ഹഡില്‍ ഗ്ലോബല്‍ ഏജന്‍റിക് എഐ ഹാക്കത്തോണിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ഡിസംബര്‍ 12 മുതല്‍ 14 വരെ കോവളത്ത് സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2025 ന്‍റെ ഭാഗമായുള്ള പാന്‍ ഇന്ത്യന്‍ ഹാക്കത്തോണായ ‘ഹാക്ക് ഇമാജിന്‍ 2025’ ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അത്യാധുനിക എഐ പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ഇന്നൊവേറ്റര്‍മാര്‍, ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് ഹാക്കത്തോണിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ 12, 13 തീയതികളില്‍ ഹഡില്‍ ഗ്ലോബല്‍ വേദിയായ ദി ലീല റാവിസിലാണ് ഏജന്‍റിക് എഐ ഹാക്കത്തോണ്‍ നടക്കുക. ഓട്ടോണമസ് ഡിസിഷന്‍ മേക്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഇന്‍റലിജന്‍റ് കൊളാബറേഷന്‍ എന്നിവയ്ക്ക് കഴിവുള്ള എഐ ഏജന്‍റുമാരെ സൃഷ്ടിക്കുകയാണ് പങ്കെടുക്കുന്നവരുടെ വെല്ലുവിളി. ഉയര്‍ന്ന തീവ്രതയുള്ള 24 മണിക്കൂര്‍ ഇന്നൊവേഷന്‍ സ്പ്രിന്‍റ് ആയിട്ടാണ് ഹാക്കത്തോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ടീമുകള്‍ക്ക് ഹഡില്‍ ഗ്ലോബലിന്‍റെ നിക്ഷേപക ശൃംഖലയിലേക്ക് നേരിട്ട് പിച്ച് ചെയ്യാനുള്ള അവസരം ലഭിക്കും. ഇത് കെഎസ്‌യുഎം വഴി ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ്, ഫണ്ടിംഗ് പിന്തുണ എന്നിവയ്ക്ക് വഴിയൊരുക്കും. പങ്കാളിത്തം സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 7. രജിസ്ട്രേഷന്: huddleglobal.co.in/agentic-ai/. ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പ് കേരളത്തെ ശക്തമായ ഇന്നൊവേഷന്‍ മേഖലയുടെ പിന്തുണയോടെ ഉയര്‍ന്ന സാധ്യതയുള്ള ആഗോള സാങ്കേതിക കേന്ദ്രമായി പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, ഇന്നൊവേറ്റര്‍മാര്‍, നയരൂപകര്‍ത്താക്കള്‍, ചിന്തകര്‍ തുടങ്ങിയവരുടെ ഒത്തുചേരലായി പരിപാടി മാറും. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി മുന്‍കാല ഹഡില്‍ ഗ്ലോബല്‍ വേദികളില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, ആഗോള നിക്ഷേപകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബെല്‍ജിയം, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിനും ഹഡില്‍ ഗ്ലോബല്‍ വഴിയൊരുക്കി. നിര്‍മ്മിത ബുദ്ധി (എഐ), ഫിന്‍ടെക്, ബ്ലോക്ക് ചെയിന്‍, ഹെല്‍ത്ത്ടെക്, ലൈഫ് സയന്‍സസ്, ഓഗ്മെന്‍റഡ്/വെര്‍ച്വല്‍ റിയാലിറ്റി, സ്പേസ്ടെക്, ഇ-ഗവേണന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകള്‍ക്ക് ഹഡില്‍ ഗ്ലോബല്‍ പ്രാധാന്യം നല്‍കും. ഈ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച ആശയങ്ങള്‍ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചര്‍ച്ചകള്‍, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാധ്യതകള്‍ എന്നിവയെ കുറിച്ച് അറിയാനുള്ള അവസരവും ലഭിക്കും.
