കോവിഡ്-19 ഇല്ലാത്തവര്‍ക്കും ബ്ലാക്ക് ഫംഗസ് രോഗം പിടിപെടാം
1 min readആരോഗ്യമുള്ളവര്‍ ഈ രോഗത്തെ ഭയക്കേണ്ടതില്ല, എന്നാല്‍ കോവിഡ്-19 ഇല്ലെങ്കിലും പ്രമേഹബാധിതര്‍ ബ്ലാക്ക് ഫംഗസിനെ പേടിക്കണം
കോവിഡ് മഹാമാരിക്കിടെ ഭീതി വര്‍ധിപ്പിച്ച് കൊണ്ട് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകര്‍മെക്കോസിസ് കേസുകള്‍ അനുദിനം കൂടി വരികയാണ്. പ്രധാനമായും കോവിഡ്-19 രോഗികളിലാണ് ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് ബാധ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കോവിഡ് ഇല്ലാത്തവര്‍ക്കും ഈ രോഗം പിടിപെടാമെന്നും ര്കത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായുള്ളവര്‍ കരുതലോടെ ഇരിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
“കോവിഡിന് മുമ്പ് തന്നെ ഉണ്ടായിരുന്ന രോഗബാധയാണ് ബ്ലാക്ക്ഫംഗസ്. പ്രമേഹ ബാധിതരെ (നിയന്ത്രണാതീതമായ പ്രമേഹമുള്ളവരെ) ബാധിക്കുന്ന രോഗമെന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ബ്ലാക്ക് ഫംഗസിനെ കുറിച്ച് പഠിക്കുന്നത്. നിയന്ത്രണാതീതമായ പ്രമേഹവും മറ്റെന്തെങ്കിലും കാര്യമായ അസുഖങ്ങളും ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു,” നീതി ആയോഗിലെ ആരോഗ്യ വിഭാഗം പ്രതിനിധി ഡോ. വി കെ പോള്‍ പറയുന്നു.
‘രക്തത്തിലെ പഞ്ചസാരയുടെ അളവ് 700മുതല്‍ 800വരെയെത്തുന്ന, ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്നറിയപ്പെടുന്ന അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായും പിടിപെടുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. ന്യുമോണിയ പോലുള്ള മറ്റ് രോഗങ്ങള്‍ രോഗിയുടെ നില വഷളാക്കും. ഇപ്പോള്‍ കോവിഡ് രോഗം സമാനമായി ബ്ലാക്ക് ഫംഗസ് സാധ്യത വര്‍ധിപ്പിക്കുന്നു. അതിനൊപ്പം സ്റ്റിറോയിഡുകളുടെ ഉപയോഗവും കൂടി വര്‍ധിച്ചപ്പോള്‍ ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് അനുകൂലമായ സാഹചര്യം സംജാതമായി. ചുരുക്കത്തില്‍ കോവിഡ് ഇല്ലാത്തവര്‍ക്കും മറ്റ് രോഗങ്ങള്‍ ഉണ്ടെങ്കില്‍ ബ്ലാക്ക് ഫംഗസ് പിടിപെടാം,’ ഡോ. പോള്‍ വിശദീകരിച്ചു.
അതേസമയം ആരോഗ്യമുള്ളവര്‍ ഈ രോഗത്തെ അധികമായി ഭയക്കേണ്ടതില്ലെന്നാണ് എയിംസിലെ ഡോ. നിഖില്‍ ടണ്ടന്‍ പറയുന്നത്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ബ്ലാക്ക് ഫംഗസ് ആക്രമിക്കുന്നത്. ആദ്യ തരംഗത്തെ അപേക്ഷിച്ച്, രണ്ടാം തരംഗത്തിലെ കോവിഡ് വകഭേദം പ്രതിരോധ ശേഷിയെ കൂടുതലായി ബാധിച്ചതിനാലാകാം ഇപ്പോള്‍ മ്യൂകര്‍മെക്കോസിസ് കേസുകള്‍ കൂടുന്നതെന്നും ഡോ. നിഖില്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല രണ്ടാം തരംഗത്തില്‍ സ്റ്റിറോയിഡുകളുടെ ഉപയോഗവും കൂടി. ഇത്തരം സാധ്യതകളെല്ലാം ഉണ്ടെങ്കിലും കൃത്യമായ പരിശോധനയിലൂടെ മാത്രമേ ബ്ലാക്ക് ഫംഗസ് രോഗം കൂടാനുള്ള കാരണം പറയാന്‍ കഴിയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഹരിയാനയിലെ ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം 398 ആി ഉയര്‍ന്നു. ഗുഡ്ഗാവില്‍ മാത്രം 147 കേസുകളാണ് ഉള്ളത്. കേരളത്തില്‍ നാലുപേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡിലും ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. അതേസമയം മധ്യപ്രദേശിലെ ജബല്‍പൂറില്‍ ശനിയാഴ്ച ഒരു വൈറ്റ് ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാലിത് സാധാരണ രോഗമാണെന്നും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.