Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൃത്രിമ ബുദ്ധിയും പ്രതിഭാ ദാരിദ്ര്യവും, എന്താണ് മുന്നിലുള്ള വഴി?

1 min read

മനുഷ്യന്റെ ബുദ്ധിയെ ‘അനുകരിക്കുന്ന ഒരു യന്ത്രം നിര്‍മ്മിക്കാന്‍ സാധിക്കും’ എന്ന അനുമാനത്തിലാണ് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചര്‍ച്ചകളും ആരംഭിച്ചത്. എന്നാല്‍ ഇന്ന് സകല മേഖലകളിലും എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിടിമുറുക്കുകയാണ്. നിരവധി തൊഴിലവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ എഐയുടെ നവീകരണ പ്രക്രിയയില്‍ ഏറ്റവും അനിവാര്യമായി വരുക ജീവനക്കാരുടെ റീസ്‌കില്ലിങ്ങും അപ്‌സ്‌കില്ലിങ്ങുമാകുമെന്നും ഈ രംഗത്ത് വളരെയധികം പ്രതിഭാ ദാരിദ്ര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ലോകമൊട്ടുക്കും എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. സകല മേഖലകളിലും എഐ അധിനിവേശം സംഭവിച്ചുകൊണ്ടിരിക്കുന്നു. തൊഴില്‍ പോകുമോയെന്നുള്ള ഭയവും പുതിയ തൊഴിലവസരങ്ങള്‍ രൂപപ്പെടുമെന്ന പ്രതീക്ഷയുമെല്ലാം ഒരുപോലെ സജീവമാണ്. അതേസമയം എഐ സ്‌കില്‍ നേടുന്ന ജീവനക്കാര്‍ക്ക് തൊഴില്‍ സാധ്യത കൂടുമെന്ന വിലയിരുത്തലിനാണ് കൂടുതല്‍ സ്വീകാര്യത.

എഐ വിപ്ലവത്തെ എങ്ങനെ ഉപയോഗപ്രദമാക്കാം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംബന്ധമായ ജോലികള്‍ക്കായുള്ള പ്രതിഭകളുടെ ഭാവി പൈപ്പ്‌ലൈന്‍ രൂപപ്പെടുത്തുന്നതിന് ആഗോളതലത്തില്‍ ഗവണ്‍മെന്റുകള്‍ക്കൊപ്പം ടെക് വ്യവസായവും അക്കാഡമിക് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടതിന്റെ ഗൗരവമായ ആവശ്യമുണ്ടെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജിപിഎഐ) ഉച്ചകോടിയിലും അദ്ദേഹമത് വ്യക്തമാക്കുകയുണ്ടായി. പ്രതിഭയുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ മാത്രമേ സാധിക്കൂ. അത് നടപ്പിലാക്കുന്നതിന്റെ ഉത്തരവാദിത്തം വ്യവസായ ലോകത്തിനും അക്കാഡമിക് ലോകത്തിനുമാണ്.

നിര്‍മിത ബുദ്ധിയുടെ ആവിര്‍ഭാവം

നാലാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായാണ് നിര്‍മിത ബുദ്ധി വിവിധ മേഖലകളില്‍ കാര്യമായ പ്രഭാവം ചെലുത്താന്‍ തുടങ്ങിയത്. എന്താണ് യഥാര്‍ത്ഥത്തില്‍ നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) എന്നത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ ബുദ്ധിക്ക് വിരുദ്ധമായി യന്ത്രങ്ങളുടെയോ സോഫ്റ്റ്വെയറിന്റെയോ ബുദ്ധി ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണ്. ബുദ്ധിശക്തിയുള്ള യന്ത്രങ്ങളെ വികസിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന കമ്പ്യൂട്ടര്‍ സയന്‍സിലെ പഠന മേഖല ആയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിച്ചുവന്നത്. അത്തരം യന്ത്രങ്ങളെ എഐ അധിഷ്ഠിത ഉപകരണങ്ങള്‍ എന്ന് വിളിക്കുന്നു.

