വനിതാ സംരംഭകര്‍ക്കായി കെഎസ് യുഎമ്മിന്‍റെ ഷി ലവ്സ് ടെക് 2022 ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് മത്സരം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഷി ലവ്സ് ടെക്കും (എസ്എല്‍ടി) സംയുക്തമായി സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരംഭകര്‍ക്കായി ‘ഷി ലവ്സ് ടെക് 2022 ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് മത്സരം’ സംഘടിപ്പിക്കുന്നു. വനിതാ സംരംഭകര്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മത്സരമാണിത്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അഞ്ച് മില്യണ്‍ യുഎസ് ഡോളറിനു താഴെ മൂല്യമുള്ള സാങ്കേതിക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തുടക്കക്കാരായ സംരംഭകരായിരിക്കണം.
ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി മത്സരം സംഘടിപ്പിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മെന്‍റര്‍ഷിപ്പ് പ്രോഗ്രാം നടത്തും. സെപ്റ്റംബര്‍ 23 ന് ‘ഷി ലവ്സ് ടെക് ഇന്ത്യ’ എന്ന പേരില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള മത്സരത്തില്‍ പങ്കെടുക്കാം. വനിതാ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം ലഭ്യമാകുന്ന ആഗോള പ്ലാറ്റ് ഫോമാണ് ഷി ലവ്സ് ടെക്. മികച്ച വനിതാ സംരംഭകരെ കണ്ടെത്താനും അവരുടെ സംരംഭങ്ങളെ മുന്നോട്ടു കൊണ്ടുവരാനും ഷി ലവ്സ് ടെക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://womenstartupsummit.com/shelovestech/.