കൊറോണ രാജ്യത്ത് 41 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ഇല്ലാതാക്കി
1 min read15-24 പ്രായപരിധിയിലുള്ള യുവാക്കളെയാണ് അതിന് മുകളിലുള്ളവരേക്കാള്‍ തൊഴില്‍ പ്രതിസന്ധി അടിയന്തിരമായി ബാധിച്ചിട്ടുള്ളത്
ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരി മൂലം രാജ്യത്ത് 41 ലക്ഷം യുവാക്കള്‍ തൊഴില്‍ നഷ്ടത്തെ അഭിമുഖീകരിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. നിര്‍മാണ, കാര്‍ഷിക മേഖലയിലെ തൊഴിലാളികളാണ് തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഏറിയപങ്ക്. ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും സംയുക്തമായാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. “ഏഷ്യാ പസഫിക്കിലെ കോവിഡ് -19 യുവജന തൊഴില്‍ പ്രതിസന്ധിയെ നേരിടല്‍ ‘, എന്ന തലക്കെട്ടിലാണ് ഐഎല്‍ഒ-എഡിബി പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങിയിട്ടുള്ളത്.
പകര്‍ച്ചവ്യാധി മൂലം ഏഷ്യയിലെയും പസഫിക്കിലെയും യുവജനങ്ങളുടെ തൊഴിലവസരങ്ങള്‍ ശക്തമായി വെല്ലുവിളി നേരിടുകയാണ്. 15-24 പ്രായപരിധിയിലുള്ള യുവാക്കളെയാണ് അതിന് മുകളിലുള്ളവരേക്കാള്‍ തൊഴില്‍ പ്രതിസന്ധി അടിയന്തിരമായി ബാധിച്ചിട്ടുള്ളത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന സാമ്പത്തിക, സാമൂഹിക ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഗ്ലോബല്‍ സര്‍വേ ഓണ്‍ യൂത്ത് ആന്‍റ് കോവിഡ് -19’ ന്‍റെ പ്രാദേശിക വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് വിവിധ രാജ്യങ്ങളില്‍ ലഭ്യമായ തൊഴിലില്ലായ്മ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നിഗമനങ്ങളില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയില്‍ പകര്‍ച്ചവ്യാധി സമയത്ത്, സ്ഥാപനതലത്തിലുള്ള അപ്രന്‍റിസ്ഷിപ്പുകളില്‍ മൂന്നില്‍ രണ്ടു ഭാഗം കുറവുണ്ടായി. ഇന്‍റേണ്‍ഷിപ്പുകള്‍ 75 ശതമാനത്തോളം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസവും പരിശീലനവും കൃത്യമായി നിലനിര്‍ത്തുന്നതിനും ഭാവിയിലെ ആഘാതങ്ങള്‍ക്ക് കുറയ്ക്കുന്നതിനും വിപുലവും ദീര്‍ഘ വീക്ഷണത്തോടെയുള്ളതുമായ നടപടികള്‍ സ്വീകരിക്കാന്‍ ഏഷ്യാ-പസഫിക്കിലെ സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് അഭ്യര്‍ത്ഥിക്കുന്നു. കോവിഡ് 19 പ്രതിസന്ധിക്ക് മുമ്പുതന്നെ, ഏഷ്യയിലെയും പസഫിക്കിലെയും യുവാക്കള്‍ തൊഴില്‍ വിപണിയില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നു
2019ല്‍ ഈ മേഖലയിലെ യുവാക്കളുടെ (18-25) തൊഴിലില്ലായ്മാ നിരക്ക് 13.8 ശതമാനമായിരുന്നു. 25നു വയസിന് മുകളിലുള്ളവര്‍ക്ക് ഇത് 3 ശതമാനമായിരുന്നു.
നിലവിലെ പ്രതിസന്ധിയില്‍ യുവ തൊഴിലാളികളെ മൂന്നു തരത്തില്‍ ബാധിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ ജോലിസമയവും വരുമാനവും പോലുള്ള തൊഴില്‍ തടസ്സങ്ങളും തൊഴില്‍ നഷ്ടങ്ങളുമാണ് ആദ്യമായി വരുന്നത്. പഠനത്തിലും പരിശീലനത്തിലും തടസ്സങ്ങളും പഠനത്തില്‍ നിന്ന് ജോലിയിലേക്ക് മാറുന്നതിനുള്ള തടസങ്ങളും ഉണ്ടാകുന്നു. കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു ജോലിയിലേക്ക് മാറുന്നതിന് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ല്‍ ഏഷ്യയിലെയും പസഫിക്കിലെയും 13 രാജ്യങ്ങളിലായി 1 കോടി മുതല്‍ 1.5 കോടി വരെ യുവജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടാകാം എന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 25 വയസിനു താഴെയുളള വിഭാഗത്തിലെ തൊഴില്‍ നഷ്ടം വര്‍ധിക്കാന്‍ കാരണം പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച നാല് മേഖലകളില്‍ അവരുടെ പ്രാതിനിധ്യം ഉയര്‍ന്നതായിരുന്നു എന്നതാണ്. മൊത്ത-ചില്ലറ വ്യാപാരം, നിര്‍മ്മാണം, വാടകയും ബിസിനസ് സേവനങ്ങളും, താമസവും ഭക്ഷണ സേവനങ്ങളും എന്നിങ്ങനെയാണ് ഈ വിഭാഗങ്ങള്‍.