മണപ്പുറം ഫിനാന്‍സ് അറ്റാദായത്തില്‍ 222.90 ശതമാനം വളർച്ച
കൊച്ചി: പ്രമുഖ നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ, അര്‍ധ വാര്‍ഷിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2026 സെപ്തംബര്‍ 30 നവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ 222.90 ശതമാനം വളര്‍ന്ന് 701 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 217 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം പോയ വര്ഷത്തേതിനെയപേക്ഷിച്ച് 46.2 ശതമാനം വര്‍ധിച്ച് 3356 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ വരുമാനം 2,296 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആസ്തി (AUM ) 60.1 ശതമാനം വളര്‍ന്ന് 73,303 കോടി രൂപയായി. സ്വര്‍ണ്ണ വായ്പാ ആസ്തി 92.5 ശതമാനം വളര്‍ച്ചയോടെ 60,640 കോടി രൂപ രേഖപ്പെടുത്തി. സ്വര്‍ണ്ണവായ്പയില്‍ നിന്നല്ലാത്ത വരുമാനം മൊത്തം ആസ്തിയുടെ 17.27 ശതമാനമാണ്. കമ്പനിയുടെ ചെറുകിട വായ്പാ സ്ഥാപനമായ ആശീര്‍വാദ് ഫിനാന്‍സ് രണ്ടാം പാദത്തില്‍ 32 കോടി രൂപ ലാഭമുണ്ടാക്കിയിട്ടുണ്ട്. ഇതേ കാലയളവില്‍ ആശിര്‍വാദ് 7,919 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കമ്പനിയുടെ മൊത്ത ലാഭം 1,286 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 350 കോടി രൂപയായിരുന്നു. മൊത്തത്തിലുള്ള പ്രവര്‍ത്തന വരുമാനം 6,403 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 4,546 കോടി രൂപയായിരുന്നു. ശാഖകളുടെ എണ്ണം 5,375 ആണ്. 2027 സാമ്പത്തിക വര്‍ഷം 2 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 1 രൂപ വീതം ഇടക്കാല ലാഭ വിഹിതമായി നല്കാന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. രണ്ടാം പാദത്തില്‍ കമ്പനിയുടെ ലാഭ വളര്‍ച്ചയിലും കൈകാര്യം ചെയ്യുന്ന ആസ്തിയിലും വന്‍ കുതിപ്പു രേഖപ്പെടുത്തിയതായി മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് മൊത്തലാഭത്തിലുണ്ടായ വര്‍ധന വരും പാദങ്ങളിലെ ശക്തമായ വളര്‍ച്ചയുടെ സൂചനയാണെന്നും അദ്ദേഹം വിലയിരുത്തി. സ്വര്‍ണ്ണ വായ്പാ മേഖലയുടെ ഭാവി ശോഭനമാണെന്നും വരും കാല വെല്ലുവിളികള്‍ നേരിടാന്‍ കമ്പനി പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
