November 13, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംരംഭകത്വം: നൂതനക്കാഴ്ചകളുമായി ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനങ്ങള്‍

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയായ ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയുടെ ലീല കണ്‍വെന്‍ഷന്‍ സെന്‍ററിലെ പ്രധാന വേദിയിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുന്നത് മൂന്ന് റോബോട്ടുകളാണ്. ഹ്യൂമനോയിഡ് വിഭാഗത്തിലെ ഈ റോബോട്ടുകള്‍ വെറും തുടക്കം മാത്രം. നിത്യജീവിതത്തെ അനായാസകരമാക്കുന്നതും ആരോഗ്യപരിപാലന രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോന്നതുമായ നിരവധി സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. പ്രതിരോധാവശ്യങ്ങള്‍ക്കായുള്ള റോബോട്ടിക്സ് കവചിത വാഹനങ്ങളും വ്യാവസായികാവശ്യത്തിനുള്ള ഹ്യൂമനോയിഡുകളടക്കം നിര്‍മ്മിക്കുന്ന ഐ ഹബ് റോബോട്ടിക്സ്, വസിഷ്ഠ റിസര്‍ച്ച്, തുടങ്ങിയവ ഡീപ്ടെക് വിഭാഗത്തിലെ മികച്ച സാന്നിദ്ധ്യങ്ങളാണ്. ആയിരം കിലോ വഹിക്കാന്‍ ശേഷിയുള്ള റോബോട്ടിക് കവചിത വാഹനങ്ങള്‍, ആയുധങ്ങള്‍ കൈകാര്യം ചെയ്യാവുന്ന ഹ്യൂമനോയിഡുകള്‍ തുടങ്ങിയവ ഭാരതീയ പ്രതിരോധ സേനകള്‍ക്ക് വേണ്ടി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐ ഹബ് റോബോട്ടിക് സിഇഒ ആദില്‍ കൃഷ്ണ പറഞ്ഞു. ആരോഗ്യമേഖലയില്‍ ഭാവിവാഗ്ദാനമാകാന്‍ ശേഷിയുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് ഇവിടെ പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. വളര്‍ച്ചയെത്താതെ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കഴുത്തില്‍ ദ്വാരമുണ്ടാക്കാതെ ശ്വസിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ഹൈക്ക മെഡിക്കല്‍സ് ഇന്ത്യയുടേത്. നവജാത ശിശുപരിപാലനത്തില്‍ ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് കമ്പനിയുടെ പ്രൊഡക്ഷന്‍ മാനേജരായ അരുണ്‍ പി പറഞ്ഞു. അര്‍ബുദ രോഗചികിത്സയില്‍ നല്‍കുന്ന കീമോതെറാപ്പി മരുന്നുകളുടെ പാര്‍ശ്വഫലം കുറയ്ക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ചികിത്സാരീതിയും മരുന്നുകളുമാണ് വിവേക് ബയോഫാര്‍മ ഉത്പാദിപ്പിക്കുന്നത്. അര്‍ബുദരോഗ കോശങ്ങളുടെ ഭാഗത്ത് മാത്രം മരുന്നിന്‍റെ ഉപയോഗം നിജപ്പെടുത്തുന്നതാണ് ഈ സാങ്കേതികവിദ്യയെന്ന് കമ്പനിയുടെ സഹസ്ഥാപക ഡോ. ലിസി കൃഷ്ണന്‍ പറഞ്ഞു. ശ്വാസം ഊതുന്നതിലൂടെ ശ്വാസകോശാര്‍ബുദം കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് അക്കുബിറ്റ്സ് ഇന്‍വെന്‍റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്‍ററുമായി ചേര്‍ന്ന് ഇതിന്‍റെ പരീക്ഷണങ്ങള്‍ നടന്നു വരികയാണെന്ന് കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസര്‍ ഡോ. അശ്വതി ഉദയന്‍ പറഞ്ഞു. ഹൃദ്രോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്മാര്‍ട്ട് ഉപകരണങ്ങളും ക്ലിനിക്കല്‍ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുന്ന വേഫര്‍ചിപ്സ് ടെക്നോ സൊല്യൂഷന്‍സ്, ശരീരത്തില്‍ സ്പര്‍ശിക്കാതെ തന്നെ ആരോഗ്യപരവും ശാരീരികവുമായ അവസ്ഥകള്‍ അളക്കുന്ന സെന്‍സര്‍ സാങ്കേതികവിദ്യകളും അല്‍ഗോരിതങ്ങളും നിര്‍മ്മിക്കുന്ന കോണിഫ്ലുവന്‍സ് ഡീപ്ടെക്, വായിലെയും ഗര്‍ഭാശയഗളത്തിലെയും കാന്‍സര്‍ സാധ്യതകള്‍ വേദനരഹിതമായി നേരത്തെ കണ്ടെത്തുന്ന ‘ഓറല്‍സ്കാന്‍’ വികസിപ്പിക്കുന്ന സാസ്കാന്‍ മെഡിടെക് തുടങ്ങിയവയും ശ്രദ്ധേയമാണ്. മാനസികാരോഗ്യവും അതിസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന് കൗണ്‍സിലിംഗ്, മസാജിംഗ് തെറാപ്പി സേവനങ്ങള്‍ നല്‍കുന്ന ഹാപ്പിനസ് കെയറും ആരോഗ്യരംഗത്ത് സമസ്തമേഖലയെയും സ്പര്‍ശിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉദാഹരണമാണ്. പച്ചക്കറി തൈകള്‍ ഗ്രാഫ്റ്റ് ചെയ്യുന്നതിനുള്ള റോബോട്ടിക് സംവിധാനമാണ് ഗ്രാഫിറ്റോ എന്ന സ്റ്റാര്‍ട്ടപ്പിന്‍റെ ഉത്പന്നം. വേരുറപ്പ് ഇല്ലാത്ത തക്കാളി പോലുള്ള ചെടികളുടെ മുകുളങ്ങളോടു