റിലയന്‍സ് ജിയോ സമുദ്രാന്തര്‍ കേബിളുകള്‍ സ്ഥാപിക്കും
1 min read16,000 കിലോമീറ്ററോളം നീളത്തില്‍ 200 ടിബിപിഎസില്‍ കൂടുതല്‍ ശേഷിയുള്ളതായിരിക്കും ഈ ഹൈ കപ്പാസിറ്റി, ഹൈ സ്പീഡ് കേബിള്‍ സംവിധാനങ്ങള്‍
ഇന്ത്യ കേന്ദ്രീകരിച്ച് അന്താരാഷ്ട്രതലത്തില്‍ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ സംവിധാനം സ്ഥാപിക്കുന്നതായി റിലയന്‍സ് ജിയോ അറിയിച്ചു. നിരവധി പ്രമുഖ ആഗോള പങ്കാളികളുമായും ലോകോത്തര സമുദ്രാന്തര്‍ കേബിള്‍ വിതരണക്കാരായ സബ്‌കോമുമായും ചേര്‍ന്നാണ് സമുദ്രത്തിനടിയില്‍ ജിയോ രണ്ട് പുതു തലമുറ കേബിളുകള്‍ സ്ഥാപിക്കുന്നത്. ഡാറ്റ ആവശ്യകതയില്‍ അസാധാരണ വളര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് റിലയന്‍സ് ജിയോ പുതിയ നീക്കം നടത്തുന്നത്. 16,000 കിലോമീറ്ററോളം നീളത്തില്‍ 200 ടിബിപിഎസില്‍ കൂടുതല്‍ ശേഷിയുള്ളതായിരിക്കും ഈ ഹൈ കപ്പാസിറ്റി, ഹൈ സ്പീഡ് കേബിള്‍ സംവിധാനങ്ങള്‍.
ഇന്ത്യയുടെ കിഴക്കുഭാഗത്തേക്ക് സിംഗപ്പൂരിനും അതിനപ്പുറത്തേക്കുമായി ഇന്ത്യ ഏഷ്യ എക്‌സ്പ്രസ് (ഐഎഎക്‌സ്) കേബിള്‍ സംവിധാനവും ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തേക്ക് മധ്യപൂര്‍വേഷ്യയും യൂറോപ്പും ലക്ഷ്യമാക്കി ഇന്ത്യ യൂറോപ്പ് എക്‌സ്പ്രസ് (ഐഇഎക്‌സ്) കേബിള്‍ സംവിധാനവുമാണ് സ്ഥാപിക്കുന്നത്. ഈ രണ്ട് കേബിള്‍ സംവിധാനങ്ങളും തുടര്‍ച്ചയായി പരസ്പരം കണക്റ്റ് ചെയ്യപ്പെടും. മാത്രമല്ല, ആഗോളതലത്തിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന് ലോകത്തെ ടോപ് ഇന്റര്‍ എക്‌സ്‌ചേഞ്ച് പോയന്റുകളുമായും കണ്ടന്റ് ഹബ്ബുകളുമായും കണക്റ്റ് ചെയ്യും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഉപയോക്താക്കള്‍ക്കും സംരംഭക ഉപയോക്താക്കള്‍ക്കും ഉള്ളടക്കങ്ങളും ക്ലൗഡ് സേവനങ്ങളും ലഭിക്കുന്നതിന് ശേഷി വര്‍ധിപ്പിക്കുന്നതായിരിക്കും ഐഎഎക്‌സ്, ഐഇഎക്‌സ് കേബിള്‍ സംവിധാനങ്ങളെന്ന് ജിയോ അറിയിച്ചു.
