‘സ്പാര്‍ക്ക് 7’ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുമായി ടെക്‌നോ
ഏപ്രില്‍ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണില്‍ വില്‍പ്പന ആരംഭിക്കും
ന്യൂഡെല്‍ഹി: ടെക്‌നോ സ്പാര്‍ക്ക് 7 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടെക്‌നോയില്‍നിന്നുള്ള എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആണ് സ്പാര്‍ക്ക് 7. വലിയ 6,000 എംഎഎച്ച് ബാറ്ററി, പിറകില്‍ ഇരട്ട കാമറകള്‍, സെല്‍ഫി ഫ്‌ളാഷ് എന്നിവയോടെയാണ് ടെക്‌നോ സ്പാര്‍ക്ക് 7 വരുന്നത്. ടൈം ലാപ്‌സ്, വീഡിയോ ബൊക്കേ, സ്ലോമോ എന്നിവ പ്രീലോഡഡ് ഫീച്ചറുകളാണ്. പോക്കോ സി3, മൈക്രോമാക്‌സ് ഇന്‍ 1ബി, റെഡ്മി 9എ എന്നിവയാണ് എതിരാളികള്‍.
രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,499 രൂപയും 3 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,499 രൂപയുമാണ് വില. മാഗ്നറ്റ് ബ്ലാക്ക്, മോര്‍ഫിയസ് ബ്ലൂ, സ്പ്രൂസ് ഗ്രീന്‍ എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. ഏപ്രില്‍ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണില്‍ വില്‍പ്പന ആരംഭിക്കും. ലോഞ്ച് ഓഫറുകളായി 500 രൂപ വിലക്കിഴിവ് ലഭിക്കും. ഇതോടെ പരിമിത കാലത്തേക്ക് 6,999 രൂപ മുതലാണ് പ്രാരംഭ വില.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ടെക്‌നോ സ്പാര്‍ക്ക് 7 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് (2 ജിബി റാം വേരിയന്റില്‍ ആന്‍ഡ്രോയ്ഡ് 11 ഗോ എഡിഷന്‍). ഹായ്ഒഎസ് 7.5 സ്‌കിന്‍ സോഫ്റ്റ്‌വെയര്‍ മുകളിലായി പ്രവര്‍ത്തിക്കും. 20:9 കാഴ്ച്ച അനുപാതം, 90.34 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, 480 നിറ്റ് പരമാവധി തെളിച്ചം എന്നിവയോടെ 6.52 ഇഞ്ച് എച്ച്ഡി പ്ലസ് (720, 1600 പിക്‌സല്‍) ‘ഡോട്ട് നോച്ച്’ ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. 2 ജിബി റാം വേരിയന്റിന് കരുത്തേകുന്നത് ക്വാഡ് കോര്‍ മീഡിയടെക് ഹീലിയോ എ20 എസ്ഒസിയാണ്. 3 ജിബി റാം വേരിയന്റിന് കരുത്തേകുന്നത് ഒക്റ്റാ കോര്‍ മീഡിയടെക് ഹീലിയോ എ25 എസ്ഒസി.