നാല് ഗെയിമിംഗ് ലാപ്‌ടോപ്പുകളുമായി അസൂസ് വീണ്ടും
ആര്‍ഒജി സെഫൈറസ് എസ്17, ആര്‍ഒജി സെഫൈറസ് എം16, ടഫ് ഗെയിമിംഗ് എഫ്15, ടഫ് ഗെയിമിംഗ് എഫ്17 ലാപ്‌ടോപ്പുകളാണ് അവതരിപ്പിച്ചത്
അസൂസ് ആര്‍ഒജി സെഫൈറസ് എസ്17, അസൂസ് ആര്‍ഒജി സെഫൈറസ് എം16, അസൂസ് ടഫ് ഗെയിമിംഗ് എഫ്15, അസൂസ് ടഫ് ഗെയിമിംഗ് എഫ്17 എന്നീ നാല് ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ എച്ച് സീരീസ് പ്രൊസസറുകളാണ് കരുത്തേകുന്നത്. എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 30 സീരീസ് ജിപിയുകളും നല്‍കി. അതിവേഗ ചാര്‍ജിംഗ് സാധ്യമാണ്. പൂജ്യത്തില്‍നിന്ന് അമ്പത് ശതമാനം ചാര്‍ജ് ചെയ്യുന്നതിന് മുപ്പത് മിനിറ്റ് മതി. അതിവേഗ റിഫ്രെഷ് നിരക്ക് ലാപ്‌ടോപ്പുകളുടെ മറ്റൊരു സവിശേഷതയാണ്. മിലിട്ടറി ഗ്രേഡ് ബില്‍ഡ് ലഭിച്ചതാണ് ടഫ് ഗെയിമിംഗ് എഫ്15, ടഫ് ഗെയിമിംഗ് എഫ്17 ലാപ്‌ടോപ്പുകള്‍. ആര്‍ഒജി സെഫൈറസ് എസ്17, ആര്‍ഒജി സെഫൈറസ് എം16 ലാപ്‌ടോപ്പുകള്‍ക്ക് സ്ലിം പ്രൊഫൈല്‍ നല്‍കി.
അസൂസ് ആര്‍ഒജി സെഫൈറസ് എസ്17 ലാപ്‌ടോപ്പിന് 2,99,990 രൂപ മുതലാണ് വില. അസൂസ് ആര്‍ഒജി സെഫൈറസ് എം16 മോഡലിന്റെ വില 1,44,990 രൂപയില്‍ തുടങ്ങുന്നു. 2021 മൂന്നാം പാദം മുതല്‍ രണ്ട് ലാപ്‌ടോപ്പുകളും വിവിധ കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കും. അസൂസ് ടഫ് ഗെയിമിംഗ് എഫ്15, അസൂസ് ടഫ് ഗെയിമിംഗ് എഫ്17 ലാപ്‌ടോപ്പുകള്‍ക്ക് യഥാക്രമം 1,04,990 രൂപയും 92,990 രൂപയുമാണ് വില. ടഫ് ഗെയിമിംഗ് എഫ്15 ലാപ്‌ടോപ്പിന്റെ വില്‍പ്പന ആരംഭിച്ചു. ടഫ് ഗെയിമിംഗ് എഫ്17 മോഡലിന്റെ വില്‍പ്പന ജൂണ്‍ 14 ന് തുടങ്ങും.