അബുദാബി നാഷണല്‍ എനര്‍ജി കമ്പനി ലാഭത്തിലേക്ക് തിരികെയെത്തി
1 min readഎണ്ണവില കൂടിയതോടെ ലോകത്തിലെ എണ്ണക്കമ്പനികളുടെ ആദ്യപാദ വരുമാനം മെച്ചപ്പെട്ടിരുന്നു
അബുദാബി: എണ്ണവില വര്‍ധനയില്‍ പ്രകടനം മെച്ചപ്പെടുത്തിയ അബുദാബി നാഷണല്‍ എനര്‍ജി കമ്പനി 2021ലെ ആദ്യപാദത്തില്‍ 1.44 ബില്യണ്‍ ദിര്‍ഹം ലാഭം റിപ്പോര്‍ട്ട് ചെയ്തു. കിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 548 മില്യണ്‍ ദിര്‍ഹം നഷ്ടമാണ് കമ്പനി നേരിട്ടത്. കമ്പനിയുടെ വരുമാനം മൂന്ന് ശതമാനം ഉയര്‍ന്ന് 10.3 ബില്യണ്‍ ദിര്‍ഹമായി.
ആദ്യപാദത്തില്‍ മൂലധന ചിലവിടല്‍ 18 ശതമാനം വര്‍ധിച്ച് 1.3 ബില്യണ്‍ ദിര്‍ഹമായി. എന്നാല്‍, കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പല പദ്ധതികളും പ്രോജക്ടുകളും നിര്‍ത്തിവെക്കേണ്ടതായോ നീക്കിവെക്കേണ്ടതായ വന്നു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ആഗോള വെല്ലുവിളികളില്‍ നിന്നും സാമ്പത്തിക രംഗം മുക്തമായിത്തുടങ്ങി ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നതോടെ വരുകാലങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ അബുദാബി നാഷണല്‍ എനര്‍ജി കമ്പനിക്ക് കഴിയുമെന്നാണ് കരുതുന്നതെന്ന് സിഇഒ ജാസിം ഹുസൈന്‍ തബെത് പറഞ്ഞു. യുഎഇയിലും പുറത്തും എണ്ണവിപണിയുടെ വീണ്ടെടുപ്പ് തുടരുന്നതിനാല്‍ വളര്‍ച്ച തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്കുള്ള തിരിച്ചുവരവ് ആരംഭിക്കുകയും അന്താരാഷ്ട്ര വ്യോമ ഗതാഗതം പുനഃരാരംഭിക്കുകയും ചെയ്തതോടെ ആഗോളതലത്തില്‍ എണ്ണയ്ക്ക് വില വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ എണ്ണക്കമ്പനികളും മെച്ചപ്പെട്ട സാമ്പത്തിക റിപ്പോര്‍ട്ടാണ് ആദ്യപാദത്തില്‍ പങ്കുവെച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ആദ്യപാദ അറ്റാദായം സംബന്ധിച്ച പ്രവചനങ്ങള്‍ പോലും അസ്ഥാനത്താക്കി കൊണ്ട് കഴിഞ്ഞ ദിവസം 21.7 ബില്യണ്‍ ലാഭം റിപ്പോര്‍ട്ട് ചെയ്തിരുന്നു.