ജനുവരി റിപ്പോര്‍ട്ട് : കയറ്റുമതിയില്‍ 5.37 % വര്‍ധന, ഇറക്കുമതിയില്‍ 2%
1 min readസ്വര്‍ണ്ണ ഇറക്കുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 154 ശതമാനം ഉയര്‍ന്ന് 2.45 ബില്യണ്‍ ഡോളറിലെത്തി
ന്യൂഡെല്‍ഹി: വാണിജ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 5.37 ശതമാനം വര്‍ധിച്ച് 27.24 ബില്യണ്‍ ഡോളറിലെത്തി. ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് മേഖലകളിലെ വളര്‍ച്ചയാണ് ഇതിന് മുഖ്യ കാരണം. ഈ മേഖലകളിലെ കയറ്റുമതി യഥാക്രമം 16.4 ശതമാനവും (293 മില്യണ്‍ ഡോളര്‍) 19 ശതമാനവും (1.16 ബില്യണ്‍ ഡോളര്‍) വര്‍ധിച്ചു.
അതേസമയം, ജനുവരിയിലെ ഇറക്കുമതി രണ്ട് ശതമാനം ഉയര്‍ന്ന് 42 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. കണക്കു പ്രകാരം 14.75 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണ് ജനുവരിയില്‍ ഉണ്ടായിട്ടുള്ളത്. 2021-ന്റെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ഇറക്കുമതി 6.58 ശതമാനം ഉയര്‍ന്ന് 18.02 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. സ്വര്‍ണം, മുത്തുകള്‍, മൂല്യമുള്ളതും ഭാഗിക മൂല്യമുള്ളതുമായ കല്ലുകള്‍ എന്നിവയുടെ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചു. ജനുവരി 1 മുതല്‍ 14 വരെയുള്ള കാലയളവില്‍ സ്വര്‍ണ ഇറക്കുമതിയില്‍ 452.1 മില്യണ്‍ ഡോളറിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്.
ജനുവരി അവസാനത്തിലെ കണക്കു പ്രകാരം സ്വര്‍ണ്ണ ഇറക്കുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 154 ശതമാനം ഉയര്‍ന്ന് 2.45 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ഇതര ഇറക്കുമതി 15.81 ശതമാനം വര്‍ധിച്ച് 32.59 ബില്യണ്‍ ഡോളറിലെത്തി.പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകള്‍ എന്നിവ ഒഴികെയുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ആദ്യ രണ്ടാഴ്ചയില്‍ മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 16.07 ശതമാനം ഉയര്‍ന്നു. ജനുവരി മാസത്തില്‍ ഇരുമ്പയിര് കയറ്റുമതി 108.66 ശതമാനം ഉയര്‍ന്ന് 0.27 ബില്യണ്‍ ഡോളറിലെത്തി.
യുഎസിലേക്കാണ് കൂടുതല്‍ കയറ്റുമതി നടന്നിട്ടുള്ളത്, 254.74 മില്യണ്‍ ഡോളറിന്റെ വര്‍ധന യുഎസിലേക്കുള്ള കയറ്റുമതിയില്‍ പ്രകടമായി. യുകെ, ഇന്തോനേഷ്യ എന്നിവയാണ് അടുത്ത രണ്ട് സ്ഥാനങ്ങളിലുള്ളത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയിലെല്ലാം കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇറക്കുമതിയുടെ കാര്യത്തില്‍, യുകെ, ചൈന, സിംഗപ്പൂര്‍ എന്നിവയാണ് പ്രധാന സ്രോതസ്സുകള്‍.
2020 മാര്‍ച്ചിനുശേഷം ഇന്ത്യ ഇറക്കുമതി, കയറ്റുമതി വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയത് ഡിസംബറിലാണ്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഈ വീണ്ടെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കുന്നത്.