പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ സ്വദേശി മുന്നേറ്റം

- മഹേഷ് ബെന്ദ്രെ, ഇക്വിറ്റി ഫണ്ട് മാനേജര്‍, എല്‍ഐസി മ്യൂച്വല്‍ ഫണ്ട്
ഒരുകാലത്ത് അനാകര്‍ഷകമെന്നോ പ്രയോജന രഹിതമെന്നോ കരുതപ്പെട്ടിരുന്ന പുതിയ അവസരങ്ങള്‍ ചിലപ്പോള്‍ യുദ്ധങ്ങള്‍ മൂലം സൃഷ്ടിക്കപ്പെടാറുണ്ട്. രാജ്യത്തിന്റെ ശേഷിയെക്കുറിച്ചും സാങ്കേതിക മകവിനെക്കുറിച്ചും അതിശയകരമായ പല അറിവുകളും അത് നല്‍കുന്നു. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ നിര്‍മ്മാണ വൈഭവം മികച്ച ഉദാഹരണമാണ്. പ്രതിരോധ രംഗത്ത് ആഭ്യന്തരമായി ഉപകരണങ്ങള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും നേരത്തേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമായത് വൈകിയാണ്. സംഘര്‍ഷങ്ങളുണ്ടാകുമ്പോഴാണ് ഏറ്റവും നവീനമായ സൈനിക സാങ്കേതിക വിദ്യയും, ഉല്‍പാദന സൗകര്യവും, സമയ ക്ലിപ്തതയോടെ അവ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും ബോധ്യപ്പെടുക. പരമ്പരാഗത ആയുധങ്ങളായ തോക്കുകള്‍, മിസൈലുകള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, യുദ്ധ വിമാനങ്ങള്‍ തുടങ്ങിയവ മുതല്‍ പുതുകാല യന്ത്രങ്ങളായ ഡ്രോണുകള്‍, ബഹിരാകാശ യാനങ്ങള്‍, റഡാറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ വരെ ഉള്‍പ്പെടുന്ന വിശാലമായ ഒരു മേഖലയാണത്. ഓപറേഷന്‍ സിന്ദൂറിന് തൊട്ടു പിന്നാലെ, ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച 1.05 ലക്ഷം കോടി രൂപയുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കി. ഇതോടെ ആഭ്യന്തര പ്രതിരോധ ഉല്‍പാദനം 1.46 ലക്ഷം കോടി രൂപയില്‍ എക്കാലത്തേയും വലിയ റിക്കാര്‍ഡിലേക്കുയര്‍ന്നു. പ്രാദേശിക തലത്തില്‍ പ്രതിരോധ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ മേഖല സജീവമാക്കാനുള്ള തീരുമാനം ഈ രംഗത്തെ മൊത്തത്തിലുള്ള ഉല്‍പാദനത്തെ നന്നായി സഹായിച്ചു. ഇങ്ങനെ നിര്‍മ്മിക്കപ്പെട്ട ഉല്‍പന്നങ്ങളില്‍ കവചിത റിക്കവറി വാഹനങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍, ഇന്റഗ്രേറ്റഡ് കോമണ്‍ ഇന്‍വെന്ററി മാനേജ്‌മെന്റ് സിസ്റ്റം, കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. നിര്‍ണ്ണായക സാങ്കേതിക മേഖലകളില്‍ സൈന്യത്തിന് സഹായകമാകും വിധം അതിവേഗം ഉപകരണങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയില്‍ ധാരാളം സ്വകാര്യ പങ്കാളികള്‍ ഇതിലൂടെ രംഗത്തു വരുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഇപ്പോള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തിലുള്ള മൂന്നു ഡസന്‍ കമ്പനികളങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ വലിയ തോതിലുള്ള പങ്കാളിത്തമാണ് ഓരോരുത്തരും ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 6.81 ലക്ഷം കോടി രൂപയാണ്. 2024-25 ബജറ്റിനെ അപേക്ഷിച്ച് ഇത് 9.5 ശതമാനം കൂടുതലാണ്. ഇതില്‍ 1.80 ലക്ഷം കോടി രൂപ മൂലധന വിഹിതമാണ്. 1.48 ലക്ഷം കോടി രൂപ മൂലധന സമാഹരണത്തിന് ചെലവിടും. ബാക്കി 32,000 കോടി രൂപ ഗവേഷണത്തിനും വികസനത്തിനുമുള്ളതാണ്. ഈ രണ്ടു മേഖലയിലും ആഭ്യന്തര കമ്പനികള്‍ക്ക് വലിയ പങ്കാളിത്തമുണ്ട്. ആഭ്യന്തരവല്‍ക്കരണത്തിനുള്ള സര്‍ക്കാര്‍ നയം പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ഈയിടെ പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ പ്രതിരോധ മേഖല വന്‍തോതിലുള്ള കുതിപ്പിലേക്കു നീങ്ങുകയാണ്. ആഭ്യന്തരവല്‍ക്കരണവും ശക്തമായ ഡിമാന്റുമാണ് കാരണം. 2025 സാമ്പത്തിക വര്‍ഷത്തോടെ പ്രതിരോധ ഉല്‍പാദനം 1.75 ലക്ഷം കോടി രൂപയാവുമെന്നു കണക്കാക്കിയിരുന്നു. 