ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് കയര്‍ മേഖലയിലേക്ക്

ആദ്യഘട്ടമായി 3.3 കോടി രൂപ ചെലവില്‍ ഹൈടെക് കയര്‍ ഡിഫൈബറിങ്ങ് യൂണിറ്റുകള്‍ സ്ഥാപിച്ചു
തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനം ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് കൂടുതല്‍ വെവിധ്യവല്‍ക്കരണത്തിലേക്ക് നീങ്ങുകയാണ്. പെട്രോള്‍ പമ്പിന് ശേഷം ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലും കാസര്‍ഗോഡ് ജില്ലയിലെ പുതുക്കൈയിലുമായി ഇന്റഗ്രേറ്റഡ് കയര്‍ കോംപ്ലക്‌സ് സ്ഥാപിച്ച് കയര്‍ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായി 3.3 കോടി രൂപ ചെലവില്‍ ഹൈടെക് കയര്‍ ഡിഫൈബറിങ്ങ് യൂണിറ്റുകള്‍ സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഉടന്‍ ആരംഭിച്ച് ഫൈബര്‍ നിര്‍മാണം തുടങ്ങും.
രണ്ട് യൂണിറ്റുകളിലായി ഒരുഷിഫ്റ്റില്‍ 60,000 തൊണ്ട് തല്ലാനാകും. 30 പേര്‍ക്ക് നേരിട്ട് ജോലി ലഭ്യമാകുന്ന പദ്ധതി സ്ഥാപനത്തിന്റെ കുതിപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഇവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന കയര്‍ ഫൈബര്‍ മുഴുവനായും കയര്‍ഫെഡ് വാങ്ങും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് പദ്ധതിക്ക് ആവശ്യമായ യന്ത്രങ്ങള്‍ എത്തിച്ചത്.
16 കോടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. ഇത് പൂര്‍ത്തിയാകുന്നതോടെ 100 പേര്‍ക്ക് അധികമായി തൊഴില്‍ ലഭിക്കും. പദ്ധതിയെ രാജ്യത്തെ ഏറ്റവും വലിയ കയര്‍ കോംപ്ലക്‌സായി മാറ്റുന്നതിനാണ് ലക്ഷ്യം വെക്കുന്നത്. കയര്‍ ഭൂവസ്ത്രം, ഗാര്‍ഡന്‍ നേഴ്‌സറി, കയര്‍ ബ്രിക്കറ്റ്, വളം, ബെഡിന് ആവശ്യമായ ബെയര്‍ ഷീറ്റ് എന്നിവയുടെ നിര്‍മാണം ശക്തിപ്പെടുത്തുന്നതിലൂടെ തെങ്ങ് കര്‍ഷകരെ കൂടി സഹായിക്കാനാകും.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നേരത്തെ മാങ്ങാട്ടുപറമ്പില്‍ ഐടി പാര്‍ക്കും തുറന്നിരുന്നു.