ആത്മീയതയും, ഭൗതികവാദവും

ആത്മീയതയും, ഭൗതികവാദവും ഒരേപാതയിൽ മുന്നോട്ടുപോകുമോ?
അതു നിങ്ങൾ ഭൗതികവാദത്തെ എങ്ങിനെ നിർവചിക്കുന്നു എന്നതിനെ ആശ്രയിക്കുന്നു. അന്ധമായ ഉപഭോഗആസക്തി; മനുഷ്യനെയും പ്രകൃതിയെയും വെവ്വേറെയായികാണുന്ന ഒരു ദ്വൈതപ്രത്യയശാസ്ത്രത്തിന്റെ പേരിൽ മനുഷ്യന്റെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നതിനായി പ്രകൃതിയെ വീണ്ടുവിചാരമില്ലാത്ത ചൂഷണം ചെയ്യുക; അവിരാമമായ, കരുതലില്ലാത്ത, അനിയന്ത്രിതമായ വളർച്ചയെ ന്യായികരിക്കുന്ന തരത്തിലുള്ള ഒരു സാമ്പത്തിക തത്ത്വസംഹിത; പ്രപഞ്ചത്തിലെ മറ്റു ആവിഷ്കാരങ്ങളോട് കേവലം മനുഷ്യകേന്ദ്രികൃതം മാത്രമായ ഒരു വീക്ഷണഗതി; ഒട്ടും നൈതികമല്ലാത്ത ഒരുതരം സാമൂഹിക ഡാർവിനിസം (പ്രകൃതിനിർദ്ധാരണ ത്തിലൂടെയുള്ള പരിണാമം എന്ന ചാൾസ് ഡാർവിൻ്റെ സിദ്ധാന്തത്തെ സമൂഹത്തിലേക്ക് തെറ്റായി പ്രയോഗിക്കുന്നതാണ് സോഷ്യൽ ഡാർവിനിസം); ഇതെല്ലാമാണ് നിങ്ങൾ ഉദ്ദേശിക്കുന്ന ഭൗതികവാദമെങ്കിൽ, ഇത് ഒരിക്കലും ആത്മീയതയോട് സമരസപ്പെട്ടു പോകില്ല. ആത്മീയതയുടെ ധാർമ്മിമൂല്യങ്ങൾ ഇത്തരത്തിലുള്ള ഒരു ഭൗതികവാദസംഹിതയ്ക് പരസ്പരവിരുദ്ധവും, ഒരിക്കലും ഈവിധമായ വിവേകശൂന്യതയോട് പൊരുത്തപെടാത്തതുമാണ്. സുസ്ഥിരമായ നിലനിൽപ് ഇല്ലാത്ത, സാധൂകരണമില്ലാത്ത, ധാർമ്മികതയില്ലാത്ത ഈയൊരു ജീവിതശെെലിയോട് ആത്മീയമൂല്യങ്ങൾക്ക് ഒരിക്കലും ചേർന്നുപോകാനാകില്ല. എന്നാൽ, സ്വന്തം ശരീരത്തെ സ്നേഹിക്കുന്ന, അതിന്റെ ആരോഗ്യകരമായ സംരക്ഷണത്തിനുവേണ്ടി പ്രയത്‌നിക്കുന്ന, വൈകാരികമായ സമചിത്തതയോടെ വർത്തിക്കുന്ന, ധൈഷണീകമായ ഭാവസ്ഫുടതയുള്ള, സാമൂഹികമായ സംവേദനക്ഷമതയുള്ള, പ്രപഞ്ചസത്തയിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു മൂർത്തമായ ജീവസത്തയെയാണ് നിങ്ങൾ ഭൗതികവാദി എന്ന് വിവക്ഷിക്കുന്നതെങ്കിൽ; തീർച്ചയായും അങ്ങിനെയുള്ള ഒരു ജീവിതരീതി ആത്മീയജീവിതവുമായി ഇണങ്ങിപോകുന്നതു തന്നെയാണ്. പുരാതനഭാരതത്തിലെ ചാർവാകന്മാർ (ലോകായതം), പുരാതനഗ്രീസിലെ എപിക്യൂറിയൻമാർ ഇവരെല്ലാം മുകളിൽ പറഞ്ഞ രീതിയിൽ ഭൗതികവാദികൾ ആയിരുന്നു. ഭയമോ, വേദനയോ ഇല്ലാത്ത സുഖാനുഭവത്തെ കാംക്ഷിക്കുന്നവരും എന്നാൽ അതെ സമയത്തു തന്നെ ലളിതജീവിതത്തിന്റെ വക്താക്കളുമായിരുന്നു അവർ. അവരെ നമുക്ക് പാരമാർത്ഥിക വാദികൾ എന്ന് തന്നെ വിശേഷിപ്പിക്കാം. ആത്മീയചിന്താപദ്ധതികൾ, പ്രത്യേകിച്ച് ഹിന്ദുദർശനീകതയുടെ സാരസംഗ്രഹമായ അദ്വൈതവേദാന്തദർശനം ഒരിക്കലും ഒരു വസ്തുനിഷ്ഠ ഭൗതികലോകത്തിന്റെ ആസ്തിത്വത്തെ നിഷേധിക്കുന്നില്ല. അതുപോലെതന്നെ ആത്മീയജീവിതയാത്രയിൽ ഭൗതികശരീരത്തിന്റെ പ്രാധാന്യത്തെ അത് കാണാതിരിക്കുന്നുമില്ല. കാളിദാസൻ പറയുന്നു: “ശരീരമാദ്യം ഖലു ധർമ്മ സാധനം” – ഈ ശരീരം തന്നെയാണ് ധർമ്മം അനുഷ്ടിക്കാനുള്ള പ്രാഥമിക ഉപാധി. എന്നാൽ ഈ ശരീരത്തെ ഒരു സമഗ്രആവാസവ്യവസ്ഥയുടെ ഭാഗമാണെന്നും, പഞ്ചഭൂതാത്മകമാന്നെന്നും നാം മനസ്സിലാക്കണം. ആഹാരവും, ജലവും, പ്രാണനുമാണതിനെ നിലനിറുത്തുന്നത്. ഈ ശരീരത്തെ യോഗാനുഷ്ടാനങ്ങൾ കൊണ്ടും, പ്രാണായാമത്തിലൂടെയും പരിശീലിപ്പിച്ചു ചിട്ടപ്പെടുത്തിയെടുത്തു അതിനെ ധർമ്മ-അർത്ഥ-കാമ-മോക്ഷങ്ങൾക്ക് പ്രാപ്തമാക്കിയെടുക്കണം. ഈ ലോകം ഈശ്വരസൃഷ്ടിയാണ്, ദിവ്യമായ ഒരു ആവിഷ്കാരം; അല്ലാതെ ‘ജീവസൃഷ്ടിയല്ല’, കേവലമായ മനസ്സിന്റെ പ്രക്ഷേപമല്ല. ഈ ലോകം മനുഷ്യന് ആത്മസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്ന കർമ്മയോഗം അനുഷ്ഠിക്കുന്നതിന് അത്യാവശ്യമായ ഒരു രംഗഭൂമിയാണ്. അതുകൊണ്ട്തന്നെ, ഭൗതികവാദവും, ആത്മീയചിന്തയും ഒരുമിച്ചു പോകുന്നതുതന്നെയാണ്, അഥവാ, പോകേണ്ടതു തന്നെയാണ്.