2029 ഓടെ ഇത് ഇത് 3 ലക്ഷം കോടി രൂപയാകാനാണ് സാധ്യത. ഇന്ത്യയുടെ വര്‍ഷാന്ത പ്രതിരോധ ഉല്‍പാദനം 1.27 ലക്ഷം കോടി രൂപ കടന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 1.75 ലക്ഷം കോടി രൂപയായി ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിരോധ ഉപകരണ നിര്‍മ്മാണരംഗത്തെ ആഗോള ഹബ് ആയിത്തീരുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള വലിയ കുതിപ്പായിരിക്കും ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിരോധ മന്ത്രാലയം 2.1 ലക്ഷം കോടി രൂപയ്ക്കുള്ള 193 കരാറുകളാണ് ഒപ്പിട്ടത്. എക്കാലത്തേയും വലിയ തുകയാണിത്. ഇതില്‍ 1.67 ലക്ഷം കോടി രൂപയ്ക്കുള്ള 177 കരാറുകള്‍ ആഭ്യന്തര പ്രതിരോധ വ്യവസായ രംഗത്തിനാണ് നല്‍കിയത്. രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന യന്ത്രോല്‍പാദന രംഗത്തെ വന്‍ മുന്നേറ്റത്തിന്റെ ഭാഗമാണിത്. ഒരു ദശാബ്ദമായി, സര്‍ക്കാര്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ ശക്തമായ ഊന്നല്‍ നല്‍കി വരികയായിരുന്നു. ലോകത്തിലെ മുന്‍നിര നിര്‍മ്മാണ കേന്ദ്രമാക്കി രാജ്യത്തെ മാറ്റാനും കയറ്റുമതി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഫലങ്ങള്‍ ഇപ്പോള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. 2025 മാര്‍ച്ചോടെ ഇന്ത്യയുടെ ഉപകരണ നിര്‍മ്മാണ മേഖല 16 വര്‍ഷത്തെ ഏറ്റവും കൂടിയ ഉയരത്തിലെത്തി. എച്ച്എസ്ബിസി മാനുഫാക്ചറിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് 59.1 ആയി ഉയര്‍ന്നു. ഉല്‍പാദനത്തിലെ ശക്തമായ വര്‍ധന, പുതിയ ഓര്‍ഡറുകള്‍, വിവിധ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങളുടെ വര്‍ധന എന്നീ ഘടകങ്ങളാണ് ആ വളര്‍ച്ചയിലേക്കു നയിച്ചത്. ഇപ്പോള്‍ ജിഡിപിയുടെ 12 ശതമാനം യന്ത്ര നിര്‍മ്മാണ മേഖലയാണ് സംഭാവന ചെയ്യുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടുകളോടെ ഇത് 23 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2014ല്‍ ആരംഭിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ഉല്‍പാദന വര്‍ധനയ്ക്ക് ആനുകൂല്യം നല്‍കുന്ന പിഎല്‍ഐ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ ഈ കുതിപ്പിന്റെ ചാലകങ്ങളായിത്തീരുമെന്നു കരുതപ്പെടുന്നു. പതിനാലു മേഖലകള്‍ക്കു ഗുണം ചെയ്യുന്ന പിഎല്‍ഐ പദ്ധതി ആഭ്യന്തര നിര്‍മ്മാണ രംഗത്തിന് വലിയ ഉണര്‍വു പകര്‍ന്നിട്ടുണ്ട്. ആഭ്യന്തര ഉല്‍പാദനം വര്‍ധിക്കാനും തൊഴില്‍ മേഖലകള്‍ വളരാനും കയറ്റുമതി വര്‍ധിപ്പിക്കാനും ഇതു മൂലം സാധിച്ചു. പിഎല്‍ഐ പദ്ധതികള്‍ കാരണം നിര്‍മ്മാണ മേഖലയില്‍ വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപം 14.45 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പതിറ്റാണ്ടിനേക്കാള്‍ 69 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 5 വര്‍ഷം മാത്രം വിദേശത്തു നിന്നു നേരിട്ടുള്ള മൊത്തം നിക്ഷേപം 33.58 ലക്ഷം കോടി രൂപയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മ്മാണം എന്നീ മേഖലകളില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. പിന്തള്ളപ്പെട്ട മേഖലകള്‍ക്കായി നയപരമായ മാറ്റങ്ങള്‍ വരുത്തുകയും കൂടുതല്‍ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗിക്കുന്നുണ്ട്. ഈ മേഖലകളെല്ലാം ചേര്‍ന്ന് രാജ്യത്ത് നിര്‍മ്മാണ മേഖലയില്‍ വലിയ തോതിലുള്ള വീണ്ടെടുപ്പ് സൃഷ്ടിക്കുമെന്ന് നിസ്സംശയം വിലയിരുത്താം. പ്രതിരോധ ഉപകരണ നിര്‍മ്മാണ മേഖലയിലെ സ്വകാര്യ പങ്കാളിത്തമാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്താനും ഡ്രോണ്‍ തുടങ്ങിയ നവീന യുദ്ധ ഉപകരണങ്ങള്‍ ആവശ്യാനുസരണം പരിഷ്‌കരിക്കാനും ഈ പങ്കാളിത്തം ആവശ്യമാണ്. ഈ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തം ആകര്‍ഷിക്കുന്നതിന് സ്റ്റാര്‍ട്ടപ് ഇന്ത്യ പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്. എല്ലാ പ്രധാന വ്യവസായ ഗ്രൂപ്പുകളും ഇപ്പോള്‍ പ്രതിരോധ മേഖലയ്ക്കാവശ്യമായ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിക്കുന്നു. ഈ രംഗത്ത് ഇവരുടെ സാന്നിധ്യം ശക്തമാണ്. രാജ്യത്തിന്റെ പ്രതിരോധ, നിര്‍മ്മാണ മേഖല ആകര്‍ഷകമായ നിക്ഷേപ രംഗമായിത്തീരുന്ന മാറ്റത്തിനാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഓഹരി നിക്ഷേപകര്‍ക്ക് വളര്‍ച്ചയും ലാഭവും ഉറപ്പു നല്‍കുന്ന ദീര്‍ഘകാല നിക്ഷേപ അവസരങ്ങളാണിവയെല്ലാം.