500 വിദ്യാര്‍ഥിനികള്‍ക്ക് ആമസോണ്‍ സ്കോളര്‍ഷിപ്പ്
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി ഇന്ത്യയിലെ ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിനു കീഴില്‍ 500 വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പുമായി ആമസോണ്‍ ഇന്ത്യ. സാങ്കേതിക വിദ്യയില്‍ കരിയര്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ തുറക്കുന്നതാണ് ഈ സ്കോളര്‍ഷിപ്പ്. സാങ്കേതിക വ്യവസായത്തില്‍ ഏറെ വൈവിധ്യവും പ്രോത്സാഹനവും ഉള്‍പ്പെടുത്തുന്നതിനും അടുത്ത തലമുറയിലെ വനിതാ നേതാക്കളെ ശാക്തീകരിക്കുന്നതിനുമുള്ള ആമസോണിന്‍റെ പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ സംരംഭം.
പ്രോഗ്രാമിന്‍റെ വിജയത്തെ അടിസ്ഥാനമാക്കി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ അനുബന്ധ പഠന മേഖലകളിലെ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥിനികള്‍ക്ക് 50,000 രൂപ പ്രതിവര്‍ഷം ലഭിക്കും. സാമ്പത്തിക സഹായത്തോടൊപ്പം സാങ്കേതിക വിദ്യയിലെ ഭാവി വനിതാ നേതാക്കള്‍ക്ക് സാങ്കേതിക മേഖലയില്‍ വിജയകരമായ കരിയര്‍ കെട്ടിപ്പെടുത്തുന്നതിന് ആമസോണ്‍ ജീവനക്കാരുടെ മെന്‍റര്‍ഷിപ്പും വിപുലമായ വ്യക്തിഗത കോഡിംഗ് ബൂട്ട് ക്യാമ്പുകളും ലഭിക്കും. ബൂട്ട് ക്യാമ്പുകളിലും വെബിനാറുകളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് തടസമില്ലാത്ത പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത ലാപ്ടോപ്പുകള്‍ നല്‍കുന്നതാണ്.