ഐടിഐകളുടെ നവീകരണത്തിനായി ദേശീയ പദ്ധതി

ന്യൂഡൽഹി : ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ പരിവർത്തനം വരുത്തുന്നതിനുള്ള ചുവടുവയ്പിന്റെ ഭാഗമായി , പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) നവീകരിക്കുന്നതിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും അംഗീകാരം നൽകി. 2024-25 ബജറ്റിലും 2025-26 ബജറ്റിലും പ്രഖ്യാപിച്ചതുപോലെ, 60,000 കോടി രൂപ (കേന്ദ്ര വിഹിതം: 30,000 കോടി രൂപ, സംസ്ഥാന വിഹിതം: 20,000 കോടി രൂപ, വ്യവസായ വിഹിതം: 10,000 കോടി രൂപ) അടങ്കലോടെ, നൈപുണ്യത്തിനായുള്ള അഞ്ച് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE) സ്ഥാപിക്കലും വ്യാവസായിക പരിശീലന സ്ഥാപനത്തിന്റെ (ഐടിഐ) നവീകരണവും വികസനവും ഉൾപ്പെടുന്നവ കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കും. ഇതിന് ഏഷ്യൻ വികസന ബാങ്കും ലോക ബാങ്കും കേന്ദ്ര വിഹിതത്തിന്റെ 50% ത്തിനു തുല്യമായ തുക സഹ-ധനസഹായവും നൽകും. ഹബ് ആൻഡ് സ്‌പോക്ക് ക്രമീകരണങ്ങളോടെ 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണം, വ്യവസായ അനുകൂലമായ നവീകരിച്ച ട്രേഡുകൾ, (കോഴ്‌സുകൾ) അഞ്ച് ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ (എൻഎസ്‌ടിഐകൾ) ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ഇതോടൊപ്പം ഈ സ്ഥാപനങ്ങളിൽ നൈപുണ്യത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും യാഥാർഥ്യമാക്കും. സംസ്ഥാന സർക്കാരുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച്, നിലവിലുള്ള ഐടിഐകളെ സർക്കാർ ഉടമസ്ഥതയിലുള്ളതും വ്യവസായങ്ങൾ നിയന്ത്രിക്കുന്നതുമായ വൈദഗ്ധ്യ അഭിലാഷ സ്ഥാപനങ്ങളായി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വർഷത്തെ കാലയളവിൽ, വ്യവസായങ്ങളുടെ മാനുഷിക മൂലധന ആവശ്യങ്ങൾ നിറവേറ്റുന്ന കോഴ്സുകളിലൂടെ 20 ലക്ഷം യുവാക്കളെ വൈദഗ്ധ്യമുള്ളവരാക്കും. പ്രാദേശിക തൊഴിൽ ശക്തി വിതരണവും വ്യവസായ ആവശ്യവും തമ്മിലുള്ള വിന്യാസം ഉറപ്പാക്കുന്നതിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും, അതുവഴി തൊഴിൽ-സജ്ജരായ തൊഴിലാളികളെ സ്വീകരിക്കാൻ എംഎസ്എംഇകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങളെ സഹായിക്കുകയും ചെയ്യും. മുൻകാലങ്ങളിൽ വിവിധ പദ്ധതികൾക്ക് കീഴിൽ നൽകിയിരുന്ന സാമ്പത്തിക സഹായം, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ പരിപാലനം, ശേഷി വികസനം, മൂലധന തീവ്രമായ നവയുഗ വ്യാപാരങ്ങൾ എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന നിക്ഷേപ ആവശ്യകതകൾ പരിഹരിക്കുക എന്നിവയിൽ, ഐടിഐകളുടെ പൂർണ്ണമായ നവീകരണ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമല്ലായിരുന്നു. ഇത് മറികടക്കാൻ, നിർദ്ദിഷ്ട പദ്ധതിയുടെ കീഴിൽ ആവശ്യകത അടിസ്ഥാനമാക്കിയുള്ള നിക്ഷേപ വ്യവസ്ഥ നിലനിർത്തിയിട്ടുണ്ട്. ഇത് ഓരോ സ്ഥാപനത്തിന്റെയും പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ, ശേഷി, വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യകതകൾ എന്നിവയെ അടിസ്ഥാനമാക്കി ഫണ്ട് വിഹിതത്തിൽ വഴക്കം അനുവദിക്കുന്നു. ആദ്യമായി, ഐടിഐ നവീകരണത്തിന്റെ ആസൂത്രണത്തിലും മാനേജ്മെന്റിലും സുസ്ഥിരമായ അടിസ്ഥാനത്തിൽ ആഴത്തിലുള്ള വ്യവസായ ബന്ധം സ്ഥാപിക്കാൻ പദ്ധതി ശ്രമിക്കുന്നു. ഐടിഐ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള മുൻ ശ്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫലത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നടപ്പാക്കൽ തന്ത്രത്തിനായി വ്യവസായ നേതൃത്വത്തിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) മാതൃക ഈ പദ്ധതി സ്വീകരിക്കും. ഈ പദ്ധതി പ്രകാരം, ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ്, കാൺപൂർ, ലുധിയാന എന്നീ അഞ്ച് ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങളിൽ (എൻഎസ്‌ടിഐ) പരിശീലകരുടെ പരിശീലന (ടിഒടി) സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കും. കൂടാതെ, 50,000 പരിശീലകർക്ക് പ്രീ-സർവീസ്, ഇൻ-സർവീസ് പരിശീലനം നൽകും. അടിസ്ഥാന സൗകര്യങ്ങൾ, കോഴ്‌സിന്റെ പ്രസക്തി, തൊഴിൽ സാധ്യത, തൊഴിൽ പരിശീലനത്തെക്കുറിച്ചുള്ള ധാരണ എന്നിവയിലെ ദീർഘകാല വെല്ലുവിളികൾ പരിഹരിക്കുന്നതിലൂടെ, ആഗോള ഉൽപ്പാദന, നവീകരണ ശക്തികേന്ദ്രമായി മാറുന്നതിനുള്ള രാജ്യത്തിന്റെ യാത്രയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ ആവശ്യകത നിറവേറ്റുന്നതിനായി ഐടിഐകളെ മുൻപന്തിയിൽ നിർത്തുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വ്യവസായ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ഒരു സ്രോതസ്സ് ഇത് സൃഷ്ടിക്കും, അതുവഴി ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, പുനരുപയോഗ ഊർജ്ജം തുടങ്ങിയ ഉയർന്ന വളർച്ചയുള്ള മേഖലകളിലെ നൈപുണ്യ ക്ഷാമം പരിഹരിക്കും. ചുരുക്കത്തിൽ, നിലവിലുള്ളതും ഭാവിയിലുണ്ടായേക്കാവുന്നതുമായ വ്യവസായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു പ്രധാന ഘടകമായി വൈദഗ്ദ്ധ്യത്തെ കണക്കാക്കുന്ന പ്രധാനമന്ത്രിയുടെ ‘വികസിത ഭാരത’ ദർശനവുമായി നിർദ്ദിഷ്ട പദ്ധതി യോജിക്കുന്നു. 1950 മുതൽ സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന സ്ഥാപനങ്ങളാണ് (ഐടിഐകൾ) ഇന്ത്യയിലെ തൊഴിൽ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും നട്ടെല്ല്. 2014 മുതൽ ഐടിഐ ശൃംഖല ഏകദേശം 47% വർദ്ധിച്ചു. 14.40 ലക്ഷം വിദ്യാർത്ഥികളുമായി 14,615 എണ്ണത്തിൽ എത്തിയിട്ടുണ്ടെങ്കിലും, ഐടിഐകൾ വഴിയുള്ള തൊഴിൽ പരിശീലനം ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്. കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആകർഷകമാക്കുന്നതിനുമുള്ള വ്യവസ്ഥാപിത ഇടപെടലുകളുടെ അഭാവവും ഇവയെ ബാധിച്ചിട്ടുണ്ട്.