സോണി ബ്രാവിയ എക്‌സ്80ജെ സീരീസ് ടിവികള്‍ പുറത്തിറക്കി
43 ഇഞ്ച് മുതല്‍ 75 ഇഞ്ച് വരെ വലുപ്പമുള്ള സ്മാര്‍ട്ട് ടിവികളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്
ന്യൂഡെല്‍ഹി: സോണി ബ്രാവിയ എക്‌സ്80ജെ സീരീസ് ടെലിവിഷനുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 43 ഇഞ്ച് മുതല്‍ 75 ഇഞ്ച് വരെ വലുപ്പമുള്ള സ്മാര്‍ട്ട് ടിവികളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്. തല്‍ക്കാലം 65 ഇഞ്ച് മോഡല്‍ മാത്രമായിരിക്കും ലഭിക്കുന്നത്. മറ്റ് മോഡലുകള്‍ വൈകാതെ പ്രഖ്യാപിക്കും. 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേകള്‍, ആപ്പിള്‍ ഹോംകിറ്റ് സപ്പോര്‍ട്ട്, ഡോള്‍ബി വിഷന്‍ എന്നിവയോടെയാണ് സോണി ബ്രാവിയ എക്‌സ്80ജെ സീരീസ് വരുന്നത്. എല്ലാ വേരിയന്റുകളുടെയും വില സോണി വെളിപ്പെടുത്തിയിട്ടില്ല. സോണി ബ്രാവിയ കെഡി 65എക്‌സ്80ജെ എന്ന 65 ഇഞ്ച് മോഡലിന് ഏകദേശം 1.3 ലക്ഷം രൂപയാണ് വില. എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകളിലും ഇ കൊമേഴ്‌സ് പോര്‍ട്ടലുകളിലും ലഭിക്കും.
75 ഇഞ്ച്, 65 ഇഞ്ച്, 55 ഇഞ്ച്, 50 ഇഞ്ച്, 43 ഇഞ്ച് മോഡലുകളാണ് സോണി ബ്രാവിയ എക്‌സ്80ജെ സീരീസില്‍ ഉള്‍പ്പെടുന്നത്. എക്‌സ്1 4കെ എച്ച്ഡിആര്‍ പ്രൊസസറാണ് കരുത്തേകുന്നത്. ട്രിലുമിനോസ് പ്രോ ഡിസ്‌പ്ലേ സവിശേഷതയാണ്. ഗൂഗിള്‍ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബില്‍റ്റ് ഇന്‍ ഗൂഗിള്‍ അസിസ്റ്റന്റ് നല്‍കി. ഉപയോക്താക്കളുടെ ശബ്ദ നിര്‍ദേശങ്ങള്‍ ശ്രവിക്കുന്നതിന് ഇന്‍ബില്‍റ്റ് മൈക്രോഫോണുകള്‍ നല്‍കിയിരിക്കുന്നു. ആപ്പിള്‍ ഹോം കിറ്റ്, എയര്‍പ്ലേ സപ്പോര്‍ട്ട് വഴി ആപ്പിള്‍ ഡിവൈസുകള്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ കഴിയും. ഡോള്‍ബി വിഷന്‍, ഡോള്‍ബി ആറ്റ്‌മോസ് ലഭിച്ചതാണ് സോണി ബ്രാവിയ എക്‌സ്80ജെ സീരീസ്. മികച്ച ശബ്ദാനുഭവത്തിനായി എക്‌സ് ബാലന്‍സ്ഡ് സ്പീക്കര്‍ നല്‍കി. പൊടി, ഈര്‍പ്പം, ഇടിമിന്നല്‍ ആഘാതങ്ങള്‍, വൈദ്യുതി വിതരണത്തിലെ വ്യതിയാനങ്ങള്‍ എന്നിവയില്‍നിന്ന് സംരക്ഷിക്കുന്നതിന് സോണിയുടെ ‘എക്‌സ് പ്രൊട്ടക്ഷന്‍ പിആര്‍ഒ’ സാങ്കേതികവിദ്യ ടിവികളുടെ സവിശേഷതയാണ്.
ഡയറക്റ്റ് എല്‍ഇഡി ബാക്ക്‌ലൈറ്റിംഗ്, ഫ്രെയിം ഡിമ്മിംഗ് എന്നിവ സഹിതം 4കെ ഡിസ്‌പ്ലേ ലഭിച്ചതാണ് സോണി ബ്രാവിയ കെഡി 65എക്‌സ്80ജെ എന്ന 65 ഇഞ്ച് മോഡല്‍. ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ്, 60 ഹെര്‍ട്‌സ് വരെ റിഫ്രെഷ് നിരക്ക്, മോഷന്‍ഫ്‌ളോ എക്‌സ്ആര്‍ 200 സാങ്കേതികവിദ്യ, എച്ച്ഡിആര്‍10 സപ്പോര്‍ട്ട്, എച്ച്എല്‍ജി, ഡോള്‍ബി വിഷന്‍, ഡോള്‍ബി ആറ്റ്‌മോസ്, ഡിടിഎസ് ഡിജിറ്റല്‍ സറൗണ്ട് എന്നിവ സവിശേഷതകളാണ്. രണ്ട് 10 വാട്ട് സ്പീക്കറുകള്‍ നല്‍കി. 16 ജിബി സ്റ്റോറേജ് ലഭിച്ചു. നാല് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ഒരു ഹെഡ്‌ഫോണ്‍ ജാക്ക്, ബ്ലൂടൂത്ത് 4.2, വൈഫൈ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.