സമുദ്രാന്തര്‍ ഫൈബര്‍ ഒപ്റ്റിക് ടെലികമ്യൂണിക്കേഷന്റെ ചരിത്രത്തില്‍ ഇതാദ്യമായി ഈ കേബിള്‍ സംവിധാനങ്ങള്‍ ഇന്ത്യയെ അന്താരാഷ്ട്ര നെറ്റ്‌വര്‍ക്ക് ഭൂപടത്തിന്റെ മധ്യത്തില്‍ പ്രതിഷ്ഠിക്കുമെന്ന് കമ്പനി പ്രസ്താവിച്ചു. 2016 ല്‍ ജിയോ സേവനങ്ങള്‍ ആരംഭിച്ചശേഷമുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും അതിശയകരമായ വളര്‍ച്ചയും ഡാറ്റ ഉപയോഗത്തിലെ കുതിച്ചുചാട്ടവും അംഗീകരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷമെന്ന് കമ്പനി അവകാശപ്പെട്ടു.
ഇന്ത്യയിലെ ഡിജിറ്റല്‍ സേവനങ്ങളുടെയും ഡാറ്റ ഉപയോഗത്തിന്റെയും സ്‌ഫോടനാത്മക വളര്‍ച്ചയില്‍ മുന്‍നിരയിലാണ് ജിയോയുടെ സ്ഥാനമെന്ന് റിലയന്‍സ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു. സ്ട്രീമിംഗ് വീഡിയോ, വിദൂരത്തിരുന്നുള്ള ജോലി, 5ജി, ഐഒടി തുടങ്ങിയ ആവശ്യകതകള്‍ നിറവേറ്റുന്നതിന് ഇതാദ്യമായി ഇന്ത്യാ കേന്ദ്രീകൃത സമുദ്രാന്തര്‍ കേബിള്‍ സംവിധാനങ്ങള്‍ സ്ഥാപിച്ച് നേതൃപരമായ പങ്ക് നിര്‍വഹിക്കുകയാണ് ജിയോ ചെയ്യുന്നത്. ആഗോള മഹാമാരിയുടെ കാലത്ത് ഈ നിര്‍ണായക സംരംഭങ്ങള്‍ നടപ്പാക്കുന്നത് വെല്ലുവിളിയാണ്. എന്നാല്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഹൈ പെര്‍ഫോമന്‍സ് ഗ്ലോബല്‍ കണക്റ്റിവിറ്റി ആവശ്യകതയുടെയും വേഗം വര്‍ധിപ്പിക്കുക മാത്രമാണ് മഹാമാരി ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ ഏഷ്യ പസഫിക് വിപണികളുമായി ബന്ധിപ്പിക്കുന്നതായിരിക്കും ഐഎഎക്‌സ് കേബിള്‍ സംവിധാനം. മുംബൈയില്‍നിന്ന് ചെന്നൈ, തായ്‌ലന്‍ഡ്, മലേഷ്യ വഴി സിംഗപ്പൂരില്‍ അവസാനിക്കുന്നതാണ് സമുദ്രാന്തര്‍ കേബിള്‍ സംവിധാനത്തിലൂടെയുള്ള ഈ എക്‌സ്പ്രസ് കണക്റ്റിവിറ്റി.
ഇന്ത്യയില്‍നിന്ന് മധ്യ പൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക വഴി ഇറ്റലിയിലെ സവോനയില്‍ അവസാനിക്കുന്നതായിരിക്കും ഐഇഎക്‌സ് കേബിള്‍ സംവിധാനം. ഐഎഎക്‌സ്, ഐഇഎക്‌സ് എന്നീ സമുദ്രാന്തര്‍ കേബിള്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി കണക്റ്റ് ചെയ്യുന്നതുകൂടാതെ ഏഷ്യ പസഫിക്കിനും യൂറോപ്പിനും അപ്പുറം സേവനം ലഭിക്കുന്നതിന് റിലയന്‍സ് ജിയോയുടെ ആഗോള ഫൈബര്‍ ശൃംഖലയുമായി ഈ രണ്ട് കേബിള്‍ സംവിധാനങ്ങളും ബന്ധിപ്പിക്കും. ഇത് യുഎസിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും. 2023 മധ്യത്തോടെ ഐഎഎക്‌സ് സേവനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ 2024 തുടക്കത്തിലായിരിക്കും ഐഇഎക്‌സ് സേവനത്തിന് തയ്യാറാകുന്നത്.