September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നാല് വര്‍ഷത്തിനപ്പുറം ഇലക്ട്രിക് ഫെറാറി!

ഫെറാറിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ജോണ്‍ എല്‍ക്കാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു

മറനെല്ലോ: ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025 ല്‍ അനാവരണം ചെയ്യും. ഫെറാറിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ചെയര്‍മാന്‍ ജോണ്‍ എല്‍ക്കാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പുതു തലമുറകളിലേക്ക് ഫെറാറിയുടെ സവിശേഷതയും അഭിനിവേശവും കൈമാറുന്നതായിരിക്കും തങ്ങളുടെ ആദ്യ പൂര്‍ണ വൈദ്യുത വാഹനമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുകാലമായി ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് സൂപ്പര്‍കാര്‍ കമ്പനി. എന്നാല്‍ എപ്പോള്‍ വിപണിയിലെത്തുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ഇലക്ട്രിക് കാറിന് അനുയോജ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തു. മറനെല്ലോയിലെ ഭാവനാശാലികളായ തങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ഫെറാറിയുടെ ചരിത്രത്തിലെ സുപ്രധാന മോഡല്‍ സങ്കല്‍പ്പിക്കാന്‍ കഴിയുമെന്ന് ജോണ്‍ എല്‍ക്കാന്‍ പ്രസ്താവിച്ചു. 4 വീല്‍ ഡ്രൈവ്, 2 സീറ്റര്‍ മോഡലിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഫെറാറിയെന്ന് കഴിഞ്ഞ വര്‍ഷം ചോര്‍ന്ന പാറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഓരോ ചക്രത്തിലും ഒന്നുവീതം ഇലക്ട്രിക് മോട്ടോര്‍ നല്‍കും.

തങ്ങളുടെ നിലവാരത്തിന് യോജിച്ച കാര്‍ നിര്‍മിക്കുന്നതിന് ഇലക്ട്രിക് സാങ്കേതികവിദ്യ അനുവദിക്കുന്നതുവരെ ബാറ്ററി ഇലക്ട്രിക് വാഹനം വിപണിയില്‍ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം ഫെറാറിയുടെ വാണിജ്യ വിഭാഗം മേധാവി എന്റിക്കോ ഗാലിയേര പ്രസ്താവിച്ചിരുന്നു. പുതിയ സാങ്കേതികവിദ്യ സ്വായത്തമായാല്‍ വിപണിയില്‍ പുതുതായി എന്തെങ്കിലും അവതരിപ്പിക്കേണ്ടതായി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പുതിയ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഫെറാറി എപ്പോഴും ഈ വിധമാണ് പ്രവര്‍ത്തിച്ചതെന്ന് എന്റിക്കോ ഗാലിയേര പറയുകയുണ്ടായി. പുതിയ സാങ്കേതികവിദ്യകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഫെറാറിയുടെ ഡിഎന്‍എയുടെ ഭാഗമാണെന്നും പറഞ്ഞിരുന്നു. വാര്‍ഷിക പൊതുയോഗത്തില്‍ ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ജോണ്‍ എല്‍ക്കാന്‍ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ വര്‍ഷം എന്റിക്കോ ഗാലിയേര പ്രസ്താവിച്ച സാഹചര്യങ്ങള്‍ വന്നുചേര്‍ന്നതായി വിലയിരുത്താം.

Maintained By : Studio3