ജിഎസ്ടി ഫയലിംഗ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കി
1 min readസേവ് ചെയ്തതും എന്നാല്‍ സമര്‍പ്പിക്കാത്തതുമായ ഐഎഫ്എഫ് രേഖകള്‍ ജിഎസ്ടിആര്‍ -1 ഫയല്‍ ചെയ്യുന്നതിന് മുമ്പ് റീസെറ്റ് ബട്ടണ്‍ ഉപയോഗിച്ച് ഇല്ലാതാക്കണം
ന്യൂഡെല്‍ഹി: ജിഎസ്ടിയുടെ ത്രൈമാസ റിട്ടേണ്‍ ഫയലിംഗ്, പ്രതിമാസ നികുതി അടയ്ക്കല്‍ (ക്യുആര്‍എംപി) സ്കീം എന്നിവയ്ക്കു കീഴില്‍ വരുന്ന നികുതിദായകരുടെ നടപടികള്‍ കൂടുതല്‍ ഉദാരമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കവുമായി ബന്ധപ്പെട്ട ഇന്‍വോയ്സുകള്‍ ഓരോ പാദത്തിന്‍റെയും അവസാന മാസത്തില്‍ സമര്‍പ്പിക്കുന്ന ത്രൈമാസ റിട്ടേണ്‍ ഫോം ജിഎസ്ടിആര്‍ 1 ല്‍ ഉള്‍പ്പെടുത്താന്‍ ഈ ടാക്സ് ഫയലര്‍മാര്‍ക്ക് ഇപ്പോള്‍ അനുവാദമുണ്ട്.
പാദത്തിലെ ആദ്യ രണ്ടു മാസങ്ങള്‍ക്കായുള്ള, അതായത് ജനുവരിക്കും ഫെബ്രുവരിക്കുമായുള്ള സേവ് ചെയ്തതും എന്നാല്‍ സമര്‍പ്പിക്കാത്തതുമായ ഐഎഫ്എഫ് (ഇന്‍വോയ്സ് ഫര്‍ണിഷിംഗ് ഫെസിലിറ്റി) രേഖകള്‍ ജിഎസ്ടിആര്‍ -1 ഫയല്‍ ചെയ്യുന്നതിന് മുമ്പ് റീസെറ്റ് ബട്ടണ്‍ ഉപയോഗിച്ച് ഇല്ലാതാക്കണമെന്ന് ജിഎസ്ടി നെറ്റ്വര്‍ക്ക് ഇതു സംബന്ധിച്ച് നികുതിദായകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം ഈ രേഖകള്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ ജിഎസ്ടിആര്‍ -1 ല്‍ ചേര്‍ക്കണമെന്നും നിര്‍ദേശിക്കുന്നു. തുടര്‍ന്നുള്ള പാദങ്ങളില്‍ ഈ പ്രശ്നം ഉയര്‍ന്നു വരില്ലെന്നും ജിഎസ്ടിഎന്‍ വ്യക്തമാക്കുന്നു.
സമര്‍പ്പിക്കുകയും എന്നാല്‍ ഫയല്‍ ചെയ്യാത്തതുമായ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഐഎഫ്എഫുകള്‍ ജനുവരി-മാര്‍ച്ച് പാദത്തിലെ ജിഎസ്ടിആര്‍ 1 ഫയല്‍ ചെയ്യുന്നതിനു മുന്നോടിയായി തന്നെ ഫയല്‍ ചെയ്യണമെന്നും ജിഎസ്ടിഎന്‍ നിര്‍ദേശിട്ടുണ്ട്. ക്യുആര്‍എംപി സ്കീം പ്രകാരം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ ത്രൈമാസ ജിഎസ്ടിആര്‍ -1 ഫയല്‍ ചെയ്യുന്നതിനുള്ള ഉപദേശം നല്‍കിയിട്ടുണ്ട്.
ക്യുആര്‍എംപി സ്കീമിന് കീഴിലുള്ള നികുതിദായകര്‍ക്ക് പാദത്തിന്‍റെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്‍വോയ്സ് ഫര്‍ണിഷിംഗ് ഫെസിലിറ്റി (ഐഎഫ്എഫ്) ഫയല്‍ ചെയ്യാനും മൂന്നാം മാസത്തില്‍ ഫോം ജിഎസ്ടിആര്‍ -1 ഫയല്‍ ചെയ്യാനും സൗകര്യമുണ്ട്. ഐഎഫ്എഫ് ഒരു ഓപ്ഷണല്‍ സൗകര്യമായതിനാല്‍ അവസാന തീയതിക്ക് ശേഷം ഇത് ഫയല്‍ ചെയ്യാന്‍ കഴിയില്ല.