ജിഎച്ച്എഡിസിയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
1 min readഷില്ലോംഗ്: മേഘാലയയിലെ ഗാരോ ഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലില്‍ (ജിഎച്ച്എഡിസി) പ്രതിപക്ഷമായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 29 അംഗ കൗണ്‍സിലില്‍ 12 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. ഭരണകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) 11 സീറ്റുകള്‍ നേടി.ഏപ്രില്‍ 12 നാണ് ജിഎച്ച്എഡിസിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്,വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ചു.
എന്‍പിപിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയന്‍സിലെ (എംഡിഎ) പങ്കാളിയായ ബിജെപി രണ്ട്സീറ്റുകളില്‍ വിജയിച്ചു.ഗാരോ നാഷണല്‍ കൗണ്‍സില്‍ ഒരു സീറ്റിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മൂന്നു സീറ്റിലും വിജയിച്ചു.പ്രാദേശിക പാര്‍ട്ടിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് എക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല. പ്രധാനസീറ്റായ ടുറയില്‍ ബിജെപിയുടെ ബെര്‍ണാഡ് മാരക് വിജയിച്ചു. ഇത് മുഖ്യമന്ത്രി കോണ്‍റാഡ് കെ സംഗ്മയുടെ സൗത്ത് ടുറ അസംബ്ലി മണ്ഡലത്തിലാണ്. സര്‍ക്കാരുമായി നേരത്തെ കരാര്‍ ഒപ്പിട്ട തീവ്രവാദ സംഘടനയായ അച്ചിക് നാഷണല്‍ വൊളണ്ടിയര്‍ കൗണ്‍സിലിലെ മുന്‍ അംഗമായിരുന്നു മാരക്.
ബിജെപി എന്‍പിപിയെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നും ജിഎഎഡിസി ഭരിക്കാന്‍ മൂന്ന് സ്വതന്ത്രരുടെ പിന്തുണ നേടാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും എന്‍പിപി വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്തെ മൂന്ന് ദശലക്ഷം ജനസംഖ്യയുടെ 86.15 ശതമാനം വരുന്ന ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനായി മേഘാലയയില്‍ മൂന്ന് ആദിവാസി സ്വയംഭരണ ജില്ലാ കൗണ്‍സിലുകളുണ്ട് – ഖാസി ഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍, ജയന്തിയ ഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍, ജിഎച്ച്എഡിസി എന്നിവയാണത്.