കൂടിയ ശാഖകള്‍ വേരുറപ്പ് കൂടിയ വഴുതന പോലുള്ള ചെടികളുടെ കടയ്ക്ക് ഗ്രാഫ്റ്റ് ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതുവഴി കാര്‍ഷികോത്പാദനം 10 മടങ്ങ് വരെ വര്‍ധിപ്പിക്കാനാകുമെന്ന് കമ്പനി സ്ഥാപകനായ ആബെല്‍ സി ഡിക്സണ്‍ പറഞ്ഞു. വന്‍കിട കൃഷി ചെയ്യുന്ന തമിഴ്നാട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് ഇതിന് ആവശ്യക്കാര്‍ കൂടുതലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴുക്കു ചാലുകളില്‍ സ്ഥിരമായി ഘടിപ്പിക്കാവുന്ന സെന്‍സര്‍ ഉപകരണവും പൈപ്പ് ലൈനിലൂടെ നിരീക്ഷണം നടത്താവുന്ന റോബോട്ടുമാണ് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എസ്ട്രോ ടെക് റോബോട്ടിക്സ് പുറത്തിറക്കിയിരിക്കുന്നത്. മാന്‍ഹോളിലെ വിഷവായുവിന്‍റെ അളവും വെള്ളം കവിയുന്നതിന്‍റെ തത്സമയ വിവരവും ഇതുവഴി ലഭിക്കും. തിരുവനന്തപുരത്ത് ഇതിനകം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന മെഷീന്‍ വഴിയുള്ള തത്സമയ ഡാറ്റയും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയതും കൃത്രിമ പ്രിസര്‍വേറ്റീവുകള്‍ ഇല്ലാത്തതുമായ സസ്യാധിഷ്ഠിത മാംസ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ മീറ്റ്, വിളവെടുപ്പിനു ശേഷം പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഫ്രൂവ്ടെക് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയും കാര്‍ഷിക ടെക്നോളജിയിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്. വനിതാ സംരംഭങ്ങളും എക്സ്പോയില്‍ സജീവമാണ്. പ്ലാസ്റ്റിക്കിന് പകരമായി പരിസ്ഥിതി സൗഹൃദ ഭക്ഷണ പാക്കേജിംഗ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വര്‍സ്യ ഇക്കോ സൊല്യൂഷന്‍സ്, വൈക്കോലില്‍ നിന്നുള്ള നാനോസെല്ലുലോസ് ഉപയോഗിച്ച് പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വനിതാ സംരംഭകത്വ സ്റ്റാര്‍ട്ടപ്പായ സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡോ. കവിത സന്തോഷിന്‍റെ നേതൃത്വത്തില്‍ മണ്ണിന്‍റെ ആരോഗ്യവും സുസ്ഥിര കൃഷിയും പ്രോത്സാഹിപ്പിക്കുന്ന വനിതാ സംരംഭകത്വ അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ബയോട്ട പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍, ചിരട്ടയില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലെ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന സുസ്ഥിര സംരംഭമായ തേങ്ങാക്കൊക്കോ തുടങ്ങിയവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ബഹിരാകാശ, പ്രതിരോധ മേഖലകള്‍ക്കായി തദ്ദേശീയ റോബോട്ടിക്സ്, ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന സ്ഥാപനമാണ് വസിഷ്ഠ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്. ക്വാണ്ടം സെന്‍സിംഗ്, ഡ്രോണുകള്‍ക്കുള്ള ആറ്റോമിക് റിസീവറുകള്‍, കാലാവസ്ഥാ റഡാര്‍ സാങ്കേതികവിദ്യകള്‍ എന്നിവയിലാണ് ഓഗ്സെന്‍സ്ലാബ് പ്രവര്‍ത്തിക്കുന്നത്. സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്ത് ഭൂമി സംബന്ധമായ അപകടസാധ്യതകള്‍ വിലയിരുത്തുന്ന വാച്ച്മാന്‍ പ്ലാറ്റ്‌ഫോമാണ് സെറ്റാ സ്പേസ് അവതരിപ്പിക്കുന്നത്. ചുവരുകളില്‍ ചിത്രങ്ങളും പരസ്യങ്ങളും വരയ്ക്കുന്ന ചുവര്‍ബോട്ട് എന്ന ഓട്ടോമേറ്റഡ് റോബോട്ടാണ് ടെവനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉത്പന്നം. ബിസിനസ്സ് ആശയങ്ങളെ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്ന എഐ സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകളാണ് ഐന്ദ്രിയ എഐ ആന്‍ഡ് ഡാറ്റാ ലാബ്സ് നിര്‍മ്മിക്കുന്നത്. ത്രീഡി പ്രിന്‍റിംഗ് പ്രക്രിയ എളുപ്പമാക്കുന്ന നാവ് എഐ എന്ന എഐ അധിഷ്ഠിത മാനുഫാക്ചറിംഗ് എഞ്ചിന്‍ ഡോണെല്‍ ഇന്‍ഡസ്ട്രീസ് വികസിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമായി 150 സ്റ്റാളുകളാണ് ഹഡില്‍ ഗ്ലോബലില്‍ ഒരുക്കിയിട്ടുള്ളത്.

  ടാറ്റ പവറിന് രണ്ടാം പാദത്തിൽ 1,652 കോടി രൂപ അറ്റാദായം
Maintained By : Studio3