അഫ്ഗാന്‍ സമാധാനം: യുഎസ് പ്രതിനിധിസംഘം കാബുളിലെത്തി
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ അനുരഞ്ജനത്തിനായുള്ള വാഷിംഗ്ടണിന്‍റെ പ്രത്യേക പ്രതിനിധി സല്‍മൈ ഖലീല്‍സാദിന്‍റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധിസംഘം അഫ്ഗാന്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഘനിയെ സന്ദര്‍ശിച്ചു.കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുക, ഉഭയകക്ഷി രാഷ്ട്രീയ, സുരക്ഷ, പ്രതിരോധ, സാമ്പത്തിക ബന്ധം നിലനിര്‍ത്തുക തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഘനിയുടെ ഓഫീസ് അറിയിച്ചു. അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്സിനായി 3.3 ബില്യണ്‍ ഡോളര്‍ വാര്‍ഷിക സഹായം തുടരുന്നതില്‍ യുഎസ് പ്രതിനിധി സംഘം ഉറപ്പുനല്‍കി. അതിനൊപ്പം സാമ്പത്തിക മേഖലകളില്‍ അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നതിനുമുള്ള വൈറ്റ് ഹൗസ് സന്ദേശം അഫ്ഗാന് നല്‍കി.
ഘനിയെ കൂടാതെ, ഖലീല്‍സാദ് ദേശീയ അനുരഞ്ജന സമിതിയുടെ (എച്ച്സിഎന്‍ആര്‍) തലവന്‍ അബ്ദുല്ല അബ്ദുല്ലയെയും സന്ദര്‍ശിച്ചു. താലിബാനും അഫ്ഗാനിസ്ഥാന്‍റെ ദേശീയ അനുരഞ്ജന ശ്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഖലീല്‍സാദ് കാബൂളിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനുമുമ്പ്, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ്, “അഫ്ഗാനിസ്ഥാന്‍റെ വികസനത്തിന് യുഎസ് നല്‍കുന്ന പിന്തുണയും യുദ്ധം അവസാനിപ്പിക്കുന്ന ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പും പ്രതിനിധി സംഘം അടിവരയിടും” എന്ന് പറഞ്ഞു.
സെപ്റ്റംബര്‍ 11 നകം എല്ലാ അമേരിക്കന്‍ സൈനികരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് സന്ദര്‍ശനം. അഫ്ഗാനിസ്ഥാന്‍റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് പ്രഖ്യാപനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. സൈന്യത്തിന്‍റെ പിന്മാറ്റം നാലിലൊന്ന് പൂര്‍ത്തിയായതായി പെന്‍റഗണ്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ സേന കാബൂളിലെ എന്‍കെസി എന്നറിയപ്പെടുന്ന ന്യൂ കാബൂള്‍ കോമ്പൗണ്ട് ഉള്‍പ്പെടെ ചിലതാവളങ്ങള്‍ അഫ്ഗാന്‍ സേനയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ അക്രമം വളരെ ഉയര്‍ന്നനിലയിലാണ് . അതേസമയം ബൈഡന്‍റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ദോഹയിലെ സമാധാന ചര്‍ച്ചകള്‍ക്ക് പുരോഗതി ഉണ്ടായിട്ടില്ല.