ഏപ്രില്‍-ഡിസംബര്‍ : ഇന്ത്യയുടെ മൊത്തം എഫ്ഡിഐ വരവ് 67.54 ബില്യണ്‍ ഡോളര്‍
1 min readമൂന്നാം പാദത്തില്‍ എഫ്ഡിഐയുടെ വരവ് 37 ശതമാനം വര്‍ധിച്ച് 26.16 ബില്യണ്‍ യുഎസ് ഡോളറിലെത്തി
ന്യൂഡെല്‍ഹി: 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം 67.54 ബില്യണ്‍ ഡോളറാണ്. ഒരു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്പത് മാസ കാലയളവില്‍ രാജ്യത്തിന് ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന എഫ്ഡിഐ വരവാണ് ഇത്. 2019-20 ലെ ആദ്യ ഒമ്പത് മാസ കാലയളവില്‍ രേഖപ്പെടുത്തിയ 55.14 ബില്യണ്‍ ഡോളറിന്‍റെ എഫ്ഡിഐ നിക്ഷേപത്തെ അപേക്ഷിച്ച് 22 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്.
എഫ്ഡിഐ ഇക്വിറ്റി വരവ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസങ്ങളില്‍ 40 ശതമാനം വര്‍ധനയോടെ 51.47 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 36.77 ബില്യണ്‍ ഡോളറായിരുന്നു. 2020-2021 മൂന്നാം പാദത്തില്‍ എഫ്ഡിഐയുടെ വരവ് 37 ശതമാനം വര്‍ധിച്ച് 26.16 ബില്യണ്‍ യുഎസ് ഡോളറിലെത്തി.
കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, എഫ്ഡിഐ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകവും വികസനത്തിനായുള്ള പ്രധാന വായ്പാ ഇതര മാര്‍ഗവുമാണ്. എഫ്ഡിഐ വലിയ അളവില്‍ പ്രാപ്തമാക്കുന്നതിനും നിക്ഷേപകന് അനുകൂലവുമായ എഫ്ഡിഐ നയം നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രതിരോധം ഉള്‍പ്പടെയുള്ള വിവിധ മേഖലകളിലെ എഫ്ഡിഐ നിയന്ത്രണ പരിധി കൂടുതല്‍ ഉദാരമാക്കിയിട്ടുമുണ്ട്. നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം പരിമിതമായി മാത്രമുള്ള വിവിധ മേഖലകളിലേക്ക് കൂടുതലായി വിദേശ നിക്ഷേപകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ആഗോളതലത്തില്‍ 42 ശതമാനം ഇടിവാണ് 2020ല്‍ എഫ്ഡിഐ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഉണ്ടായത്. 1990കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ആഗോള എഫ്ഡിഐയില്‍ കൊറോണ സൃഷ്ടിച്ചത്. എന്നാല്‍ ചില വന്‍ ഇടപാടുകളുടെ കൂടി ഫലമായി എഫ്ഡിഐയില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുകയായിരുന്നു. 9 മാസങ്ങള്‍ക്കു ശേഷം ചൈനയില്‍ നിന്നുള്ള എഫ്ഡിഐ നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കുന്നതും ഇപ്പോള്‍ ഇന്ത്യ പുനരാരംഭിച്ചിട്ടുണ്ട്.