പ്രൊഫൈല്‍ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്; സംഭവിച്ചത് ഡാറ്റാ ചോര്‍ച്ചയല്ലെന്ന് ലിങ്ക്ഡ്ഇന്‍
തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് 530 മില്യണോളം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വെളിപ്പെടുത്തല്‍ ഈ ആഴ്ച ആദ്യമാണ് ഫേസ്ബുക്ക് നടത്തിയത്
വാഷിംഗ്ടണ്‍: 500 ദശലക്ഷം ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകളില്‍ നിന്നുള്ള ഡാറ്റാ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കെത്തി. ഫെയ്സ്ബുക്കിലെ ഉപയോക്തൃ വിവരങ്ങള്‍ ചോര്‍ന്നത് സൃഷ്ടിച്ച കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് സൈബര്‍ സുരക്ഷയെയും ഡാറ്റാ സുരക്ഷയെയും കുറിച്ച് ആഗോള വ്യാപകമായി ആശങ്കയുണര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ സംഭവിച്ചത് ഡാറ്റാ ചോര്‍ച്ചയല്ലെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് വ്യക്തമാക്കുന്നത്.
പൊതുവായി എല്ലാവര്‍ക്കും കാണാവുന്ന പ്രൊഫൈല്‍ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള ലിങ്ക്ഡ്ഇന്‍ ഡാറ്റയാണ് ശേഖരിച്ച് വില്‍പ്പനയ്ക്കായി ചിലര്‍ എത്തിച്ചിട്ടുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ പ്രസ്താവനയില്‍ ലിങ്ക്ഡ്ഇന്‍ പറയുന്നു. സംഭവം ഒരു ഡാറ്റാ വീഴ്ചയല്ല, പ്ലാറ്റ്ഫോമില്‍ നിന്നുള്ള പ്രൈവറ്റ് മെംബര്‍ എക്കൗണ്ട് ഡാറ്റയൊന്നും വില്‍പ്പനയ്ക്ക് എത്തിയതില്‍ ഉള്‍പ്പെടുന്നില്ല. നിരവധി വെബ്സൈറ്റുകളില്‍ നിന്നും കമ്പനികളില്‍ നിന്നുമാണ് ഡാറ്റകള്‍ സമാഹരിച്ചിട്ടുള്ളതെന്നും ഒരു ബ്ലോഗ് പോസ്റ്റില്‍ ലിങ്ക്ഡ്ഇന്‍ വിശദീകരിച്ചു.
എത്രത്തോളം ഉപയോക്താക്കളുടെ വിവരങ്ങളാണ് വില്‍പ്പനയ്ക്കായി എത്തിയത് എന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടില്ല. 500 ദശലക്ഷം ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകളില്‍ നിന്ന് കരസ്ഥമാക്കിയ ഡാറ്റയുടെ ഒരു ശേഖരം പ്രചാരത്തിലുള്ള ഹാക്കര്‍ ഫോറത്തില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് ‘സൈബര്‍ ന്യൂസ്’ ഏപ്രില്‍ 6 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് 530 മില്യണോളം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വെളിപ്പെടുത്തല്‍ ഈ ആഴ്ച ആദ്യമാണ് ഫേസ്ബുക്ക് നടത്തിയത്. കോണ്‍ടാക്റ്റുകള്‍ സമന്വയിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമിലെ ടൂളില്‍ സംഭവിച്ച ചില പിഴവുകള്‍ ദുരുപയോഗപ്പെടുത്തിയാണ് ചിലര്‍ വിവരങ്ങള്‍ കരസ്തമാക്കിയമത്.
2019 സെപ്റ്റംബറിന് മുമ്പാണ് ഈ ഡാറ്റ ചോര്‍ച്ച ഉണ്ടായതെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. ഉപയോക്തൃ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെ ലഭ്യമാകുന്നു എന്ന തരത്തില്‍ നേരത്തേയും വലിയ വിവാദങ്ങള്‍ ഫേസ്ബുക്ക് നേരിട്ടുണ്ട്. വിവിധ ഭരണകൂടങ്ങള്‍ ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് കമ്പനിക്ക് പിഴ ചുമത്തിയിട്ടുണ്ട്.