Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘പാറ്റ’ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്

1 min read

തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2023 ലെ ഗോള്‍ഡ് പുരസ്കാരം കേരള ടൂറിസത്തിന്. മാര്‍ക്കറ്റിംഗ് കാമ്പയിന്‍ (സ്റ്റേറ്റ് ആന്‍ഡ് സിറ്റി-ഗ്ലോബല്‍) വിഭാഗത്തിലാണ് പുരസ്കാരം. ‘പാറ്റ ട്രാവല്‍ മാര്‍ട്ട് -2023’ ന്‍റെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തെ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ (ഐഇസിസി) വച്ച് അവാര്‍ഡ് സമ്മാനിക്കും. കോവിഡിന് ശേഷം ടൂറിസം മേഖലയിലേക്ക് ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേരളത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ചടി, റേഡിയോ, വിഷ്വല്‍, ഒഒഎച്ച്, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, വെബ് പോര്‍ട്ടല്‍ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെയായിരുന്നു കാമ്പയിന്‍.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

കോവിഡിനു ശേഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസം നടപ്പാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച മികച്ച അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ‘നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കുക, കേരളത്തിലേക്ക് വരിക’ എന്ന ആശയത്തിലുള്ള പ്രചാരണം ലളിതവും നൂതനവുമായിരുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നായ കേരളത്തിലേക്ക് വരാന്‍ സഞ്ചാരികളെ പ്രേരിപ്പിച്ചു. കേരളത്തിന്‍റെ ആകര്‍ഷകമായ പ്രകൃതിഭംഗിയില്‍ അവധിക്കാലം ചെലവിടാനും സാഹസിക വിനോദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും ക്ഷണിച്ചുകൊണ്ടുള്ള കാമ്പയിന് ചെറുപ്പക്കാരെ ആകര്‍ഷിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

വിനോദസഞ്ചാരികളുടെ വരവ് ഉറപ്പാക്കുന്നതില്‍ കാമ്പയിന്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷം പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനിടയുണ്ടെന്നും ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. ആഭ്യന്തര സഞ്ചാരികള്‍ വര്‍ധിച്ചതിനൊപ്പം ലോകമെമ്പാടുമുള്ള കേരളത്തിന്‍റെ പ്രധാന ടൂറിസം വിപണികളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണവും ക്രമാനുഗതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പുരസ്കാര നേട്ടമെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സാഹസിക വിനോദത്തില്‍ ഏര്‍പ്പെടുന്ന യുവദമ്പതികള്‍, സ്കേറ്റ്ബോര്‍ഡില്‍ ഗ്രാമീണ റോഡിലൂടെ പോകുന്ന പെണ്‍കുട്ടി, റോഡരികിലെ കടയില്‍ ചായ കുടിക്കുന്ന സഞ്ചാരികള്‍, മലയോരത്തെ ശാന്തമായ പ്രകൃതി ആസ്വദിക്കുന്ന കുടുംബം എന്നിവയടങ്ങിയ കേരള ടൂറിസത്തിന്‍റെ പ്രമോഷന്‍ വീഡിയോ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമായി. ഇത് കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിനെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍. ഏഷ്യ-പസഫിക് മേഖലയിലെ ട്രാവല്‍ വ്യവസായത്തില്‍ നിന്നുള്ള മികച്ച സംഭാവനകള്‍ക്ക് ഗ്രാന്‍ഡ് ആന്‍ഡ് ഗോള്‍ഡ് അവാര്‍ഡുകള്‍ നല്‍കുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.

  ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ്
Maintained By : Studio3