സൈനിക നവീകരണം; ഇന്ത്യ 130 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും
1 min readബെംഗളൂരു: സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സൈനിക നവീകരണത്തിനുമായി അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ 130 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അടുത്തിടെ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. വലുതും സങ്കീര്‍ണ്ണവുമായ പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ ആഭ്യന്തര ഉല്‍പ്പാദനം ഇപ്പോള്‍ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴിലുള്ള നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയ്്‌റോ ഇന്ത്യ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ രംഗത്ത് സ്വാശ്രയത്വവും ഒപ്പം കയറ്റുമതിയും എന്നീ ഇരട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി 1,75,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാനാണ് തയ്യാറെടുക്കുന്നത്. എയ്റോസ്പേസ്, പ്രതിരോധ ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയില്‍നിന്നുള്ള 35,000 കോടി രൂപയുടെ കയറ്റുമതി ഉള്‍പ്പെടെയാണിത്. പ്രതിരോധ ഉപകരണങ്ങളുടെ വിശ്വസനീയമായ വിതരണക്കാരനാകാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യായിരത്തിലധികം സജീവ യൂണിറ്റുകളുള്ള, ശക്തവും വൈവിധ്യപൂര്‍ണ്ണവുമായ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മേഖല നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധത്തിലും എയ്റോസ്പേസ് നിര്‍മാണത്തിലും ഇന്ത്യയ്ക്ക് ഇന്ന് സവിശേഷമായ അവസരമാണ് ഉള്ളത്. പ്രതിരോധ, എയ്റോസ്പേസ് നിര്‍മാണമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, കൂടുതല്‍ പുതുമ, അനുകൂല നയങ്ങള്‍, പക്വതയാര്‍ന്ന ആവാസവ്യവസ്ഥ എന്നിവയുടെ സംഗമം എന്ന നിലയിലാണ് ഈ അവസരം രാജ്യത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍, പരിഹാരങ്ങള്‍, പങ്കാളിത്തം, അവസരങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഏറ്റവും തിളക്കമുള്ള താരാപഥങ്ങളിലൊന്നാണ് വ്യോമയാന മേഖലയില്‍ എയര്‍ ഷോയും ഏവിയേഷന്‍ എക്‌സിബിഷനും എന്ന് മന്ത്രി പറഞ്ഞു. മാലിദ്വീപ്, ഉക്രെയ്ന്‍, റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയല്‍ ഗ്വിനിയ, ഇറാന്‍, കൊമോറോസ്, മഡഗാസ്‌കര്‍ എന്നീരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ക്കും എയ്‌റോ ഇന്ത്യ ഷോയില്‍ നേരിട്ടും വെര്‍ച്വലായും പങ്കെടുത്തവര്‍ക്കും സിംഗ് നന്ദി അറിയിച്ചു. 80 വിദേശ കമ്പനികള്‍, പ്രതിരോധ മന്ത്രിമാര്‍, പ്രതിനിധികള്‍, സേനാ മേധാവികള്‍, 55 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമുണ്ടായ പരിമിതികള്‍ക്കിടയിലും ഈ വര്‍ഷത്തെ എയര്‍ ഷോയില്‍ വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ടെന്നും രാജ്്‌നാഥ്‌സിംഗ് കൂട്ടിച്ചേര്‍ത്തു.