ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളിലേക്ക് ആപ്പിള്‍ റിപ്പയര്‍ പ്രോഗ്രാം
നിലവില്‍ യുഎസ്, കാനഡ, യൂറോപ്പ് വിപണികളിലെ 1,500 ലധികം ലൊക്കേഷനുകളിലാണ് ആപ്പിളിന്റെ റിപ്പയര്‍ ദാതാക്കള്‍ പ്രവര്‍ത്തിക്കുന്നത്
ഇന്ത്യ ഉള്‍പ്പെടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ലോകത്തെ മിക്കവാറും എല്ലാ സ്ഥലങ്ങളിലേക്കും ആപ്പിള്‍ റിപ്പയര്‍ പ്രോഗ്രാം വിപുലീകരിക്കുന്നു. 2019 ല്‍ യുഎസിലാണ് ആപ്പിള്‍ റിപ്പയര്‍ പ്രോഗ്രാം ആദ്യമായി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം യൂറോപ്പിലേക്കും കാനഡയിലേക്കും വ്യാപിപ്പിച്ചു. നിലവില്‍ യുഎസ്, കാനഡ, യൂറോപ്പ് വിപണികളിലെ 1,500 ലധികം ലൊക്കേഷനുകളിലാണ് ആപ്പിളിന്റെ റിപ്പയര്‍ ദാതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സര്‍വീസ് കേന്ദ്രങ്ങളിലെ റിപ്പയര്‍ ടീമുകള്‍ക്ക് ആപ്പിള്‍ ഡിവൈസുകളുടെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ആപ്പിളുമായി സഹകരിച്ച് ഫോണുകളുടെ അഴിച്ചുപണി നടത്തുന്നവര്‍ക്ക് യഥാര്‍ത്ഥ പാര്‍ട്ടുകള്‍, ഉപകരണങ്ങള്‍, റിപ്പയര്‍ മാന്വലുകള്‍ എന്നിവ കമ്പനി കൈമാറും. വാറന്റി കഴിഞ്ഞുള്ള അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴുള്ള പരിശോധന സംബന്ധിച്ച് പരിശീലനം നല്‍കുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആപ്പിള്‍ വ്യക്തമാക്കി.
എല്ലാ വലുപ്പങ്ങളിലുമുള്ള യഥാര്‍ത്ഥ ആപ്പിള്‍ പാര്‍ട്ടുകള്‍, ഉപകരണങ്ങള്‍, റിപ്പയര്‍ മാന്വലുകള്‍ എന്നിവ എല്ലാ റിപ്പയര്‍ ദാതാക്കള്‍ക്കും ലഭ്യമാക്കുന്നതാണ് ആപ്പിള്‍ റിപ്പയര്‍ പ്രോഗ്രാം. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരിശോധനയും അഴിച്ചുപണികളും സുരക്ഷിതവും വിശ്വസനീയവുമെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ആപ്പിള്‍ ഉദ്ദേശിക്കുന്നത്.
ആപ്പിള്‍ റിപ്പയര്‍ പ്രോഗ്രാമിന്റെ ഭാഗമായ എല്ലാവര്‍ക്കും കമ്പനി സൗജന്യമായി പരിശീലനം നല്‍കും. മാത്രമല്ല, ആപ്പിള്‍ ഓതറൈസ്ഡ് സര്‍വീസ് പ്രൊവൈഡര്‍ (എഎഎസ്പി) കേന്ദ്രങ്ങളിലും ആപ്പിള്‍ സ്റ്റോറുകളിലും ലഭിക്കുന്ന അതേ യഥാര്‍ത്ഥ പാര്‍ട്ടുകള്‍, ഉപകരണങ്ങള്‍, റിപ്പയര്‍ മാന്വലുകള്‍ എന്നിവ ഇതേ റിപ്പയര്‍ ദാതാക്കള്‍ക്ക് കൈമാറും.
