പ്രകൃതി വാതകത്തെ മീന്‍ തീറ്റയാക്കി മാറ്റാനുള്ള പദ്ധതിയുമായി ഖത്തര്‍ കമ്പനി
1 min readദോഹആസ്ഥാനമായ ഇന്‍ഡസ്ട്രിയല്‍ ബയോടെക് നിക്ഷേപകരായ ഗള്‍ഫ് ബയോടെക് ആണ് ഈ നൂതന പദ്ധതിക്ക് പിന്നില്‍
ദുബായ്: പ്രകൃതി വാതകത്തില്‍ നിന്നും മീന്‍തീറ്റയ്ക്കും കാലിത്തീറ്റയ്ക്കുമുള്ള പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ഖത്തര്‍ കമ്പി. രാജ്യത്തെ വന്‍ പ്രകൃതി വാതക നിക്ഷേപം ഇതിനായി ഉപയോഗപ്പെടുത്താനാണ് പദ്ധതി. ദോഹ ആസ്ഥാനമായ ഇന്‍ഡസ്ട്രിയല്‍ ബയോടെക് നിക്ഷേപകരായ ഗള്‍ഫ് ബയോടെക് ആണ് ഈ നൂതന പദ്ധതിക്ക് പിന്നില്‍. ഖത്തറില്‍ സുസ്ഥിര, ജൈവ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഗള്‍ഫ് ബയോടെക് യൂണിബയോയുമായി കരാറില്‍ ഒപ്പുവെച്ചു.
പ്രകൃതി വാതക നിക്ഷേപം ധാരാളമായുള്ള ഖത്തര്‍ യൂണിപ്രോട്ടീന്‍ ഉല്‍പ്പാദനത്തിന് ഏറ്റവും മികച്ച ഇടമാണെന്ന് യൂണിബയോ സിഇഒ ബസ്‌ക് ലാര്‍സന്‍ പറഞ്ഞു. തുടക്കത്തില്‍ നാല് പ്രോട്ടീന്‍ ഫെര്‍മെന്റിംഗ് യന്ത്രങ്ങള്‍ അടങ്ങിയ ഒരു മോഡ്യൂള്‍ ഉള്ള പ്ലാന്റിനായുള്ള കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. 6,000 ടണ്‍ യൂണിപ്രോട്ടീന്‍ ആയിരിക്കും പ്ലാന്റിന്റെ വാര്‍ഷിക ഉല്‍പ്പാദന ശേഷി. മോഡുലാര്‍ ഡിസൈനിലുള്ള സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാകും പ്ലാന്റ് പ്രവര്‍ത്തിക്കുകയെന്നും ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി പിന്നീട് കൂടുതല്‍ മൊഡ്യൂളുകള്‍ കൂട്ടിച്ചേര്‍ക്കാമെന്നും കമ്പനി അറിയിച്ചു.
പ്ലാന്റില്‍ നിര്‍മിക്കുന്ന യൂണിപ്രോട്ടീന്‍ മീനുകള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള ഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ ആയി ഉപയോഗിക്കാന്‍ കഴിയും. പ്രകൃതി വാതകത്തെ പ്രോട്ടീന്‍ ചെടിയാക്കി മാറ്റുന്ന മേഖലയിലെ ആദ്യ പ്ലാന്റ് ആയിരിക്കും ഇത്. യൂണിബയോയുടെ യു-ലൂപ് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുക. പ്രകൃതി വാതകത്തെ നിരന്തരമായ ഫെര്‍മെന്റേഷനിലൂടെ യൂണിപ്രോട്ടീനാക്കി മാറ്റുകയാണ് ചെയ്യുക.
മീന്‍ തീറ്റ, സോയ തുടങ്ങി പരമ്പരാഗത പ്രോട്ടീനുകളെ അപേക്ഷിച്ച് യൂണിപ്രോട്ടീന്‍ വളരെ മികച്ചതും സ്ഥിരതയുള്ളതും ആയിരിക്കുമെന്ന് ഗള്‍ഫ് ബയോടെക് അവകാശപ്പെട്ടു. സോയ പ്രോട്ടീനിനെ അപേക്ഷിച്ച്, യൂണിപ്രോട്ടീന്‍ ഉല്‍പ്പാദനത്തിന് 1/300 ജലവും 1/25,000 ഭൂമിയും മാത്രമേ ആവശ്യമുള്ളുവെന്നും കമ്പനി പറഞ്ഞു.