വിവിധ വ്യവസായ മേഖലകള്‍, സര്‍ക്കാര്‍, ശാസ്ത്രം തുടങ്ങി നിരവധി രംഗങ്ങളിലുടനീളം എഐ സാങ്കേതികവിദ്യ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. എഐ ഉപയോഗിക്കുന്ന ചില ഉയര്‍ന്ന പ്രൊഫൈല്‍ ആപ്ലിക്കേഷനുകള്‍ ഇവയാണ്: ഗൂഗിള്‍ സര്‍ച്ച് പോലുള്ള നൂതന വെബ് സെര്‍ച്ച് എഞ്ചിനുകള്‍, യൂട്യൂബ്, ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്ന റെക്കമന്‍ഡേഷന്‍ സിസ്റ്റംസ്, ഗൂഗിള്‍ അസിസ്റ്റന്റ്, സിരി, അലക്‌സ പോലുള്ള മനുഷ്യന്റെ സംസാരം മനസ്സിലാക്കല്‍ പ്രാവര്‍ത്തികമാക്കുന്ന സങ്കേതങ്ങള്‍, സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍, ചാറ്റ് ജിപിടി, എഐ ആര്‍ട്ട് പോലുള്ള ജനറേറ്റീവ്, ക്രിയേറ്റീവ് ടൂളുകള്‍, സ്ട്രാറ്റജി ഗെയിമുകളിലെ അമാനുഷിക കളിയും വിശകലനവും പോലുള്ളവ…നിര അങ്ങനെ നീളുന്നു.

  സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി

മെഷീന്‍ ഇന്റലിജന്‍സ് എന്ന് വിളിക്കുന്ന ഈ മേഖലയില്‍ കാര്യമായ ഗവേഷണം നടത്തിയ ആദ്യത്തെ വ്യക്തി അലന്‍ ട്യൂറിംഗാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 1956-ല്‍ ഒരു അക്കാദമിക് വിഭാഗമായി രൂപാന്തരപ്പെട്ടതോടെയാണ് ശാസ്ത്രകുതുകികളുടെ ശ്രദ്ധ നേടാന്‍ തുടങ്ങിയത്. 2020-കളിലാണ് എഐ വസന്തകാലത്തിലേക്ക് ലോകമെത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആസ്ഥാനമായുള്ള കമ്പനികളും സര്‍വ്വകലാശാലകളും ലബോറട്ടറികളുമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കാര്യമായ പുരോഗതി കൈവരിക്കുന്നതിന് സഹായിച്ചത്.

മനുഷ്യന്റെ ബുദ്ധിയെ ‘അനുകരിക്കുന്ന ഒരു യന്ത്രം നിര്‍മ്മിക്കാന്‍ സാധിക്കും’ എന്ന അനുമാനത്തിലാണ് നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ചര്‍ച്ചകളും ആരംഭിച്ചത്. ഇത് മനസ്സിനെക്കുറിച്ചും മനുഷ്യന് സമാനമായ കൃത്രിമ ജീവികളെ സൃഷ്ടിക്കുന്നതിന്റെ ധാര്‍മ്മിക അനന്തരഫലങ്ങളെക്കുറിച്ചുമുള്ള വാദങ്ങള്‍ ഉയര്‍ത്തി. പുരാതന കാലം മുതല്‍ ഈ പ്രശ്‌നങ്ങള്‍ മിത്ത്, ഫിക്ഷന്‍, ഫിലോസഫി എന്നിവയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരും ഫ്യൂച്ചറോളജിസ്റ്റുകളും എഐ അതിന്റെ യുക്തിസഹമായ കഴിവുകള്‍ക്ക് മേല്‍നോട്ടം വഹിച്ചില്ലെങ്കില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാമെന്ന് അഭിപ്രായപ്പെടുന്നു. പ്രമുഖ സംരംഭകനും ടെസ്ല, സ്‌പേസ്എക്‌സ് കമ്പനികളുടെ ഉടമയുമായ ഇലോണ്‍ മസ്‌ക്ക് എഐ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന പക്ഷക്കാരനാണ്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം സഹസ്ഥാപകന്‍ കൂടിയായ ഓപ്പണ്‍എഐയില്‍ നിന്ന് പിന്നീട് പുറത്തുവരാനും കാരണം. ഓപ്പണ്‍ എഐക്ക് പകരം മറ്റൊരു എഐ സംരംഭം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് മസ്‌ക്ക് ഇപ്പോള്‍.

