2021 ഒന്നാം പാദം റീട്ടെയ്ല്‍ ആസ്തികളിലെ പിഇ നിക്ഷേപം 484 മില്യണ്‍ ഡോളര്‍
1 min readഭവന ആസ്തികളുടെ കാര്യത്തില്‍ 2021 ആദ്യപാദത്തില്‍ മൊത്തം 234 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഏഴ് ഡീലുകളാണ് ഉണ്ടായത്
ന്യൂഡെല്‍ഹി: ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപം രാജ്യത്തെ റീട്ടെയ്ല്‍ ആസ്തികളില്‍ 484 മില്യണ്‍ ഡോളറിന്‍റെ സ്വകാര്യ ഇക്വിറ്റി നിക്ഷേപം രേഖപ്പെടുത്തി . 2020 ഒന്നാം പാദത്തിലെ 220 മില്യണ്‍ ഡോളറില്‍ നിന്ന് 120 ശതമാനം വര്‍ധനയാണ് ഇതെന്നും ക്നൈറ്റ്ഫ്രാങ്ക് ഇന്ത്യ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്ലാക്ക്സ്റ്റോണും പ്രസ്റ്റീജും തമ്മിലുള്ള വലിയ ഇടപാടാണ് കണക്കിലെ ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. ഒന്നിലധികം റീട്ടെയില്‍, ഓഫീസ്, ഹോസ്പിറ്റാലിറ്റി ആസ്തികള്‍ ഉള്‍പ്പെട്ടതാണ് ഈ ഇടപാട്. 2011 മുതലുള്ള കാലയളവില്‍ 26 ഡീലുകളിലായി 3.2 ബില്യണിന്‍റെ ഇക്വിറ്റി നിക്ഷേപമാണ് രാജ്യത്തെ റീട്ടെയില്‍ സ്പെയ്സ് നേടിയിട്ടുള്ളത്.
കോവിഡ് -19 പ്രതിസന്ധിയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലകളിലൊന്ന് ചില്ലറവ്യാപാര മേഖലയാണെന്നും ക്നൈറ്റ് ഫ്രാങ്കിന്‍റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിരവധി മാളുകള്‍ അടച്ചുപൂട്ടാന്‍ മഹാമാരി സാഹചര്യമൊരുക്കി. എങ്കിലും ദീര്‍ഘ കാലയളവില്‍ ഇന്ത്യയുടെ റീട്ടെയ്ല്‍ മേഖലയെ കുറിച്ച് നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. തയ്യാറായതും പുതിയതുമായ റീട്ടെയ്ല്‍ ആസ്തികളില്‍ നിക്ഷേപിക്കുന്നതില്‍ ആഗോള നിക്ഷേപകര്‍ അനുകൂല മനോഭാവം പുലര്‍ത്തുന്നതായാണ് വിലയിരുത്തല്‍.
ഭവന ആസ്തികളുടെ കാര്യത്തില്‍ 2021 ആദ്യപാദത്തില്‍ മൊത്തം 234 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഏഴ് ഡീലുകളാണ് ഉണ്ടായത്. ഇത് 2020 ലെ മൊത്തം നിക്ഷേപത്തിന്‍റെ 64 ശതമാനവും 2019ലെ മൊത്തം നിക്ഷേപത്തിന്‍റെ 38 ശതമാനവുമാണ്. ലോക്ക്ഡൗണിനു ശേഷമുണ്ടായ സര്‍ക്കാര്‍ നടപടികളും മറ്റ് സാഹചര്യങ്ങളും മൂലം കഴിഞ്ഞ മൂന്നോ നാലോ പാദങ്ങളിലായി ഭവന വില്‍പ്പനയില്‍ വീണ്ടെടുപ്പ് പ്രകടമായി. കഴിഞ്ഞ പാദത്തില്‍ 44 ശതമാനം വര്‍ധന ഭവന വില്‍പ്പനയില്‍ ഉണ്ടായെന്നും ക്നൈറ്റ്ഫ്രാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവുമധികം റെസിഡന്‍ഷ്യല്‍ നിക്ഷേപം (ഇക്വിറ്റി പ്ലസ് ഡെറ്റ്) മുംബൈയിലാണ് ഉണ്ടായത്. മൊത്തം 44 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇടപാടുകളാണ് മുംബൈയില്‍ ഉണ്ടായത്. ന്യൂഡെല്‍ഹി രാജ്യതലസ്ഥാന മേഖലയില്‍ 55 മില്യണ്‍ ഡോളറിന്‍റെയും ചെന്നൈയില്‍ 24 മില്യണ്‍ ഡോളറിന്‍റെയും ഇടപാടുകള്‍ നടന്നു. കഴിഞ്ഞ ദശകത്തില്‍ ഇക്വിറ്റിയില്‍ നിന്ന് ഡെറ്റിലേക്ക് മാറിയ നിക്ഷേപകരുടെ മുന്‍ഗണന 2020ലും 2021 ആദ്യപാദത്തിലും വീണ്ടും ഇക്വിറ്റിക്ക് അനുകൂലമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. എങ്കിലും കോവിഡ് 19 രണ്ടാം തരംഗത്തിന്‍റെ മുന്നോട്ട്പോക്ക് ഇതിന്‍റെ ദിശയില്‍ മാറ്റം വരുത്തിയേക്കും എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.