August 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

1 min read

മുംബൈ: ഉന്നതവിദ്യാഭ്യാസത്തിനായുള്ള വൈവിധ്യപൂര്‍ണ്ണമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ സ്‌കോളര്‍ഷിപ്പ് പദ്ധതി 2025-26 അക്കാഡമിക് വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. വികസിത ഭാരതമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന ചെയ്യുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും രാജ്യത്തെ 5100 മികച്ച ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള 226 വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നു. റിലയന്‍സ് ഫണ്ടേഷന്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 5,000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ബിരുദ (യുജി) കോഴ്‌സിന് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. എന്‍ജിനീയറിംഗ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയ തെരഞ്ഞെടുത്ത മേഖലകളിലെ 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് റിലയന്‍സ് ഫൗണ്ടേഷന്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായ പിന്തുണയും ഫണ്ടേഷന്‍ നല്‍കും. സമൂഹത്തിനായി വലിയ രീതിയില്‍, ഹരിത കാഴ്ച്ചപ്പാടോടെയും ഡിജിറ്റലായും ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളെ ഭാവിയിലെ നേതാക്കളായി വളര്‍ത്തിയെടുക്കുന്നതാണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ്. ആറ് ലക്ഷം രൂപയാണ് പിജി സ്‌കോളര്‍ഷിപ്പായി ലഭിക്കുക, മാത്രമല്ല ദേശീയ വികസനത്തിനും ആഗോള പുരോഗതിക്കും സഹായിക്കുന്ന തരത്തിലുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയും റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കും. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ചേര്‍ന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ യോഗ്യത. വിദഗ്ധരുടെ മെന്റര്‍ഷിപ്പ്, നേതൃത്വ, നൈപുണ്യ വികസന പരിശീലനങ്ങള്‍, സാമൂഹ്യ വികസനത്തില്‍ പങ്കാളികളാകാനുള്ള അവസരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. 2022 ഡിസംബറില്‍, ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാര്‍ഷിക വേളയില്‍, യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അതിന് ശേഷം ഓരോ വര്‍ഷവും 5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്. ഒരു രാജ്യത്തിന്റെ പുരോഗതി സാധ്യമാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം യുവതലമുറയില്‍ നിക്ഷേപിക്കുകയാണെന്ന റിലയന്‍സ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ കാഴ്ച്ചപ്പാടില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് റിലയന്‍സ് 29 വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നത്. ഇതുവരെ 28,000 സ്‌കോളര്‍ഷിപ്പുകളാണ് ഫൗണ്ടേഷന്‍ നല്‍കിയത്.

  'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ വിപണിയില്‍
Maintained By : Studio3