അതേസമയം, ആഗോളതലത്തിലെ 5,000 ലധികം ആപ്പിള്‍ ഓതറൈസ്ഡ് സര്‍വീസ് പ്രൊവൈഡര്‍ (എഎഎസ്പി) കേന്ദ്രങ്ങളില്‍ ഉപയോക്താക്കള്‍ക്കായി റിപ്പയര്‍ സൗകര്യം തുടരുമെന്ന് കമ്പനി വ്യക്തമാക്കി. വാറന്റി നിലനില്‍ക്കുന്നതും വാറന്റി കഴിഞ്ഞതുമായ എല്ലാ ആപ്പിള്‍ ഉല്‍പ്പന്നങ്ങളും ഇവിടെ സര്‍വീസ് ചെയ്യാം.
ആപ്പിള്‍ റിപ്പയര്‍ പ്രോഗ്രാമില്‍ ചേരുന്നതിന് ചെലവുകളില്ല. എന്നാല്‍ അഴിച്ചുപണികള്‍ നടത്തുന്നതിന് ആപ്പിള്‍ അംഗീകൃത ടെക്‌നീഷ്യന്‍ ഉണ്ടായിരിക്കുമെന്ന് റിപ്പയര്‍ ദാതാക്കള്‍ ഉറപ്പുനല്‍കേണ്ടിവരും. യോഗ്യരാകുന്ന റിപ്പയര്‍ ദാതാക്കള്‍ക്ക് എഎഎസ്പികളിലെ അതേ വിലയില്‍ യഥാര്‍ത്ഥ ആപ്പിള്‍ പാര്‍ട്ടുകളും ഉപകരണങ്ങളും വാങ്ങാം. മാത്രമല്ല, സൗജന്യ പരിശീലനം, റിപ്പയര്‍ മാന്വലുകള്‍ എന്നിവ ലഭിക്കുമെന്നും ആപ്പിള്‍ വിശദീകരിച്ചു.
മറ്റൊരു വാര്‍ത്തയായി, ആപ്പിള്‍ തങ്ങളുടെ മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ്, ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഗ്ലാസുകള്‍, ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) കോണ്‍ടാക്റ്റ് ലെന്‍സുകള്‍ എന്നിവ യഥാക്രമം 2022, 2025, 2030 വര്‍ഷങ്ങളില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു. നൂതന ഓഗ്മെന്റഡ് റിയാലിറ്റി സമ്മാനിക്കുന്നതിന് പതിനഞ്ച് കാമറ മോഡ്യൂളുകള്‍ സഹിതം മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റ് സോണിയുടെ മൈക്രോ ഒഎല്‍ഇഡി ഡിസ്പ്ലേകള്‍ ഉപയോഗിക്കാനാണ് സാധ്യത. ഓപ്റ്റിക്കല്‍ മോഡ്യൂളുകളും ഉണ്ടായിരിക്കും. 2022 ല്‍ വിപണിയിലെത്തുമ്പോള്‍ ആയിരം യുഎസ് ഡോളര്‍ (ഏകദേശം 73,000 ഇന്ത്യന്‍ രൂപ) വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കംപ്യൂട്ടിംഗ്, സ്റ്റോറേജ് ശേഷികള്‍ ഉണ്ടായിരിക്കും. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന വിആര്‍ ഉല്‍പ്പന്നങ്ങളേക്കാള്‍ വളരെ മികച്ച അനുഭവം നല്‍കുന്നതായിരിക്കും ഹെഡ്സെറ്റ്.
ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകളുടെ കാര്യത്തില്‍, ഇതുവരെ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്) ഇല്ലെങ്കിലും 2025 ല്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൊബീല്‍ ഫോണിന് സമാനമായ ഉല്‍പ്പന്നമായിരിക്കും എആര്‍ ഗ്ലാസുകള്‍. ഓണ്‍ബോര്‍ഡ് കംപ്യൂട്ടിംഗ് ശേഷിയോ സ്റ്റോറേജ് സൗകര്യമോ ഇല്ലാതെയായിരിക്കും ഓഗ്മെന്റഡ് റിയാലിറ്റി കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വരുന്നത്.