September 18, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളം വന്‍കിട നിക്ഷേപങ്ങള്‍ക്ക് സജ്ജമെന്ന് മന്ത്രി

1 min read

തിരുവനന്തപുരം: വന്‍കിട നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് കേരളത്തില്‍ മികച്ച സാഹചര്യമാണുള്ളതെന്ന് വ്യവസായ-വാണിജ്യ-ഐടി-ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദീര്‍ഘമായ തീരപ്രദേശം, വിഴിഞ്ഞം തുറമുഖം, മികച്ച റെയില്‍-റോഡ്-വ്യോമ ഗതാഗത സൗകര്യങ്ങള്‍ എന്നിവ കേരളത്തിന് മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു. ‘റീഇമാജിനിംഗ് കേരളം’ പരിപാടിയുടെ ആദ്യദിനത്തില്‍ നടന്ന ഇന്‍വെസ്റ്റ് കേരളം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ ലഭ്യതയാണ് നിലവിലുള്ള പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാന്‍ ലാന്‍ഡ് ബാങ്കുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ‘സരള്‍ കേരളം’ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി അറിയിച്ചു. ഏകജാലക സംവിധാനത്തിലുടെ ആവശ്യമായ അനുമതികള്‍ സമയബന്ധിതമായി നല്‍കുകയാണ് ഇതിന്‍റെ ലക്ഷ്യം. പുതിയ നിക്ഷേപങ്ങളും ബിസിനസ് സംരംഭങ്ങളും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് ഇത് സഹായിക്കും. സാങ്കേതികവിദ്യാ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനായി നിരവധിയാളുകള്‍ മുന്നോട്ടുവരുന്നുണ്ട്. നിക്ഷേപകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കി പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും വിദേശ സര്‍വകലാശാലകളുമായി സഹകരിക്കുന്നതിനും നിക്ഷേപകരെ ക്ഷണിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചതായി സമ്മേളനത്തില്‍ സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലവിലുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ യുവതലമുറയ്ക്ക് സ്വന്തം നാട്ടില്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തേക്ക് വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും അവയ്ക്ക് വേഗത്തില്‍ അനുമതികള്‍ ലഭ്യമാക്കുന്നതിനുമായി ത്രിതല സംവിധാനം ഒരുക്കുന്നതും സമ്മേളനത്തില്‍ ചര്‍ച്ചയായി. ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കൗണ്‍സില്‍ (ഐഎസി), ഇന്‍വെസ്റ്റ് കേരളം സെല്‍ (ഐകെസി), സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്‍റ് സോണുകള്‍ (എസ്ഐഇസെഡ്) എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ സംവിധാനം. നിക്ഷേപകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് ഇന്‍വെസ്റ്റ് കേരളം സെല്‍, വിപണി വിവരങ്ങള്‍, ആഗോള പ്രവണതകള്‍, നിക്ഷേപ തന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കൗണ്‍സില്‍, പ്രത്യേക വ്യവസായ മേഖലകള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും വേഗത്തിലുള്ള അനുമതി സംവിധാനങ്ങളും ഒരുക്കുന്നതായിരിക്കും സ്പെഷ്യല്‍ ഇന്‍വെസ്റ്റ്മെന്‍റ് സോണുകള്‍. പുതിയ സംവിധാനത്തിലൂടെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 10,000 മുതല്‍ 20,000 കോടി രൂപ വരെ നിക്ഷേപവും 50,000 മുതല്‍ 75,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും ടെക്നോപാര്‍ക്കിന്‍റെ സ്ഥാപക സിഇഒയുമായ ജി. വിജയരാഘവന്‍, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, വ്യവസായ പ്രമുഖര്‍, കെഎസ്ഐഡിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 2026-27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനുളള ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായാണ് ‘റീഇമാജിനിംഗ് കേരളം’ എന്ന ത്രിദിന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

  ക്രീയേറ്റിവിറ്റി ടൂളുകൾ ജിയോ ഉപയോക്താക്കൾക്ക് സൗജന്യം
Maintained By : Studio3