എഐ വ്യാപനം

നിലവില്‍ മാധ്യമ മേഖലയും കസ്റ്റമര്‍ സര്‍വീസും ഉല്‍പ്പാദനരംഗവും ഉള്‍പ്പടെ വിവിധ വ്യവസായരംഗങ്ങളില്‍ എഐ സങ്കേതങ്ങള്‍ പിടിമുറുക്കുകയാണ്. അതനുസരിച്ച് വൈദഗ്ധ്യം അപ്‌ഗ്രേഡ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് ആകുന്നുണ്ടോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം. എഐ മേഖലയില്‍ വലിയ പ്രതിഭാ ദാരിദ്ര്യം ഉണ്ടാകാന്‍ പോകുന്നുവെന്നത് വ്യക്തമാണ്. യുകെയിലോ ജപ്പാനിലോ ഇന്ത്യയിലോ ഉള്ള നമ്മുടെ അക്കാഡമിക് സ്ഥാപനങ്ങള്‍ ഇത് ശരിക്കും മനസ്സിലാക്കുകയും ഈ എഐ ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ പ്രതിഭയുള്ള മനുഷ്യവിഭവശേഷി നല്‍കുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമാണ്-മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, എഐ ഉപകരണങ്ങളില്‍ നിന്നുള്ള സാമ്പത്തിക മൂല്യം 26 ട്രില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാം. നിര്‍ഭാഗ്യവശാല്‍, എഐയുടെ പൂര്‍ണ്ണമായ ബിസിനസ്സ് സാധ്യതകളിലേക്ക് എത്തുന്നതില്‍ നിന്നും നമ്മെ പരിമിതപ്പെടുത്തുന്ന ഒരു പ്രധാന ഘടകം, നിര്‍മിത ബുദ്ധിയെ നവീകരിക്കുന്നത് തുടരാനുള്ള ശരിയായ കഴിവുകളുടെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെയും അഭാവമാണ്-രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, എഐ വ്യവസായത്തിന് അത്യാധുനിക പ്രതിഭകളും ആര്‍ക്കിടെക്റ്റുകളും വലിയ ഭാഷാ മോഡലുകളുടെ (എല്‍എല്‍എം) ഡിസൈനര്‍മാരും ആവശ്യമാണ്.

