Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ച് വികസന പദ്ധതി ഒന്നാംഘട്ട ഉദ്ഘാടനം

1 min read

കണ്ണൂര്‍: സംസ്ഥാനത്തെ ബീച്ച് ടൂറിസം വികസനത്തിന് കുതിപ്പേകി ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനം നാളെ (മേയ് 4) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കേരളത്തിന്‍റെ ബീച്ച് ടൂറിസം വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ച് സമഗ്ര വികസന പദ്ധതി. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജനപ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ബീച്ച് ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ചുകളുടെ വികസനം സാധ്യമാക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിന്‍റെ വികസനത്തിലൂടെ കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും ബീച്ച് ടൂറിസം വികസനത്തിന് ഉണര്‍വേകും. ഈ പ്രദേശത്തേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശികമായ ടൂറിസം വികസനത്തിന് ഇത് നിര്‍ണായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ചിന്‍റെ സമഗ്ര വികസനം’ എന്ന പദ്ധതിക്ക് 233.71 കോടി രൂപയുടെ തത്വത്തില്‍ ഭരണാനുമതി 2019 ലാണ് നല്‍കിയത്. മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗമാണ് പദ്ധതിക്കുള്ളത്.
മുഴപ്പിലങ്ങാട് ബീച്ചിന്‍റെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാത ഓര്‍ഗനൈസ്ഡ് ഡ്രൈവ് ഇന്‍ ആക്ടിവിറ്റികള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ നല്‍കുന്നു. നടത്തത്തിനായി കടല്‍തീരത്തു നിന്നും ഉയരത്തിലായി പൈലുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. സ്വാഭാവിക ഭംഗിയുള്ള ബീച്ചിലെ പുല്‍മേടുകള്‍, മരങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവ ഏറെ ആകര്‍ഷണീയമാണ്. വിശാലമായ നടപ്പാത, ആകര്‍ഷണീയമായ ബീച്ച് ഫ്രണ്ട് പരിസരം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ടോയ് ലറ്റുകള്‍, കിയോസ്കുകള്‍, അലങ്കാരലൈറ്റുകള്‍, ഷെയ്ഡ് സ്ട്രക്ചര്‍, ശില്‍പങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

  കൊറോണ റെമഡീസ് ഐപിഒയ്ക്ക്
Maintained By : Studio3