Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം നൂറു കടന്നു

1 min read

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാമത് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാമത് വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസാണ്. ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന കേന്ദ്രമാണ് ബാംഗ്ലൂര്‍. 100-ാമത് വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 100-ാമത്തെ വിമാനത്തിന്റെ വരവ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വളര്‍ച്ചയുടേയും മാറ്റത്തിന്റേറെയും സുപ്രധാന നാഴികകല്ലാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു. സ്വകാര്യവത്ക്കരണം പൂര്‍ത്തിയായി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു ലോ കോസ്റ്റ് എയര്‍ലൈനുമായുള്ള ലയനം, ആഭ്യന്തര, ഗള്‍ഫ്, തെക്ക് കിഴക്കന്‍ മേഖലകളിലെ കൂടുതല്‍ വിമാന സര്‍വീസുകള്‍, കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതും ആധുനികവുമായ വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ളവ നടപ്പാക്കാനായി. രാജ്യത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള തങ്ങളുടെ ശക്തമായ സാന്നിധ്യം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത് മുതല്‍ അതിവേഗ വളര്‍ച്ചയും നവീകരണവുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ടായത്. 26 ബോയിംഗ് 737എന്‍ജി, 28 എ320 വിമാനങ്ങളില്‍ നിന്നും ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 100 ആയി ഉയര്‍ന്നു. അതിവേഗ വിപുലീകരണത്തിന്റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂര്‍, ഹിന്‍ഡണ്‍, ജമ്മു, പാട്ന, ഫുക്കറ്റ്, പോര്‍ട്ട് ബ്ലെയര്‍ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ആധുനിക വിമാനങ്ങള്‍ക്കും കൂടുതല്‍ സര്‍വീസുകള്‍ക്കും ഉപരിയായി ഗോര്‍മേര്‍ ഭക്ഷണം, എക്‌സ്പ്രസ് ബിസ് സീറ്റുകള്‍, താമസം-യാത്രാ പാക്കേജുകള്‍ക്കായി എക്സ്പ്രസ് ഹോളിഡേയ്സ് തുടങ്ങി ‘ഫ്ളൈ അസ് യു ആര്‍’ എന്ന ആശയത്തിലൂന്നിയുള്ള സേവനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ലഭ്യമാക്കുന്നത്. ക്യാബിന്‍ ലഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് എക്സ്പ്രസ് ലൈറ്റ് ഉള്‍പ്പടെ നാല് വ്യത്യസ്ത നിരക്കുകളും എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓരോ പുതിയ വിമാനത്തിലും കസവ്, അജ്റക്, ബന്ധാനി, ബനാറസി, ജാപി, ജംദാനി, കലംകാരി, കാഞ്ചീവരം, കോലം, വാര്‍ളി തുടങ്ങി ഇന്ത്യയിലെ വിവിധ കലാ പൈതൃകം ഉള്‍ക്കൊള്ളിച്ചുള്ള ടെയില്‍ ആര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100-ാമത് വിമാനത്തിലെ ചിത്താര കലാരൂപം സമൃദ്ധിയേയും ആഘോഷങ്ങളേയുമാണ് പ്രതിനിധീകരിക്കുന്നത്.

  നാസ്കോം ഫയ: 80യുടെ എഐ പവേര്‍ഡ് കോഡിങ് സെമിനാര്‍ മാര്‍ച്ച് 12 ന്
Maintained By : Studio3