  ആമസോണ്‍ പ്രൈം ഡേ: 3200-ലധികം പുതിയ ഉല്പ്പന്നങ്ങള്‍

പുതിയ എഐ പാതയിലൂടെ നാം മുമ്പോട്ട് പോകുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ വരും. അതുപോലെ പുതു ശേഷികളുടെ ആവശ്യകതയും. ഇതിന് കഴിവുള്ള വ്യക്തികള്‍ അനിവാര്യമാണ്. രാഷ്ട്രങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ അത് സാധ്യമാകൂ. വലിയൊരു ടാലന്റ് പൂള്‍ അതിനായി വികസിപ്പിച്ചെടുക്കണം. അത്തരമൊരു ടാലന്റ് പൂള്‍ സൃഷ്ടിക്കുന്നതിന്, വിവിധ രാജ്യങ്ങളുടെയും വ്യവസായങ്ങളുടെയും അക്കാഡമി ശൃംഖലകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ‘കോഴ്സ് വര്‍ക്ക് വിന്യസിക്കുക, പാഠ്യപദ്ധതി വിന്യസിക്കുക, പിന്നിലേക്ക് നോക്കാതെ ഭാവിയിലേക്കുള്ള ശേഷികള്‍ വളര്‍ത്തി ഭാവിയിലേക്കുള്ള ജോലികള്‍ക്കായി അവരെ തയാറെടുപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലാകണം നമ്മള്‍ ഫോക്കസ് ചെയ്യേണ്ടത്. അല്ലാതെ പഴയ കാര്യങ്ങള്‍ ഇഴകീറി പരിശോധിച്ചല്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ 45,000 തൊഴിലവസരങ്ങള്‍ ഇപ്പോഴുണ്ട്. ഡാറ്റാ സയന്റിസ്റ്റുകളും മെഷീന്‍ ലേണിംഗ് (എംഎല്‍) എഞ്ചിനീയര്‍മാര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്-അടുത്തിടെ ടെക് സ്റ്റാഫിങ് സ്ഥാപനമായ ടീംലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ നൈപുണ്യ വ്യാപനത്തിലും എഐ ടാലന്റ് കോണ്‍സന്‍ട്രേഷനിലും ഇന്ത്യ നിലവില്‍ ഒന്നാം സ്ഥാനത്താണെന്ന് അടുത്തിടെ നാസ്‌കാം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ എഐ സ്‌കില്‍ ഷോര്‍ട്ടേജ് എന്ന പ്രതിഭാസം ഇന്ന് പല മേഖലകളിലും പ്രകടമാണ്.

നൈപുണ്യം കുറവ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് നൈപുണ്യ വിടവ് പ്രകടമാണ് ഇന്ത്യയില്‍. ഇന്ത്യയുടെ നൈപുണ്യ കമ്മി നികത്താന്‍ 16.2 ദശലക്ഷം ജീവനക്കാര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ മേഖലകളില്‍ അപ്‌സിക്കില്ലിങ്ങും റീസ്‌കില്ലിങ്ങും ആവശ്യമാണെന്ന് ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികള്‍ക്ക് നൈപുണ്യവും പുനര്‍ നൈപുണ്യവും പരിശീലിപ്പിക്കേണ്ടതുണ്ട്.

പിയേഴ്സണിന്റെ നേതൃത്വത്തില്‍ നടന്ന, എന്നാല്‍ സര്‍വീസ് നൗ കമ്മീഷന്‍ ചെയ്ത ഒരു പഠനമനുസരിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തൊഴില്‍ ഭൂപ്രകൃതിയെ പരിവര്‍ത്തനം ചെയ്യുകയും ഡിജിറ്റല്‍ നൈപുണ്യ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ദശലക്ഷക്കണക്കിന് പുതിയ സാങ്കേതിക ജോലികള്‍ സൃഷ്ടിക്കുകയും ചെയ്യും. എഐ, ഓട്ടോമേഷന്‍ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ 16.2 ദശലക്ഷം ജീവനക്കാര്‍ക്ക് റീസ്‌കില്ലിങ്ങും അപ്‌സ്‌കില്ലിങ്ങും ആവശ്യമായി വരും. കൂടാതെ 4.7 ദശലക്ഷം പുതിയ സാങ്കേതിക ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും-പഠനറിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയുടെ ഡിജിറ്റല്‍ നൈപുണ്യ ആവാസവ്യവസ്ഥയും അതനുസരിച്ച് വളരാന്‍ പോകുയാണ്. ഇതിന്റെ ഭാഗമായി 75,000 ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍, 70,000 ഡാറ്റാ അനലിസ്റ്റുകള്‍, 65,000 പ്ലാറ്റ്ഫോം ഉടമകള്‍, 65,000 ഉല്‍പന്ന ഉടമകള്‍, 55,000 ഇംപ്ലിമെന്റേഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെ 2027 ആകുമ്പോഴേക്കും ആവശ്യമായി വരും. നിലവിലെ സാങ്കേതിക കമ്മി നികത്താനാണ് ഈ ആവശ്യകത. സര്‍വീസ് നൗവിന്റെ പഠനം പ്രവചിക്കുന്നത് അനുസരിച്ച് ഏറ്റവും വലിയ ഡിസ്‌റപ്ഷന്‍ സംഭവിക്കു ഉല്‍പ്പാദനമേഖലയിലായിരിക്കും. ഈ മേഖലയിലെ 23 ശതമാനത്തോളം തൊഴില്‍ശക്തി ഓട്ടമോഷനു കീഴടങ്ങും. അതുകഴിഞ്ഞ് ബാധിക്കപ്പെടുന്ന മേഖല കൃഷി. വനം, മല്‍സ്യബന്ധനം എന്നിവയായിരിക്കും. ഈ രംഗത്തെ 22 ശതമാനം തൊഴിലുകളാകും എഐ കൊണ്ടുപോകുക. ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയ്ല്‍ ട്രേഡിങ് രംഗത്തെ 11.6 ശതമാനം തൊഴിലുകളും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് സ്‌റ്റോറേജ് രംഗത്തെ 8 ശതമാനം തൊഴിലുകളും കണ്‍സ്ട്രക്ഷന്‍ മേഖലയിലെ 7.8 ശതമാനം തൊഴിലുകളും ഓട്ടോമേഷനും എഐ അനുബന്ധ സംവിധാനങ്ങള്‍ക്കും വിധേയമാകും.

  സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി

എഐ യുദ്ധം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ സംബന്ധിച്ചിടത്തോളം വഴിത്തിരവുണ്ടായ വര്‍ഷമായിരുന്നു 2023 എന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു. ബിസിനസുകളും സ്‌കൂളുകളും മുതല്‍ ഹോളിവുഡിലും തെരഞ്ഞെടുപ്പ് കാംപെയിനുകളിലും വരെ എഐ ചര്‍ച്ചകളാണ് സജീവം.

ചില നിക്ഷേപകര്‍ എഐയുടെ തളര്‍ച്ചയെക്കുറിച്ച് പരാതിപ്പെടുമ്പോഴും, ഈ രംഗത്തെ പ്രധാന കമ്പനികളിലൊന്നയ ഓപ്പണ്‍എഐയുടെ നേതൃതലത്തില്‍ വലിയ പൊട്ടിത്തെറികളാണ് ഈ വര്‍ഷമുണ്ടായത്. എഐയെ ചുറ്റിപ്പറ്റിയുള്ള പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരികെ കൊണ്ടുവരുന്നു ഓപ്പണ്‍ എഐയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. അതേസമയം, നിര്‍മിത ബുദ്ധിയുടെ വലിയ സാധ്യതകളില്‍ നിന്ന് ഒളിച്ചോടാന്‍ നമുക്ക് കഴിയില്ല. ചില വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍, ജനറേറ്റീവ് എഐ മാത്രം 300 ദശലക്ഷം തൊഴിലവസരങ്ങളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള പുതിയ സാമ്പത്തിക മൂല്യത്തില്‍ പ്രതിവര്‍ഷം 4.4 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ എഐ സമ്പദ് വ്യവസ്ഥയാകാനുള്ള ശ്രമത്തിലാണ് യുഎസും ചൈനയും. ഇതിനായി ഒരു ഡിജിറ്റല്‍ ശീതയുദ്ധത്തില്‍ വരെ ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ രംഗത്തേക്ക് നിരവധി മറ്റ് രാജ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ജനാധിപത്യ സമൂഹങ്ങളില്‍ എഐ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നടത്തുന്നുണ്ട്. യുഎസും ഇപ്പോള്‍ ആ രീതിയില്‍ ചിന്തിക്കുന്നുണ്ട്. കൃത്യമായ എഐ സ്ട്രാറ്റജി അവതരിപ്പിച്ച ആദ്യ രാജ്യമാണ് കാനഡ. ചില രാജ്യങ്ങള്‍ എഐ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുണ്ടെങ്കിലും മറ്റ് ചില രാജ്യങ്ങള്‍ ഈ രംഗത്ത് ഇന്നവേഷന്‍ പരമാവധി പ്രൊമോട്ട് ചെയ്തുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ജനസംഖ്യ കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ ഡാറ്റയാല്‍ സമ്പന്നമാണ്. അതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും സാധിക്കും.

Maintained By : Studio3