ഇത്തിഹാദിലെ മുഴുവന്‍ വിമാന ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചു
1 min read
അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്‌സിലെ പൈലറ്റുമാരും കാബിന്‍ ക്രൂവുമടക്കം മുഴുവന്‍ വിമാന ജീവനക്കാരും കോവിഡ്-19നെതിരായ വാക്‌സിന്‍ സ്വീകരിച്ചു. മുഴുവന്‍ വിമാന ജീവനക്കാരും വാക്‌സിന്‍ എടുത്ത ലോകത്തിലെ ആദ്യ വിമാനക്കമ്പനിയാണ് ഇത്തിഹാദ്. കൂടാതെ, കമ്പനിയിലെ മൊത്തം തൊഴിലാളികളുടെ 75 ശതമാനം പേരും ചുരുങ്ങിയത് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു.
കോവിഡ്-19യില്‍ നിന്ന് ജീവനക്കാര്‍ക്ക് പരിരക്ഷ നല്‍കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് യാതൊരു ഭയവുമില്ലാതെ സമാധാനത്തോടെ വിമാനയാത്ര നടത്താനുള്ള സൗകര്യമൊരുക്കുക കൂടിയായിരുന്നു കമ്പനിയുടെ ലക്ഷ്യമെന്ന് ഇത്തിഹാദ് സിഇഒ ടോണി ഡഗ്ലസ് പറഞ്ഞു. ഓരോ വിമാനയാത്രയ്ക്ക് മുമ്പും മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്ന ലോകത്തിലെ ഏക കമ്പനിയായിരുന്നു ഇത്തിഹാദെന്നും ഇപ്പോള്‍ കോവിഡിനെതിരെ പ്രതിരോധ കുത്തിവെപ്പെടുത്ത ജീവനക്കാരുമായി പറക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടവും ഇത്തിഹാദിനെ തേടിയെത്തിയെന്നും ഡഗ്ലസ് അവകാശപ്പെട്ടു.
‘പ്രോട്ടെക്റ്റഡ് ടുഗെതര്‍’ എന്ന എംപ്ലോയീ വാക്‌സിനേഷന്‍ യജ്ഞത്തിലൂടെയാണ് ഇത്തിഹാദ് മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കിയത്. കമ്പനിയുടെ കീഴിലുള്ള ഇത്തിഹാദ് എയര്‍വെയ്‌സ് മെഡിക്കല്‍ സെന്റര്‍ അബുദാബിയിലെ അംഗീകൃത വാക്‌സിനേഷന്‍ ക്ലിനിക്കുകളില്‍ ഒന്നാണ്. ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് ക്ലിനിക്കില്‍ വാക്‌സിനേഷന് സൗകര്യമുള്ളത്.