483 കോടി രൂപയിലെത്തി. ബാങ്കിന്‍റെ മൂലധന പര്യാപ്തതാ നിരക്ക് 16.61 ശതമാനമാണ്. കഴിഞ്ഞ 11 ത്രൈമാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്ത സ്ഥാപനങ്ങളിലൊന്ന് എന്ന നിലയില്‍ തുടരുന്ന ബാങ്ക് രണ്ടാം ത്രൈമാസത്തില്‍ 1.06 ദശലക്ഷത്തിലേറെ പുതിയ കാര്‍ഡുകളാണ് വിതരണം ചെയ്തത്. അള്‍ട്രാ ഹൈ നെറ്റ് വര്‍ത്ത് വിഭാഗത്തിനായുള്ള ബാങ്കിന്‍റെ ബര്‍ഗണ്ടി പ്രൈവറ്റില്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 28 ശതമാനം വര്‍ധിച്ചു. 12,591 കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ സേവനം നല്‍കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങളും, വിപുലീകരണവും സന്തുലനം ചെയ്തു മുന്നേറിയ ത്രൈമാസമായിരുന്ന കടന്നു പോയതെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ 150 പുതിയ ബ്രാഞ്ചുകളാണ് ആരംഭിച്ചത്. കൊല്‍ക്കൊത്തയില്‍ പുതിയ റീജണല്‍ ഓഫിസ് ആരംഭിച്ച് പ്രാദേശിക സാന്നിധ്യം ശക്തമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.